അടിച്ചു തകര്‍ത്ത് മുന്നേറിയ ലങ്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍; കൊല്‍ക്കത്തയില്‍ ഇന്ത്യക്ക് 216 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Jan 12, 2023, 4:42 PM IST
Highlights

ലങ്കന്‍ ബാറ്റര്‍മാരായ നുവാനിഡു ഫെര്‍ണാണ്ടോക്കും കുശാല്‍ മെന്‍ഡിസിനും വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് കഴിഞ്ഞില്ല.ഉമ്രാന്‍ മാലിക്കിനെ ആദ്യ ഓവറില്‍ തന്നെ 14 റണ്‍സടിച്ച് ടോപ് ഗിയറിലായ നുവാനിഡുവും കുശാലും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ലങ്കയെ പതിനാറാം ഓവറില്‍ 100 കടത്തി മികച്ച സ്കോറിനുള്ള അടിത്തറയിട്ടു.

കൊല്‍ക്കത്ത: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 216 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മികച്ച തുടക്കത്തിനുശേഷം 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. 50 റണ്‍സെടുത്ത നുവാനിഡു ഫെര്‍ണാണ്ടോ ആണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവ് മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ ഉമ്രാന്‍ മാലിക്ക് രണ്ട് വിക്കറ്റെടുത്തു.

നല്ല തുടക്കം പിന്നെ കൂട്ടത്തകര്‍ച്ച

ടോസ് നേടി ക്രീസിലിറങ്ങിയ ലങ്കക്ക് ഓപ്പണര്‍മാരായ ആവിഷ്ക ഫെര്‍ണാണ്ടോയും(20) നുവാനിഡു ഫെര്‍ണാണ്ടോയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ആറാം ഓവറില്‍ ആവിഷ്കയെ ബൗള്‍ഡാക്കി മുഹമ്മദ് സിറാജാണ് ലങ്കയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ പിന്നീട് ലങ്കന്‍ ബാറ്റര്‍മാരായ നുവാനിഡു ഫെര്‍ണാണ്ടോക്കും കുശാല്‍ മെന്‍ഡിസിനും വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് കഴിഞ്ഞില്ല.ഉമ്രാന്‍ മാലിക്കിനെ ആദ്യ ഓവറില്‍ തന്നെ 14 റണ്‍സടിച്ച് ടോപ് ഗിയറിലായ നുവാനിഡുവും കുശാലും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ലങ്കയെ പതിനാറാം ഓവറില്‍ 100 കടത്തി മികച്ച സ്കോറിനുള്ള അടിത്തറയിട്ടു.

പതിനേഴാം ഓവറില്‍ 102-1 എന്ന മികച്ച നിലയിലായിരുന്ന ലങ്കയെ വരിഞ്ഞുകെട്ടാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്പിന്നര്‍മാരെ രംഗത്തിറക്കിയതോടെയാണ് കളി മാറിയത്. ചാഹലിന് പകരം ടീമിലെത്തി കുല്‍ദീപ് യാദവ് തന്‍റെ ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ(34) വിക്കറ്റിന് മുന്നില്‍ കുടുക്കി ലങ്കന്‍ തകര്‍ച്ചക്ക് തുടക്കമിട്ടു. പിന്നാലെ ധന‍ഞ്ജയ ഡിസില്‍വയെ(0) അക്സര്‍  ഗോള്‍ഡന്‍ ഡക്കാക്കിയതിന് പിന്നാലെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി നുവാനിഡു റണ്‍ ഔട്ടായി.

അവന്‍ പുറത്താവാന്‍ പുതിയ വഴികള്‍ തേടുന്നു; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അസ്ഹറുദ്ദീന്‍

ചരിത് അസലങ്കയെയും(15), കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയെയും)2) കുല്‍ദീപ് വീഴ്ത്തി. പ്രത്യാക്രമണത്തിലൂടെ റണ്‍സ് നേടാന്‍ ശ്രമിച്ച വാനിന്ദു ഹസരങ്കയെയും(21), ചമിക കരുണരത്നെയും(17) ഉമ്രാന്‍ മാലിക് മടക്കുകയും ചെയ്തതോടെ ലങ്ക 177-8ലേക്ക് വീണു. വാലറ്റത്ത് കസുന്‍ രജിയതയും(17), വെല്ലാലഗെയും(32) നടത്തിയ പോരാട്ടം ലങ്കയെ 200 കടത്തിയെങ്കിലും 40-ാം ഓവറില്‍ രണ്ട് വിക്കറ്റെടുത്ത് സിറാജ് ലങ്കന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

ഇന്ത്യക്കായി സിറാജ് 5.4 ഓവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് 10 ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ഏഴോവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ഉമ്രാന്‍ രണ്ട് വിക്കറ്റെടുത്തത്. അഞ്ചോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയ അക്സര്‍ പട്ടേലും ഒരു വിക്കറ്റെടുത്തു.

click me!