കൊളംബോ ടെസ്റ്റ്: പ്രസിദ്ധിന് മൂന്ന് വിക്കറ്റ്; ഇന്ത്യക്കെതിരെ ഫോളോഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു

Published : Aug 25, 2026, 01:19 PM IST
prasidh krishna

Synopsis

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ 503 റൺസിനെതിരെ ബാറ്റിംഗിനിറങ്ങിയ ലങ്ക, മൂന്നാം ദിനം ലഞ്ചിന് 130/4 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയുടെ ബോളിംഗിന് മുന്നിൽ പതറിയ ലങ്ക ഫോളോഓൺ ഭീഷണിയിലാണ്.

കൊളംബോ: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 503നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 130 എന്ന നിലയിലാണ്. ഇപ്പോഴും 373 റണ്‍സ് പിറകിലാണ് ശ്രീലങ്ക. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനിയും 173 റണ്‍സ് കൂടി വേണം. പസിന്ദു സൂര്യബന്ദാര (65), ധനഞ്ജയ ഡിസില്‍വ (4) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഇന്ത്യ ഒമ്പതിന് 503 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (പുറത്താവാതെ 115), ദേവ്ദത്ത് പടിക്കല്‍ (117) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ലാഹിരു ഉഡാര (1), പ്രഭാത് ജയസൂര്യ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ നഷ്ടമായത്. ഇന്ന് കാമില്‍ മിഷാര (19), കാമിന്ദു മെന്‍ഡിസ് (32) എന്നിവരെ പ്രസിദ്ധ് കൃഷ്ണ തിരിച്ചയച്ചു. രണ്ടാം ദിനം തുടക്കത്തിലെ സാരാന്‍ഷ് ജെയിനിന്റെ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ എളുപ്പം ഓള്‍ ഔട്ടാക്കാമെന്ന ലങ്കന്‍ തന്ത്രങ്ങള്‍ ധ്രൂവ് ജുറെലും റിഷഭ് പന്തും ചേര്‍ന്ന് തല്ലിതകര്‍ക്കുകയായിരുന്നു. ആദ്യ ദിനം പരിക്കുമൂലം റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങിയ റിഷഭ് പന്ത് ജുറെലിനൊപ്പം ക്രീസിലുറച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.

രണ്ടാം ദിനം ശ്രീലങ്കന്‍ പേസര്‍മാര്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ പരീക്ഷിച്ചെങ്കിലും പ്രഭാത് ജയസൂര്യ അടക്കമുള്ള സ്പിന്നര്‍മാര്‍ക്ക് യാതൊരു സ്വാധീനവും ചെലുത്താനാവാഞ്ഞത് ശ്രീലങ്കക്ക് തിരിച്ചടിയായി. ആദ്യ സെഷനില്‍ സാരാന്‍ഷ് ജെയിനിന്റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പന്തും ജുറെലും ചേര്‍ന്ന് 419 റണ്‍സിലെത്തിച്ചിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ പന്ത് പുറത്തായെങ്കിലും മാനവ് സുതാറിനെ കൂട്ടുപിടിച്ച് ജുറെല്‍ ഇന്ത്യയെ 450 കടത്തി.

സുതാര്‍ മടങ്ങിയശേഷം സിറാജിനെ കൂട്ടുപിടിച്ച് ജുറെല്‍ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. 171 പന്തിലാണ് ജുറെല്‍ സെഞ്ചുറി തികച്ചത്. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും പ്രഭാത് ജയസൂര്യ, കെഷാര നുവാന്ത എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.രണ്ട് മത്സര പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവര്‍ അവന്‍റെ ആത്മവിശ്വാസം തകർത്തു'; ഗൗതം ഗംഭീറിനെയും ടീം മാനേജ്‌മെന്റിനെയും വിമർശിച്ച് ശ്രീകാന്ത്
രോഹിത് വീണ്ടും മുംബൈ ഇന്ത്യൻസ് നായകനായേക്കും; ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം യശസ്വി ജയ്‌സ്വാൾ മുംബൈയിലേക്ക്?