ന്യൂസിലൻഡിനെതിരായ ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ ഇന്ത്യൻ പേസർ ആകാശ് ദീപിന് പരിക്ക്. കെയ്ൽ ജെയിമിസണിന്റെ പന്ത് ഹെൽമെറ്റിൽ കൊണ്ടതിനെ തുടർന്ന് കൺകഷൻ സബ്സ്റ്റ്യൂട്ടായി പ്രസിദ്ധ് കൃഷ്ണയെ പകരം ഉൾപ്പെടുത്തി.

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ക്രൈസ്റ്റ്ചർച്ച് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി പേസര്‍ ആകാശ്‌ദീപിന്‍റെ പരിക്ക്. മൂന്നാം ദിവസം ആദ്യ സെഷനിൽ ബാറ്റിംഗിനിടെ കെയ്ൽ ജെയിമിസണിന്‍റെ പന്ത് ആകാശ്‌ദീപിന്‍റെ ഹെൽമെറ്റിൽ കൊണ്ടതിനെ തുടർന്ന് കണ്‍കഷൻ സബ്സ്റ്റ്യൂട്ടായി പ്രസിദ്ധ് കൃഷ്ണയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ന്യൂസിലൻഡിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 99 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ആകാശ്‌ദീപിന്‍റെ അഭാവം രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് 110 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിരുന്നു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ 53-ാം ഓവറിൽ കൈൽ ജെയിമിസൺ എറിഞ്ഞ പന്തുകളാണ് ആകാശ്‌ദീപിന്‍റെ ഹെൽമെറ്റിൽ കൊണ്ടത്. ഷോർട്ട് ബോളിൽ ടോപ്പ് എഡ്ജ് കൊണ്ട പന്ത് ആദ്യം ഹെൽമെറ്റിൽ തട്ടി. ഫിസിയോ പരിശോധനയ്ക്ക് ശേഷം ആകാശിന് കളിക്കാൻ അനുമതി ലഭിച്ചെങ്കിലും, നാല് പന്തുകൾക്ക് ശേഷം വീണ്ടും ഹെൽമെറ്റിൽ പന്ത് കൊണ്ടു. മറ്റൊരു ഷോർട്ട് ബോൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പന്ത് ഹെല്‍മെറ്റില്‍ കൊണ്ടത്. തുടര്‍ന്ന് വീണ്ടും കണ്‍കഷൻ പരിശോധന നടത്തേണ്ടി വന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തുടർന്ന് ബാറ്റിംഗ് തുടർന്ന ആകാശ്, ധ്രുവ് ജുറലിനൊപ്പം എട്ടാം വിക്കറ്റിൽ 46 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കുകയും 52 പന്തിൽ 29 റൺസ് നേടുകയും ചെയ്തു. എന്നാൽ രണ്ടാം സെഷനിൽ ഇന്ത്യ ഓൾ ഔട്ടായ ശേഷം ആകാശ് ഫീൽഡിംഗിനിറങ്ങിയില്ല. പകരം പ്രസിദ്ധ് കൃഷ്ണയെ കൺകഷൻ സബ്സ്റ്റിസ്റ്റ്യൂട്ടായി ഉൾപ്പെടുത്തുകയായിരുന്നു. ആകാശിനെ മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. 116-6 എന്ന സ്കോറിൽ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്കായി വാലറ്റത്തിനൊപ്പം പൊരുതി 88 റൺസ് നേടി ടോപ് സ്കോററായ ധ്രുവ് ജുറെലാണ് പൊരുതിയത്. അന്‍ഷുല്‍ കാംബോജ് പൂജ്യത്തിന് മടങ്ങിയെങ്കിലും ആകാശ്‌ദീപിനൊപ്പം ഗുര്‍നൂര്‍ ബ്രാര്‍(10), ജസ്പ്രീത് ബുംറ(4) എന്നിവരും ജുറെലിന് പിന്തുണ നല്‍കി. കിവീസിനായി കെയ്ൽ ജെയിമിസൺ നാലു വിക്കറ്റെടുത്തു.

YouTube video player