
ഗോള്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ശ്രീലങ്ക മികച്ച നിലയില്‍. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 364 റണ്‍സില്‍ അവസാനിപ്പിച്ച ലങ്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെന്ന മികച്ച സ്കോറിലാണ്. 84 റണ്‍സുമായി കുശാല്‍ മെന്‍ഡിസും ആറ് റണ്‍സോടെ എയ്ഞ്ചലോ മാത്യൂസും ക്രീസില്‍. എട്ട് വിക്കറ്റ് ശേഷിക്കെ ഓസീസ് സ്കോറിനെക്കാള്‍ 180 റണ്‍സ് പിന്നിലാണിപ്പോള്‍ ശ്രീലങ്ക.
കറക്കി വീഴ്ത്തി, പിന്നെ അടിച്ചുപറത്തി
298-5 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസീസ് വലിയ സ്കോര്‍ സ്വപ്നം കണ്ടെങ്കിലും ആറ് വിക്കറ്റ് വീഴ്ത്തി ഇടംകൈയന്‍ സ്പിന്നര്‍ പ്രഭാത് ജയസൂര്യയുടെ മികവിന് മുന്നില്‍ ഓസീസ് തകര്‍ന്നടിഞ്ഞു. ആദ്യ ദിനം സെഞ്ചുറിയുമായി ക്രീസില്‍ നിന്ന സ്റ്റീവ് സ്മിത്ത് 145 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും അലക്സ് ക്യാരി(28) ഒഴികെ മറ്റാര്‍ക്കും പിന്തുണ നല്‍കാനായില്ല. 329-5 എന്ന മികച്ച നിലയില്‍ നിന്നാണ് അവസാന അഞ്ച് വിക്കറ്റുകള്‍ 35 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക്(1), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്(5), നഥാന്‍ ലിയോണ്‍(5), സ്വേപ്സണ്‍(3) എന്നിവരെല്ലാം എളുപ്പത്തില്‍ മടങ്ങിയതോടെ ഓസീസ് സ്കോര്‍ 364ല്‍ ഒതുങ്ങി.
ടി20 ലോകകപ്പിനുശേഷം ഓസീസ് ടീമില്‍ കൂട്ടവിരമിക്കലെന്ന് സൂചന നല്‍കി ആരോണ്‍ ഫിഞ്ച്
മറുപടി ബാറ്റിംഗ് തുടങ്ങിയ ലങ്കക്ക് തുടക്കത്തിലെ ഓപ്പണര്‍ പാതും നിസങ്കയെ(6) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 150 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയും(86), കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് ലങ്കയെ കരകയറ്റി. രണ്ടാം ദിനം കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് കരുണരത്നെയെ മടക്കി സ്വേപ്സണാണ് കൂട്ടുകെട്ട് പൊളിച്ചത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചിരുന്നു.