മുഖ്യ പരിശീലകനല്ല, ശ്രീധരന്‍ ശ്രീറാം ബംഗ്ലാദേശിന്‍റെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റ്

By Gopala krishnanFirst Published Aug 19, 2022, 5:23 PM IST
Highlights

ഓസ്ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പ് വരെ ശ്രീറാമിനെ മുഖ്യ പരിശീലകനായി നിയമിച്ചുവെന്ന് ബംഗ്ലാദേശി മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഷ്യാ കപ്പും ടി20 ലോകകപ്പുമായിരിക്കും ശ്രീറാമിന്‍റെ ആദ്യ ചുമതലകളെന്നും പാപ്പോണ്‍ പറഞ്ഞു.

ധാക്ക: ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ശ്രീധരന്‍ ശ്രീറാമിനെ നിയമിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ശ്രീറാമിനെ മുഖ്യ പരിശീലകനായല്ല ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റായാണ് നിയമിച്ചതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് നസ്മുള്‍ ഹസന്‍ പാപ്പോണിനെ ഉദ്ധരിച്ച് ഹിന്ദു സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓസ്ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പ് വരെ ശ്രീറാമിനെ മുഖ്യ പരിശീലകനായി നിയമിച്ചുവെന്ന് ബംഗ്ലാദേശി മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഷ്യാ കപ്പും ടി20 ലോകകപ്പുമായിരിക്കും ശ്രീറാമിന്‍റെ ആദ്യ ചുമതലകളെന്നും പാപ്പോണ്‍ പറഞ്ഞു.

2000 മുതല്‍ 2004വരെയുള്ള കാലയളവില്‍ ഇന്ത്യക്കായി എട്ട് ഏകദിനങ്ങളില്‍ കളിച്ച ശ്രീറാം ആദ്യം ഓസ്ട്രേലിയന്‍ സീനിയര്‍ ടീമിന്‍റെ അസിസ്റ്റന്‍റ് സ്പിന്‍ ബൗളിംഗ് പരിശീലകനായാണ് പരിശീക കരിയര്‍ തുടങ്ങിയത്. പിന്നീട് ആറ് വര്‍ഷത്തോളം ഡാരന്‍ ലെമാന് കീഴില്‍ ഓസീസ് ടീമിന്‍റെ മുഖ്യ സ്പിന്‍ പരിശീലകനായി.

സിഎസ്‌കെ വിടാന്‍ രവീന്ദ്ര ജഡേജ, അടുത്ത പാളയം മുംബൈ ഇന്ത്യൻസ്? മറ്റ് ചില ടീമുകള്‍ക്കും സാധ്യത

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു ശ്രീറാം. ദക്ഷിണാഫ്രിക്കക്കാരനായ റസല്‍ ഡൊമിങ്കോ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളുടെ മുഖ്യ പരിശീലകനായി തുടരുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ ടീമിനൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഓസ്ട്രേലിയയിലെ സാഹചര്യങ്ങളെക്കുറിച്ച് ശ്രീറാമിന് വ്യക്തമായ ധാരണയുണ്ടാകുമെന്നും ലോകകപ്പില്‍ ഇത് ടീമിനും കളിക്കാര്‍ക്കും ഗുണകരമാകുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഈ മാസം 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ബംഗ്ലാദേശ്.

click me!