
ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ കുൽദീപ് യാദവിനെ ഒഴിവാക്കിയ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെയും ടീം മാനേജ്‌മെന്‍റിന്‍റെയും ഇത്തരം നിലപാടുകൾ കുൽദീപിന്‍റെ ആത്മവിശ്വാസം തകർക്കുന്നതാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.
റാഞ്ചിയിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ 249 റൺസ് അടിച്ചുകൂട്ടിയിട്ടും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ആ മത്സരത്തിൽ നാല് ഓവറിൽ 53 റൺസ് വഴങ്ങിയ കുൽദീപിനെ തുടർന്ന് ഇൻഡോറിലെ മൂന്നാം മത്സരത്തിൽ നിന്ന് ഒഴിവാക്കുകയും പകരം യുവ പേസർ പ്രിൻസ് യാദവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുകയുമായിരുന്നു. പ്രിൻസ് യാദവിനെയും മയാങ്ക് യാദവിനെയും പോലുള്ള യുവതാരങ്ങളെ വളർത്തിയെടുക്കുന്നത് നല്ല കാര്യമാണെങ്കിലും, ഒരു മത്സരത്തിൽ റൺസ് വഴങ്ങി എന്ന കാരണം കൊണ്ട് മാത്രം കുൽദീപിനെപ്പോലൊരു ലോകോത്തര സ്പിന്നറെ പുറത്തിരുത്തിയത് ശരിയായ നടപടിയല്ലെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. എത്രകാലം ബുംറയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു.
രണ്ടാം ടി20യിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനത്തെയും ശ്രീകാന്ത് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. 249 റൺസ് നേടിയിട്ടും വെസ്റ്റ് ഇൻഡീസിനോട് തോറ്റത് അംഗീകരിക്കാനാവില്ലെന്നും വിൻഡീസ് ബൗളിംഗ് നിര വളരെ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. റോസ്റ്റൺ ചേസിനെപ്പോലുള്ള താൽക്കാലിക ബൗളർമാരെ വെച്ചാണ് അവർ പന്തെറിയുന്നത്. അത്തരം ബൗളർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ വിക്കറ്റ് ദാനം ചെയ്യുകയാണ്. അഭിഷേക് ശർമ്മ റൺസ് അടിച്ചാൽ മാത്രം ജയിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയുടെ മധ്യനിര മാറിയതായും തന്‍റെ യൂട്യൂബ് ചാനലായ 'ചീക്കി ചീകാ'യിലൂടെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
മൂന്നാം മത്സരത്തിൽ 14 റൺസിന്‍റെ ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1 ന് മുന്നിലെത്തിയിരുന്നു. പരമ്പരയിലെ നാലാം മത്സരം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് ബുധനാഴ്ച നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!