ദുലീപ്‌ ട്രോഫി ഫൈനലില്‍ സൂര്യവംശി കളിക്കുമോ? തന്റെ ഭാര്യ കാത്തിരിക്കുന്നത്‌ സൂര്യവംശിയുടെ ബാറ്റിംഗ്‌ കാണാനെന്ന്‌ ക്രിക്കറ്റ്‌ ഇതിഹാസം

Published : Sep 05, 2026, 12:06 PM IST
VAIBHAV SOORYAVANSHI

Synopsis

റെഡ്‌ ബോള്‍ ക്രിക്കറ്റില്‍ മീഡിയം പേസര്‍മാരെ യാതൊരു സങ്കോചവുമില്ലാതെ സ്‌ട്രെയിറ്റ്‌ സിക്‌സടിക്കുന്നു. ബൗളര്‍മാരെ കളിപ്പാവ പോലെയാണ്‌ കൈകാര്യം ചെയ്യുന്നത്‌. അയാള്‍, ക്രിക്കറ്റ്‌ ലോകം അടക്കി വാഴാന്‍ പോവുകയാണെന്നതില്‍ തര്‍ക്കമില്ല - ശ്രീകാന്ത്‌ പറഞ്ഞു.

ചെന്നൈ: വൈഭവ്‌ സൂര്യവംശിയാണ്‌ ലോക ക്രിക്കറ്റിനെ പുതിയ ട്രെന്‍ഡ്‌. സൂര്യവംശിയുടെ കളിയുണ്ടെങ്കില്‍ അത്‌ കാണാന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ സ്റ്റേഡിയത്തിലേക്ക്‌ ഇരച്ചെത്തും, ടിവി ഓണ്‍ ചെയ്യും, മൊബൈല്‍ ഫോണിലും ആ വെടിക്കെട്ട്‌ ബാറ്റിംഗിന്റെ ആരവം ഉയരും.

ആഭ്യന്തര ക്രിക്കറ്റില്‍, ദുലീപ്‌ ട്രോഫി മത്സരം പോലും ഇപ്പോള്‍ ആളുകള്‍ ശ്രദ്ധിച്ച്‌ തുടങ്ങിയിരിക്കുന്നു. കാരണം വൈഭ്‌ സൂര്യവംശിയാണ്‌. മുന്‍ ഇന്ത്യന്‍ ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ പതിനഞ്ച്‌ വയസുള്ള വൈഭവിനെ വാനോളം പ്രശംസിക്കുന്നതിനിടെ ഒരു കാര്യം പറഞ്ഞത്‌ ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ ഭാര്യ ദുലീപ്‌ ട്രോഫി കാണാനിരിക്കുന്നത്‌ വൈഭവ്‌ സൂര്യവംശിയുടെ ബാറ്റിംഗ്‌ കാണാനാണത്രെ. ആ പയ്യന്‍ ഗംഭീരമായിട്ടാണ്‌ കളിക്കുന്നത്‌. അയാളെ എപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കണം. ഒരു സൂപ്പര്‍സ്റ്റാര്‍ പണിപ്പുരയിലാണ്‌. ടെസ്റ്റ്‌ ക്രിക്കറ്റിനെയും ജീവസുറ്റതാക്കാന്‍ വൈഭവിന്‌ കഴിയും. അയാള്‍ ലോക ക്രിക്കറ്റിന്‌ വലിയൊരു മുതല്‍ക്കൂട്ടാണ്‌ - ശ്രികാന്ത്‌ അദ്ദേഹത്തിന്റെ യുട്യൂബ്‌ ചാനലില്‍ പറഞ്ഞു.

വൈഭവിന്‌ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കഴിയും. റെഡ്‌ ബോള്‍ ക്രിക്കറ്റില്‍ മീഡിയം പേസര്‍മാരെ യാതൊരു സങ്കോചവുമില്ലാതെ സ്‌ട്രെയിറ്റ്‌ സിക്‌സടിക്കുന്നു. ബൗളര്‍മാരെ കളിപ്പാവ പോലെയാണ്‌ കൈകാര്യം ചെയ്യുന്നത്‌. അയാള്‍, ക്രിക്കറ്റ്‌ ലോകം അടക്കി വാഴാന്‍ പോവുകയാണെന്നതില്‍ തര്‍ക്കമില്ല - ശ്രീകാന്ത്‌ പറഞ്ഞു. ഈസ്‌റ്റ്‌ സോണിന്‌ വേണ്ടി കളിക്കുന്ന വൈഭവ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ട്‌ റണ്‍സെടുത്ത്‌ നിരാശപ്പെടുത്തിയെങ്കിലും സെമിഫൈനലില്‍ 92,40 റണ്‍സുകളുമായി കളം നിറഞ്ഞു. സെന്‍ട്രല്‍ സോണിനെതിരെ 42 പന്തില്‍ അര്‍ധസെഞ്ച്വുറി നേടിയ വൈഭവ്‌ 57 വര്‍ഷം പഴക്കമുള്ള ദുലീപ്‌ ട്രോഫിയിലെ അതിവേഗ അര്‍ധസെഞ്ച്വറി റെക്കോര്‍ഡ്‌ തിരുത്തി.

അതേസമയം, ഞായറാഴ്‌ച സൗത്ത്‌ സോണിനെതിരായ ദുലീപ്‌ ട്രോഫി ഫൈനലില്‍ ഈസ്റ്റ്‌ സോണിനായി വൈഭ്‌ സൂര്യവംശിയുള്‍പ്പടെ ഇന്ത്യന്‍ സീനിയര്‍ ടീമിലെ മൂന്ന്‌ താരങ്ങള്‍ കളിക്കുന്നത്‌ സംബന്ധിച്ച്‌ ആശങ്കയുണ്ട്‌. വൈഭവിനെ കൂടാതെ ഇഷാന്‍ കിഷന്‍, തിലക്‌ വര്‍മ എന്നിവര്‍ക്ക്‌ ടീം ഇന്ത്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഫൈനലില്‍ കളിക്കാനാകൂ. നാളെ ചെന്നൈയിലാണ്‌ ഫൈനല്‍. ഇന്ത്യന്‍ ടി20 ടീം സെപ്‌തംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്‌. മൂന്ന്‌ താരങ്ങളോടും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കോച്ച്‌ ആവശ്യപ്പെട്ടാല്‍ ദുലീപ്‌ ട്രോഫി ഫൈനല്‍ കളിക്കാന്‍ കഴിയില്ല. അതേസമയം, ഇവരോട്‌ ഫൈനല്‍ കളിച്ചതിന്‌ ശേഷം സെപ്‌തംബര്‍ 10ന്‌ വൈകീട്ടോടെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയാല്‍ വൈഭവിനും തിലകിനും ഇഷാന്‍ കിഷനും ഫൈനല്‍ കളിക്കാം.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആലപ്പി റിപ്പിൾസിനെ തകർത്തെറിഞ്ഞ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് കെസിഎൽ ഫൈനലിൽ; സെമിയിൽ 36 റൺസിന്റെ തകർപ്പൻ ജയം
കെസിഎ പിങ്ക് വനിതാ ട്വന്‍റി 20 ചാമ്പ്യൻഷിപ്പ്; റൂബീസിനും പേൾസിനും വിജയം