'പകരം മറ്റൊരാളെ തിരഞ്ഞില്ല'; കരിയറില്‍ ധോണി നല്‍കിയ പിന്തുണയെ കുറിച്ച് ഇഷാന്ത് ശര്‍മ

By Web TeamFirst Published Aug 6, 2020, 4:38 PM IST
Highlights

ധോണി എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. ആദ്യ കാലങ്ങളില്‍ എന്റെ പ്രകടനം അത്ര മികച്ചതൊന്നും ആയിരുന്നില്ല. 50-60 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സമയത്തും അദ്ദേഹം ആ പിന്തുണ നല്‍കികൊണ്ടിരുന്നു.

ദില്ലി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടാക്കിയ ബൗളറാണ് ഇഷാന്ത് ശര്‍മ. 2007 കരിയര്‍ ആരംഭിച്ച ഇഷാന്ത് ഇതുവരെ 97 ടെസ്റ്റുകള്‍ കളിച്ചു. എം എസ് ധോണി ക്യാപ്റ്റനായിരിക്കുമ്പോഴാണ് ഇഷാന്ത് കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര എന്നിവര്‍ക്കൊപ്പം അപകടകാരിയായ പേസറായി മാറി ഇഷാന്ത്. അതോടൊപ്പം ലോക ക്രിക്കറ്റിലെ മുമ്പില്ലാത്തവിധം മികച്ച പേസ് യൂണിറ്റായി വളരുകയും ചെയ്തു. ഇവരേക്കാള്‍ ഏറെ മുമ്പ് അരങ്ങേറിയെങ്കിലും താരം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് അടിത്തിടെയാണ്.

ഇപ്പോള്‍ ടെസ്റ്റില്‍ ഇത്രത്തോളം പുരോഗതി ഉണ്ടാക്കാനിടയായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇഷാന്ത്. മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ പിന്തുണയാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നാണ് ഇഷാന്ത് പറയുന്നത്. ഇഷാന്തിന്റെ വാക്കുകള്‍... ''ധോണി എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. ആദ്യ കാലങ്ങളില്‍ എന്റെ പ്രകടനം അത്ര മികച്ചതൊന്നും ആയിരുന്നില്ല. 50-60 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സമയത്തും അദ്ദേഹം ആ പിന്തുണ നല്‍കികൊണ്ടിരുന്നു. മോശം പ്രകടനമായിട്ടും എനിക്ക് പകരം മറ്റൊരാളെ ധോണി തിരഞ്ഞിരുന്നില്ല. ഇപ്പോള്‍ 97 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി. ഇപ്പോഴും ശരാശരിയും സ്‌ട്രൈക്ക് റേറ്റും എന്താണെന്ന് എനിക്കറിയില്ല. ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും ഞാന്‍ ബോധവാനല്ല.

അതെല്ലാം എനിക്ക് ചില സംഖ്യകള്‍ മാത്രമാണ്. ക്യാപ്റ്റന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഞാന്‍ ചെയ്യുന്നത്. ഇന്ത്യന്‍ പിച്ചുകളില്‍ ഞാന്‍ വശത്ത് സമ്മര്‍ദ്ദമുണ്ടാക്കും. അത് സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യും. അത്ര മാത്രമാണ് ക്യാപ്റ്റനായിരുന്ന ധോണിക്കും വേണ്ടിയിരുന്നത്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഞാന്‍ കൃത്യമായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാവാം ധോണി എനിക്ക് പകരം മറ്റൊരാളെ നോക്കാതിരുന്നതും.'' ഇഷാന്ത് പറഞ്ഞ് അവസാനിപ്പിച്ചു.

97 ടെസ്റ്റില്‍ നിന്ന് 297 വിക്കറ്റുകളാണ് ഇഷാന്ത് ഇതുവരെ വീഴ്ത്തിയത്. 80 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള 32കാരന്‍ 115 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

click me!