പോണ്ടിംഗ്, സ്റ്റീവ് വോ, അലന്‍ ബോര്‍ഡര്‍; ഇതിഹാസങ്ങള്‍ തലകുനിച്ചിടത്ത് ചരിത്രനേട്ടവുമായി സ്റ്റീവ് സ്മിത്ത്

Published : Mar 03, 2023, 03:20 PM IST
 പോണ്ടിംഗ്, സ്റ്റീവ് വോ, അലന്‍ ബോര്‍ഡര്‍; ഇതിഹാസങ്ങള്‍ തലകുനിച്ചിടത്ത് ചരിത്രനേട്ടവുമായി സ്റ്റീവ് സ്മിത്ത്

Synopsis

കൃത്യമായ ഫീല്‍ഡ് പ്ലേസിംഗുകള്‍കൊണ്ടും ബൗളിംഗ് മാറ്റങ്ങള്‍ കൊണ്ടും സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്തും സ്മിത്ത് ഒരിക്കല്‍ കൂടി തന്‍റെ നായക മികവ് പുറത്തെടുത്തു.

ഇന്‍ഡോര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒമ്പത് വിക്കറ്റ് ജയം നേടിയതോടെ ഓസ്ട്രേലിയയുടെ താല്‍ക്കാലിക നായകനായ സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയത് തന്‍റെ മുന്‍ഗാമികളോ സമകാലീനരോ സ്വന്തമാക്കാത്ത അപൂര്‍വ നേട്ടം. ഇന്ത്യയില്‍ രണ്ട് വ്യത്യസ്ത പരമ്പരളില്‍ ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കുന്ന ഓസ്ട്രേലിയന്‍ നായകനെന്ന നേട്ടമാണ് സ്മിത്ത് സ്വന്തമാക്കിയത്.

സ്മിത്തിന് കീഴില്‍ ഇന്ത്യയില്‍ കളിച്ച അഞ്ച് ടെസ്റ്റില്‍ രണ്ടെണ്ണത്തില്‍ ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോറ്റു. ഒന്ന് സമനിലയായി. ഇതിന് മുമ്പ് 2017ലെ ഇന്ത്യന്‍ പര്യടനത്തിന് എത്തിയപ്പോള്‍ സ്മിത്ത് ഓസ്ട്രേലിയയുടെ സ്ഥിരം നായകനായിരുന്നുവെങ്കില്‍ ഇത്തവണ പാറ്റ് കമിന്‍സിന് കീഴില്‍ വൈസ് ക്യാപ്റ്റനായാണ് വന്നത്. കുടുംബപരമായ കാരണങ്ങളാല്‍ കമിന്‍സ് രണ്ടാം ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങിയതോടെയാണ് സ്മിത്ത് മൂന്നാം ടെസ്റ്റില്‍ നായകനായത്.

കൃത്യമായ ഫീല്‍ഡ് പ്ലേസിംഗുകള്‍കൊണ്ടും ബൗളിംഗ് മാറ്റങ്ങള്‍ കൊണ്ടും സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്തും സ്മിത്ത് ഒരിക്കല്‍ കൂടി തന്‍റെ നായക മികവ് പുറത്തെടുത്തു. രണ്ടാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാരയെ ലെഗ് സ്ലിപ്പില്‍ പറന്നു പിടിച്ച സ്മിത്താണ് കളി ഓസ്ട്രേലിയയുടെ വരുതിയിലാക്കിയത്. ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച നായകന്‍മാരായി വിലയിരുത്തപ്പെടുന്ന സിറ്റീവ് വോക്കും റിക്കി പോണ്ടിംഗിനുമൊന്നും അവരുടെ സുവര്‍ണ തലമുറയുടെ കാലത്തുപോലും രണ്ട് വ്യത്യസ്ത പരമ്പരകളില്‍ ടെസ്റ്റ് ജയം നേടാനായിട്ടില്ല, സ്റ്റീവ് വോ ഒരു ജയം നേടിയെങ്കില്‍ റിക്കി പോണ്ടിംഗിനാകട്ടെ ഇന്ത്യയില്‍ കളിച്ച ഏഴ് ടെസ്റ്റുകളില്‍ ഒന്നില്‍ പോലും ടീമിനെ ജയത്തിലെത്തിക്കാനായില്ല.

ഓസ്ട്രേലിയന്‍ നായകന്‍മാരായിരുന്ന മാര്‍ക് ടെയ്‌ലര്‍, സ്റ്റീവ് വോ, അലന്‍ ബോര്‍ഡര്‍, റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവര്‍ക്കാര്‍ക്കും സ്മിത്തിന്‍റെ നേട്ടത്തിന് അടുത്തുപോലും എത്താനായിട്ടില്ലെന്നറിയുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഈ റെക്കോര്‍ഡിന്‍റെ മൂല്യമുയരുന്നത്. സ്ഥിരം ക്യാപ്റ്റനായും താല്‍ക്കാലിക ക്യാപ്റ്റനായും ഓസ്ട്രേലിയയെ ഇതുവരെ 37 ടെസ്റ്റുകളില്‍ നയിച്ച സ്മിത്ത് 21 എണ്ണത്തിലും ടീമിനെ ജയത്തിലെത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍
ഐപിഎല്‍ മിനിലേലം: ധോണിയില്‍ തുടങ്ങുന്ന പട്ടിക, ചരിത്രത്തിലെ മൂല്യമേറിയ താരങ്ങള്‍