
മുംബൈ: ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഇത്തവണ കളിക്കാരനായി ഐപിഎല്ലിനില്ലെങ്കിലും കമന്‍റേറ്ററായി കളി പറയാനെത്തും. പാറ്റ് കമിന്‍സിന്‍റെ അഭാവത്തില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിലും ഓസ്ട്രേലിയയെ നയിച്ച സ്മിത്ത് ഒരു ജയവും ഒരു സമനിലും നേടിയിരുന്നു. പിന്നാലെ നടന്ന ഏകദിന പരമ്പരയിലും നായകനെന്ന നിലയില്‍ തിളങ്ങിയ സ്മിത്ത് ഓസീസിന് ഏകദിന പരമ്പര സമ്മാനിക്കുകയും ചെയ്തു.
സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ വിദഗ്ധ പാനലില്‍ കളി പറയാനെത്തുന്ന സ്മിത്ത് ഇത്തവണ പ്ലേ ഓഫിലെത്താനിടയുള്ള നാലു ടീമുകളെ പ്രവചിക്കുകയാണിപ്പോള്‍. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സോ, വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരോ സ്മിത്ത് തെരഞ്ഞെടുത്ത ടീമുകളിലില്ല എന്നതാണ് ശ്രദ്ധേയം.
നാലു തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് സ്മിത്ത് പ്ലേ ഓഫിലെത്താന്‍ സാധ്യതയുളള ഒന്നാമത്തെ ടീമായി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെയാണ് പ്ലേ ഓഫ് സാധ്യതയുള്ള രണ്ടാമത്തെ ടീമായി സ്മിത്ത് തെരഞ്ഞെടുത്തത്.
കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെയാണ് സ്മിത്ത് മൂന്നാമത്തെ പ്ലേ ഓഫ് ടീമായി തെരഞ്ഞെടുത്തത്. നാലാം സ്ഥാനത്താകട്ടെ സണ്‍റൈസേഴ്സ് ഹൈദരാബാദാണ്. ഐപിഎല്‍ താരലേലത്തിനുശേഷം ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സ്മിത്തിനെ ഇത്തവണ ഏതെങ്കിലും ടീം പകരക്കാരനായി ടീമിലെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
അഞ്ച് മത്സരങ്ങളില്‍ മാത്രം സിക്സേഴ്സിനായി കളിച്ച സ്മിത്ത് രണ്ട് സെഞ്ചുറി അടക്കം 86.5 ശരാശരിയില്‍ 346 റണ്‍സാണ് അടിച്ചുകൂട്ടിയത്. 25 സിക്സ് അടിച്ച് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരമായ സ്മിത്ത് സിക്സേഴ്സിനായി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമായി. 2012ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സ്മിത്ത് ഇതുവരെ 103 മത്സരങ്ങളില്‍ നിന്നായി 2485 റണ്‍സടിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.