അയാള്‍ ടീമിലുള്ളത് കോലിയുടെ ഭാഗ്യമെന്ന് സ്റ്റീവ് വോ

By Web TeamFirst Published Feb 17, 2020, 6:03 PM IST
Highlights

ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാണ് ബുമ്ര. പേസും കൃത്യതയുമുണ്ട് ബുമ്രക്ക്. കളിയോടുള്ള മനോഭാവവും കൊള്ളാം. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന ബുമ്ര മുന്നില്‍ നിന്ന് നയിക്കാനും മിടുക്കനാണ്.

ബെര്‍ലിന്‍: സ്വന്തം രാജ്യത്ത് കളിക്കുമ്പോള്‍ ഇന്ത്യയുടേതാണ് ലോകത്തിലെ ഏറ്റവും മികച്ച പേസ് പടയെന്ന് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഇന്ത്യക്കും ഓസീസില്‍ കളിക്കുമ്പോള്‍ ഓസീസിനുമാണ് ഏറ്റവും മികച്ച പേസ് നിരയുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ 20 വിക്കറ്റ് എടുക്കാന്‍ കഴിയുന്ന ബൗളര്‍മാരുണ്ടാകുക എന്നതാണ് പ്രധാനം. ഇന്ത്യക്കും ഓസ്ട്രേലിയക്കും അതുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു.

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ മികവിനെയും വോ പ്രശംസിച്ചു. അസാമാന്യ പ്രതിഭയുുള്ള താരമാണ് ബുമ്ര. സ്വന്തം ശൈലിയില്‍ നിന്ന് മാറി പന്തെറിയാന്‍ ബുമ്രയെ ആരും പരിശീലിപ്പിച്ചില്ല എന്നത് തന്നെ വലിയ അനുഗ്രഹമാണ്. ശൈലി മാറ്റിയിരുന്നെങ്കില്‍ ബുമ്രക്ക് ഇത്രയും വേഗതയില്‍ പന്തെറായിനാവുമായിരുന്നില്ല.

ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാണ് ബുമ്ര. പേസും കൃത്യതയുമുണ്ട് ബുമ്രക്ക്. കളിയോടുള്ള മനോഭാവവും കൊള്ളാം. വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന ബുമ്ര മുന്നില്‍ നിന്ന് നയിക്കാനും മിടുക്കനാണ്. അദ്ദേഹത്തെപോലൊരു കളിക്കാരന്‍ ടീമിലുള്ളത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഭാഗ്യമാണെന്നും സ്റ്റീവ് വോ പറഞ്ഞു.

ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഓസീസിന് മുന്‍തൂക്കമുണ്ടെന്ന് വോ അഭിപ്രായപ്പെട്ടു. എങ്കിലും ഇന്ത്യക്ക് ബലഹീനതകള്‍ ഒന്നുമില്ലാത്തതിനാല്‍ പോരാട്ടം കടുത്തതായിരിക്കുമെന്നും വോ പറഞ്ഞു.

click me!