
സിഡ്‌നി: പെര്‍ത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയയുടെ 15 അംഗ ടീമിനെ സ്റ്റീവന്‍ സ്മിത്ത് നയിക്കും. ജെയ്ക് വെതാള്‍ഡ്, ബ്രണ്ടന്‍ ഡോഗെറ്റ്, സീന്‍ അബോട്ട് എന്നിവരാണ് ടെസ്റ്റ് ടീമിനെ പുതുമുഖങ്ങള്‍. സാം കോണ്‍സ്റ്റാസിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കി. മര്‍നസ് ലബുഷെയ്‌നെ ടീമിലേക്ക് തിരിച്ചുവിളിച്ചു. കഴിഞ്ഞ സീസണില്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ടാസ്മാനിയയ്ക്കു വേണ്ടി 18 ഇന്നിംഗ്‌സുകളില്‍ നിന്ന് 50.33 ശരാശരിയില്‍ 906 റണ്‍സ് നേടിയിരുന്നു വെതറാള്‍ഡ്. സാം കോണ്‍സ്റ്റാസിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ ഉസ്മാന്‍ ഖവാജയ്ക്കൊപ്പം ഓപ്പണറായി 31കാരന്‍ കളിച്ചേക്കും.
ഈ വര്‍ഷം ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പരയില്‍ പരിക്കേറ്റ പാറ്റ് കമ്മിന്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം സ്മിത്താണ് ടീമിനെ നയിക്കുക. രണ്ടാം ടെസ്റ്റ് മുതല്‍ കമ്മിന്‍സ് ടീമിലുണ്ടായേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ മോശം പ്രകടത്തിന് പിന്നാലെയാണ് കോണ്‍സ്റ്റാസിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. കരീബിയന്‍ പര്യടനത്തില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 50 റണ്‍സ് മാത്രമേ കോണ്‍സ്റ്റാസിന് നേടാനായുള്ളൂ, അതില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായി. മാത്യു റെന്‍ഷ്വ, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടാതെ പോയ പ്രമുഖര്‍.
ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, ബ്രെന്‍ഡന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷാനെ, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍.
കാമറൂണ്‍ ഗ്രീന്‍, ബ്യൂ വെബ്സ്റ്റര്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. അലക്‌സ് കാരിയും ജോഷ് ഇംഗ്ലിസുമാണ് വിക്കറ്റ് കീപ്പര്‍മാരായി വരുന്നത്. നഥാന്‍ ലിയോണ്‍ മാത്രമാണ് ഏക സ്പിന്നര്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ പേസര്‍മാരായും എത്തും. നവംബര്‍ 21നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.