
ഹൈദരാബാദ്: ഐപിഎല്ലിലെ പുതിയ സീസണ് മുന്നോടിയായി വന്‍ അഴിച്ചുപണിക്കൊരുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മിനി താരലേലത്തിന് മുന്‍പ് വിലയേറിയ താരമായ ഹെന്റിച് ക്ലാസനെ ഒഴിവാക്കാനാണ് ഹൈദരാബാദിന്റെ നീക്കം. 23 കോടി രൂപയ്ക്കാണ് ക്ലാസനെ ടീമില്‍ നിലനിര്‍ത്തിയത്. ക്ലാസനെ ഒഴിവാക്കി താരലേലത്തില്‍ കൂടുതല്‍ യുവതാരങ്ങളെ സ്വന്തമാക്കുകയാണ് ഹൈദരാബാദിന്റെ ലക്ഷ്യം. കഴിഞ്ഞ സീസണില്‍ 13 കളിയില്‍ ക്ലാസന്‍ 487 റണ്‍സെടുത്തിരുന്നു. ക്ലാസനെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം ജൂണില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരുന്നു ക്ലാസന്‍. 33ാം വയസിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്ലാസന്‍ കളി മതിയാക്കുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് ക്ലാസന്‍ വ്യക്തമാക്കി. വിരമിക്കലുമായി ബന്ധപ്പെട്ട് ക്ലാസന്‍ വ്യക്തമാക്കിയതിങ്ങനെ... ''എന്നെ സംബന്ധിച്ചിടത്തോളം വിഷമമുണ്ടാക്കുന്ന ദിവസമാണിന്ന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കാന്‍ തീരുമാനിച്ചു. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണിത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം.'' ക്ലാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു.
2018ലാണ് ക്ലാസന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഫെബ്രുവരി ഏഴ് ഇന്ത്യക്കെതിരായ ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. 60 മത്സരങ്ങളില്‍ 2141 റണ്‍സാണ് സമ്പാദ്യം. 174 റണ്‍സാണ് ഉയര്‍ന്ന സ്‌കോരര്‍. 43.69 ശരാശരിയും 117.05 സ്ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. നാല് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും അടങ്ങുന്നതാണ് ഏകദിന കരിയര്‍. ഈ വര്‍ഷം മാര്‍ച്ച് അഞ്ചിന് അവസാന ഏകദിനവും കളിച്ചു. 2018 ഫെബ്രുവരി 18ന് ഇന്ത്യക്കെതിരെ ടി20യിലും ക്ലാസന്‍ അരങ്ങേറ്റം നടത്തി. 58 ടി20 മത്സരങ്ങളില്‍ നിന്ന് 1000 റണ്‍സാണ് ക്ലാസനന്‍ നേടിയത്. 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 23.25 ശരാശരിയും 141.84 സ്ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. അഞ്ച് അര്‍ധ സെഞ്ചുറികളും ക്ലാസന്‍ നേടി.
2024 ഡിസംബറില്‍ പാകിസ്ഥാനെതിരെ അവസാന ടി20 കളിച്ചു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ക്ലാസന്‍ 2024ല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു. 2019ല്‍ ടെസ്റ്റിലായിരുന്നു ക്ലാസന്റെ ടെസ്റ്റ് അരങ്ങേറ്റം. ഒക്ടബോറില്‍ 19ന് ഇന്ത്യക്കെതിരെ റാഞ്ചിയിലായിരുന്നു ആദ്യ ടെസ്റ്റ്. നാല് ടെസ്റ്റുകള്‍ മാത്രമാണ് ക്ലാസന്‍ കളിച്ചത്. 104 റണ്‍ണസ് മാത്രമാണ് സമ്പാദ്യം. 35 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടെസ്റ്റും കളിച്ചു.