ടി20 ലോകകപ്പ് ടീമിനെ കുറിച്ച് നിര്‍ണായ സൂചനയുമായി നായകന്‍ രോഹിത് ശര്‍മ, സഞ്ജുവിന് പ്രതീക്ഷ

By Gopalakrishnan CFirst Published Aug 17, 2022, 10:36 PM IST
Highlights

ടീമിന്‍റെ 80-90 ശതമാനം സെറ്റാണ്. എങ്കിലും മൂന്നോ നാലോ മാറ്റങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ഈ മാറ്റങ്ങള്‍. നിലവില്‍ യുഎഇയിലും നാട്ടിലുമാണ് നമ്മള്‍ മത്സരിക്കാന്‍ പോകുന്നത്.

മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിര്‍ണായക സൂചന നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ലോകകപ്പ് ടീമിന്‍റെ 80-90 ശതമാനം ഏകദേശം സെറ്റായി കഴിഞ്ഞുവെങ്കിലും ഇനിയും മൂന്നോ നാലോ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് രോഹിത് ഏഷ്യാ കപ്പിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറ‍ഞ്ഞു. മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനും ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് രോഹിത്തിന്‍റെ പ്രഖ്യാപനം.

ഏഷ്യാ കപ്പും, ദക്ഷിണാഫ്രിക്കക്കും ഓസ്ട്രേലിയക്കും എതിരായ പരമ്പരകളും കഴിയുമ്പോള്‍ ഓസ്ട്രേലിയയില്‍ ലോകകപ്പ് കളിക്കാനുള്ള ടീം പൂര്‍ണ സജ്ജമാകും. ലോകകപ്പിന് ഇനിയും രണ്ട് മാസമുണ്ട്. അതിന് മുമ്പ് ഏഷ്യാ കപ്പുണ്ട്. ഓസ്ട്രേലിയക്കും, ദക്ഷിണാഫ്രിക്കക്കും എതിരെ നാട്ടില്‍ നടക്കുന്ന പരമ്പരകളുണ്ട്. ടീമിന്‍റെ 80-90 ശതമാനം സെറ്റാണ്. എങ്കിലും മൂന്നോ നാലോ മാറ്റങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ഈ മാറ്റങ്ങള്‍. നിലവില്‍ യുഎഇയിലും നാട്ടിലുമാണ് നമ്മള്‍ മത്സരിക്കാന്‍ പോകുന്നത്. ഓസ്ട്രേലിയയിലെ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. ഓസ്ട്രേലിയന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീമിസ്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും രോഹിത് പറഞ്ഞു.

ഏഷ്യാ കപ്പ് ടീമില്‍ നിന്ന് സഞ്ജുവിനെ തഴയാനുള്ള കാരണം തുറന്നു പറഞ്ഞ് കൈഫ്

സ്വന്തം നിലയില്‍ കളി ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളെ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് നിരവധി താരങ്ങള്‍ക്ക് കഴിഞ്ഞ പരമ്പരകളില്‍ അവസരം നല്‍കിയത്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമൊന്നും എല്ലാക്കാലവും ഇന്ത്യന്‍ ടീമില്‍ കളിക്കില്ല. അതുകൊണ്ട് അവര്‍ക്ക് പറ്റിയ പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്. അതിനായാണ് ഞാനും രാഹുല്‍ ഭായിയും ചേര്‍ന്ന് യുവതാരങ്ങളെ പരീക്ഷിക്കാനുള്ള തീരുമാനം എടുത്തത്.

കാരണം, ഓരോ താരങ്ങളും കളിക്കേണ്ടിവരുന്ന മത്സരങ്ങളുടെ എണ്ണം ഇനിയും കൂടുകയെ ഉള്ളൂ. അതുകൊണ്ട് തന്നെ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനും സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ പറ്റിയ പകരക്കാരെ തയാറാക്കി നിര്‍ത്തേണ്ടത് നിര്‍ണായകമാണ്. ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കുന്ന ടീമാകാതെ വിജയത്തില്‍ എല്ലാവരും സംഭാവന ചെയ്യുന്ന ടീമാകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും രോഹിത് ശര്‍മ പറഞ്ഞു.

സിംബാബ്‌വെക്കെതിരെ ഇഷാനില്ല, സഞ്ജു കളിക്കും! വെടിക്കെട്ട് ബാറ്റര്‍ അരങ്ങേറും- സാധ്യതാ ഇലവന്‍

നിലവില്‍ ഈ മാം 27ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പിനുള്ള തയാറെടുപ്പിലാണ് രോഹിത് അടക്കമുള്ള താരങ്ങള്‍. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.

click me!