ഏഷ്യാ കപ്പ് ടീമില്‍ നിന്ന് സഞ്ജുവിനെ തഴയാനുള്ള കാരണം തുറന്നു പറഞ്ഞ് കൈഫ്

By Gopalakrishnan CFirst Published Aug 17, 2022, 9:08 PM IST
Highlights

ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ രോഹിത്, രാഹുല്‍, കോലി, സൂര്യകുമാര്‍ എന്നിങ്ങനെ ആദ്യ നാലു സ്ഥാനങ്ങള്‍ സുരക്ഷിതമാണ്. അഞ്ചാം നമ്പറില്‍ റിഷഭ് പന്തും ആറാമതായി ഹാര്‍ദ്ദിക് പാണ്ഡ്യയും എത്തും. കാര്‍ത്തിക് കളിക്കുകയാണെങ്കില്‍ ഏഴാമനായെ ഇറങ്ങാനിടയുള്ളു. അദ്ദേഹത്തിന് അവസരം കിട്ടുമോ എന്നുപോലും ഉറപ്പില്ല.

ലക്നൗ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സ‍ഞ്ജു സാംസണെ ഒഴിവാക്കാനുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ടീമിന് വേണ്ടത് മാച്ച് വിന്നര്‍മാരെയാണെന്നും അതുകൊണ്ടാണ് സ‍ഞ്ജുവിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യ ഏഷ്യാ കപ്പിനുള്ള ടീമിലെടുത്തതെന്നും കൈഫ് പറഞ്ഞു. ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ രോഹിത്, രാഹുല്‍, കോലി, സൂര്യകുമാര്‍ എന്നിങ്ങനെ ആദ്യ നാലു സ്ഥാനങ്ങള്‍ സുരക്ഷിതമാണ്. അഞ്ചാം നമ്പറില്‍ റിഷഭ് പന്തും ആറാമതായി ഹാര്‍ദ്ദിക് പാണ്ഡ്യയും എത്തും. കാര്‍ത്തിക് കളിക്കുകയാണെങ്കില്‍ ഏഴാമനായെ ഇറങ്ങാനിടയുള്ളു. അദ്ദേഹത്തിന് അവസരം കിട്ടുമോ എന്നുപോലും ഉറപ്പില്ല.

ഒരു ടീമില്‍ എത്ര വിക്കറ്റ് കീപ്പര്‍മാരാണുള്ളത്. റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമുണ്ട്. ഇനി സഞ്ജു സാംസണെ കൂടി ഉള്‍പ്പെടുത്തിയാല്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരാകും. ദിനേശ് കാര്‍ത്തിക്കിനെ പോലെ മാച്ച് വിന്നിംഗ് ഇന്നിംഗ്സുകള്‍ കളിക്കാത്തതാണ് സഞ്ജുവിനെ ഏഷ്യാ കപ്പിനള്ള ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള പ്രധാന കാരണം. വെസ്റ്റ് ഇന്‍ഡീസില്‍ സഞ്ജു മികവ് കാട്ടിയെങ്കിലും മത്സരഫലത്തെ സ്വാധീനിക്കുന്ന ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് ഇല്ലായിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തിക് ആകട്ടെ ഫിനിഷര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തുന്നു. കളിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടാണ് ആളുകള്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നത്.  

ഇന്ത്യ-പാക് മത്സര ടിക്കറ്റുകള്‍ക്ക് കൊള്ളവില; മറിച്ചുവില്‍ക്കുന്ന ടിക്കറ്റ് വാങ്ങിയാല്‍ എട്ടിന്‍റെ പണി

കാരണം, ഏഴാമനായി വന്നിട്ടും നിരവധി മത്സരങ്ങളില്‍ മികച്ച രീതിയില്‍ ഇന്നിംഗ്സ് ഫിനിഷ് ചെയ്യാനും നിരവധി കളികള്‍ ജയിപ്പിക്കാനും കാര്‍ത്തിക്കിനായി. എല്ലാ ടീമുകളും ആഗ്രഹിക്കുന്നത് മാച്ച് വിന്നര്‍മാരെയാണ്. സഞ്ജു അടുത്തകാലത്ത് മികച്ച പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അതുകൊണ്ടാണ് വിന്‍ഡീനെതിരായ പരമ്പരയില്‍ അവസരം ലഭിച്ചത്. ഇപ്പോള്‍ മിക്കവാറും എല്ലാ പരമ്പരകളിലും സഞ്ജു ടീമിലുണ്ടാകാറുണ്ട്. അത് നല്ല കാര്യമാണ്. ടീമില്‍ അവസരം ലഭിക്കുന്നുണ്ടല്ലോ. ഇന്ത്യന്‍ ടീമിലെത്താനുള്ള മത്സരം വളരെ കടുത്തതാണ്. സെലക്ടര്‍മാരുടെ ജോലി അത്ര എളുപ്പമല്ലെന്നും കൈഫ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

click me!