
ലണ്ടൻ: ടി20 ലോകകപ്പിൽ ഇന്ത്യ കിരീടമുയർത്തിയത് ദക്ഷിണാഫ്രിക്കയുടെ മണ്ടത്തരം കൊണ്ടാണെന്ന വാദവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ടൂർണമെന്‍റിലെ ഏറ്റവും കരുത്തരായ ടീമായ ഇന്ത്യയെ തുടക്കത്തിലേ പുറത്താക്കാനുള്ള സുവര്‍ണാവസരം ദക്ഷിണാഫ്രി പാഴാക്കിയെന്നാണ് വോണിന്‍റെ വിമർശനം. സൂപ്പർ 8 ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിൽ ദക്ഷിണാഫ്രിക്ക തോറ്റിരുന്നെങ്കിൽ ഇന്ത്യ സെമി കാണാതെ പുറത്താകുമായിരുന്നുവെന്ന് വോൺ ചൂണ്ടിക്കാട്ടി. 'സ്റ്റിക് ടു ക്രിക്കറ്റ്' പോഡ്‌കാസ്റ്റിലാണ് വോൺ വിവാദ പരാമര്‍ശം നടത്തിയത്.
ഈ ടൂർണമെന്‍റിലെ ഏറ്റവും മണ്ടൻ ടീം ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയും അത് ദക്ഷിണാഫ്രിക്കയാണെന്ന്. സൂപ്പർ 8-ൽ അവർ വെസ്റ്റ് ഇൻഡീസിനോട് തോറ്റിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്‍റിന് പുറത്താകുമായിരുന്നു. ഇന്ത്യ എന്ന വമ്പൻ ശക്തിയെ തടയാനുള്ള ഏക വഴി അതായിരുന്നു. കിരീടം നേടണമെങ്കിൽ ഏറ്റവും മികച്ച ടീമിനെ നേരത്തെ തന്നെ പുറത്താക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്.
സൂപ്പർ 8-ൽ ഇന്ത്യ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. സിംബാബ്‌വെക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി സാധ്യത ഉണ്ടായിരുന്നുള്ളൂ. എന്നാൽ ദക്ഷിണാഫ്രിക്ക വിൻഡീസിനെ തോൽപ്പിച്ചതോടെ ഇന്ത്യയുടെ പാത സുഗമമായി. ഇന്ത്യ സിംബാബ്‌വെയെയും വെസ്റ്റ് ഇൻഡീസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറി. ഇന്ത്യയെ പുറത്താക്കാൻ ലഭിച്ച ആ സുവർണ്ണാവസരം ദക്ഷിണാഫ്രിക്ക കളഞ്ഞുകുളിച്ചെന്നും, അതുകൊണ്ടാണ് ഇന്ത്യ സ്വന്തം മണ്ണിൽ തുടർച്ചയായ രണ്ടാം കിരീടം ചൂടി ചരിത്രം കുറിച്ചതെന്നും വോൺ കൂട്ടിച്ചേർത്തു.
സെമിയിൽ ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യ, ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. ടൂർണമെന്‍റിൽ അപരാജിതരായി സെമിയിലെത്തിയിട്ടും ദക്ഷിണാഫ്രിക്ക സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായി. ടൂർണമെന്‍റിൽ ഇന്ത്യക്കെതിരെ ഒരു വിജയം സ്വന്തമാക്കിയിട്ടും കിരീടം നേടാൻ കഴിയാതെ പോയത് ദക്ഷിണാഫ്രിക്കയുടെ തന്ത്രപരമായ പാളിച്ചയാണെന്നും വോൺ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!