
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്തത് മലയാളി താരം സഞ്ജു സാംസണിന്‍റെ അവിശ്വസനീയമായ പ്രകടനത്തെക്കുറിച്ചായിരുന്നു. ടൂർണമെന്‍റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു തുടർച്ചയായ മൂന്ന് അർദ്ധസെഞ്ച്വറികളുമായാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. വെസ്റ്റ് ഇന്‍ഡീസിനേതിരായ സൂപ്പര്‍ 8 മത്സരത്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവിന് നേരിയ വ്യത്യാസത്തില്‍ സെഞ്ചുറി നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 89 റണ്‍സില്‍ നില്‍ക്കെ കൂറ്റനടിക്ക് ശ്രമിച്ച് സഞ്ജുവിന് വീണ്ടും വിക്കറ്റ് നഷ്ടമായി. ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ സഞ്ജുവിനോട് ഒരു സെഞ്ച്വറിയെങ്കിലും നീ നേടണമെന്ന് ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ സഞ്ജു പറഞ്ഞ മറപടി അപ്രതീക്ഷിതമായിരുന്നുവെന്നും ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് കോട്ടക് ഈ സംഭവം വിവരിച്ചത്.
സഞ്ജു, നീ ഒരു സെഞ്ച്വറി എങ്കിലും നേടണം എന്ന് ഞാൻ പറഞ്ഞു. അപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു അവന്‍റെ മറുപടി: 'കോട്ടക് ഭായ്, ഒരു വശത്ത് ടീമിന് വ്യക്തിഗത നേട്ടങ്ങളല്ല പ്രധാനം എന്ന് നിങ്ങൾ പറയുന്നു, മറുവശത്ത് എന്നോട് സെഞ്ച്വറി അടിക്കാനും പറയുന്നു. ഇത് രണ്ടും എങ്ങനെ ഒരേസമയം സാധ്യമാകുമെന്നായിരുന്നു സഞ്ജു തിരിച്ചു ചോദിച്ചത്. സഞ്ജുവിന്‍റെ ഈ പക്വതയാർന്ന മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്ന് കോട്ടക് കൂട്ടിച്ചേർത്തു. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്‍റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് സഞ്ജു ആ വാക്കുകളിലൂടെ വ്യക്തമാക്കുകയായിരുന്നു.
2024-ലെ ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാൽ 2026-ൽ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തോടെ ഫോമിലേക്ക് ഉയർന്ന സഞ്ജു പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്നായി 321 റൺസാണ് സഞ്ജു ഈ ലോകകപ്പിൽ അടിച്ചുകൂട്ടിയത്. ഇതോടെ ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന വിരാട് കോലിയുടെ (319 റൺസ്, 2014) റെക്കോർഡ് സഞ്ജു മറികടന്നു.
ടൂർണമെന്റിന് മുൻപ് മോശം ഫോമിലായിരുന്ന സഞ്ജു, നിർണ്ണായക ഘട്ടത്തിൽ ടീമിന് ആവശ്യമായ പ്രകടനം പുറത്തെടുക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും കോട്ടക് പറഞ്ഞു. ടീമിന് എപ്പോൾ എന്നെ ആവശ്യമുണ്ടോ, അപ്പോൾ ഞാൻ എന്‍റെ സംഭാവന നൽകും എന്നായിരുന്നു സഞ്ജു എപ്പോഴും പറഞ്ഞിരുന്നതെന്നും കൊട്ടക് ഓർത്തെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!