സഞ്ജുവിനെ വര്‍ണിച്ച് മതിയാകാതെ ഗവാസ്‌കര്‍; ഉപമിച്ചത് വിവ് റിച്ചാര്‍ഡ്‌സിനോട്

Published : Mar 10, 2026, 02:55 PM IST
Sanju and Viv Richards

Synopsis

2026 ടി20 ലോകകപ്പിലെ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' ആയ സഞ്ജു സാംസണെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ പ്രശംസിച്ചു. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെ വിവ് റിച്ചാര്‍ഡ്‌സിനോടും മഹേല ജയവര്‍ധനയോടുമാണ് ഗവാസ്‌കര്‍ ഉപമിച്ചത്. 

മുംബൈ: 2026 ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ വിസ്മയിപ്പിക്കുന്ന ഫോമിനെ പ്രശംസിച്ചുകൊണ്ട് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് ശേഷം പതറിയ ഇന്ത്യന്‍ ടീമിനെ ഉജ്ജ്വലമായി തിരികെ കൊണ്ടുവന്നത് സഞ്ജുവാണെന്ന് ഗാവസ്‌കര്‍ നിരീക്ഷിച്ചു. ടൂര്‍ണമെന്റിലെ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധസെഞ്ച്വറികള്‍ നേടി 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' ആയി മാറിയ സഞ്ജുവിനെ രാജ്യം നെഞ്ചിലേറ്റുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 89, ഇംഗ്ലണ്ടിനെതിരെ 97, ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 89 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍.

ജോഫ്ര ആര്‍ച്ചറെ തകര്‍ത്തുവിട്ട സഞ്ജു

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരമായിരുന്നു സഞ്ജുവിന്റെ ഏറ്റവും വലിയ പരീക്ഷണം. മുമ്പ് മൂന്ന് തവണ സഞ്ജുവിനെ പുറത്താക്കിയിട്ടുള്ള ജോഫ്ര ആര്‍ച്ചറുടെ വേഗതയേറിയ പന്തുകളെ സഞ്ജു നേരിട്ട രീതി ഗാവസ്‌കറെ അത്ഭുതപ്പെടുത്തി. ആര്‍ച്ചര്‍ക്കെതിരെ വെറും 14 പന്തില്‍ നിന്ന് 38 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

ഗവാസ്‌ക്കറുടെ വാക്കുകള്‍... ''ബാറ്റിംഗിലെ ശുദ്ധി സാധാരണയായി ടെസ്റ്റ് ക്രിക്കറ്റിലോ ഏകദിനത്തിലോ ആണ് കാണാറുള്ളത്. എന്നാല്‍ സഞ്ജു തന്റെ മൂന്ന് ഇന്നിംഗ്സുകളിലും ക്ലാസിക്കല്‍ ഷോട്ടുകളിലൂടെ അത് ടി20യിലും സാധ്യമാണെന്ന് കാണിച്ചുതന്നു. ആര്‍ച്ചറുടെ വേഗതയേറിയ പന്തുകളില്‍ സഞ്ജു കളിച്ച പുള്‍ ഷോട്ടുകള്‍ വിവ് റിച്ചാര്‍ഡ്സിനെ ഓര്‍മ്മിപ്പിച്ചു. അതേസമയം അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനയുടേതിന് സമാനവുമാണ്.'' സ്പോര്‍ട്സ്റ്റാറിലെ തന്റെ കോളത്തില്‍ ഗാവസ്‌കര്‍ കുറിച്ചു.

ബെഞ്ചില്‍ നിന്ന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിലേക്ക്

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സഞ്ജു ടീമിലുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. അഭിഷേക് ശര്‍മ്മയുടെ ഫോമില്ലായ്മയും റിങ്കു സിംഗിന്റെ കുടുംബപരമായ സാഹചര്യങ്ങളും സഞ്ജുവിന് വഴിതുറന്നു. സിംബാബ്വെക്കെതിരായ മത്സരത്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ നല്‍കിയ പിന്തുണ സഞ്ജുവിന് ആത്മവിശ്വാസം നല്‍കി. പിന്നീട് ഓപ്പണറായി എത്തിയ സഞ്ജു ചരിത്രം കുറിക്കുകയായിരുന്നു.

ഇതിനെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു... ''ഒരു ഇന്നിംഗ്സ് കൊണ്ട് ഒരാളുടെ ഫോം എങ്ങനെ മാറാം എന്നതിന് ഉദാഹരണമാണ് സഞ്ജു. ലോകകപ്പിന് തൊട്ടുമുമ്പ് വരെ അദ്ദേഹം ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാല്‍ ലഭിച്ച അവസരം അദ്ദേഹം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. വരും വര്‍ഷങ്ങളില്‍ ഓര്‍മ്മിക്കപ്പെടുന്ന മൂന്ന് മികച്ച ഇന്നിംഗ്സുകളാണ് അദ്ദേഹം കളിച്ചത്.'' ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യവംശി കുടുംബത്തിൽ നിന്ന് മറ്റൊരു താരോദയം കൂടി, സെഞ്ചുറിയുമായി വൈഭവ് സൂര്യവംശിയുടെ അനുജൻ ആശിർവാദ്
കിഷനോ രാഹുലോ?, കോലിക്ക് പകരം മൂന്നാം നമ്പറിൽ ആരിറങ്ങും?, ആദ്യ ഏകദിനത്തിന് മുമ്പ് നിർണായക സൂചനയുമായി കോച്ച്