അനാവശ്യമായ തീരുമാനം! വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കുമെതിരെ കടുത്ത വിമര്‍ശവുമായി ഗവാസ്‌കര്‍

By Web TeamFirst Published Aug 29, 2022, 6:52 PM IST
Highlights

ഇന്ത്യന്‍ ജേഴ്‌സിയില്‍ കോലിയുടെ 100-ാം ടി20 മത്സരമായിരുന്നു പാകിസ്ഥാനെതിരെ കളിച്ചത്. 2010ല്‍ സിംബാബ്‌വെക്കെതിരെ ആയിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം. മൂന്ന് ഫോര്‍മാറ്റിലും 100 മത്സങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മാത്രം താരമാണ് കോലി.

ദുബായ്: കരിയറിലെ 100-ാം ടി20 മത്സരമാണ് വിരാട് കോലി പൂര്‍ത്തിയാക്കിയത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ 34 പന്തില്‍ 35 റണ്‍സാണ് കോലി നേടിയത്. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കോലി നന്നായി ബുദ്ധിമുട്ടി. എന്നാല്‍ ചില ഷോട്ടുകള്‍ പഴയ കോലിയെ ഓര്‍മിപ്പിച്ചു. രോഹിത് ശര്‍മ (12) പുറത്തായതിന് പിന്നാലെ കോലിയും പവലിയനില്‍ തിരിച്ചെത്തി. ഇരുവരുടേയും ഷോട്ട് സെലക്ഷന്‍ മോശമായിരുന്നു. 

ഇപ്പോള്‍ കോലിയും രോഹിത്തും പുറത്തായ രീതി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ''ഒരൊറ്റ പന്തില്‍ രാഹുല്‍ പുറത്തായതുകൊണ്ട് ഒന്നും വിലയിരുത്താന്‍ സാധിക്കില്ല. കോലിക്കും രോഹിത്തിനും ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നു. കോലി മോശം ഫോമിലൂടെ കടന്നുപോവുമ്പോള്‍, ചില സമയങ്ങളില്‍ ഞാന്‍ ഭാഗ്യത്തെയാണ് പഴിച്ചിരുന്നത്. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഭാഗ്യത്തെ പഴിക്കാനില്ല. പാകിസ്ഥാനെതിരെ അദ്ദേഹത്തിന് ഭാഗ്യം ഒരുപാടുണ്ടായിരുന്നു. കോലിയുടെ ക്യാച്ച് ഫഖര്‍ സമാന്‍ വിട്ടുകളഞ്ഞു.

ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ ബാബറിന് പറ്റിയ വലിയ പിഴവ് അതായിരുന്നു, തുറന്നു പറഞ്ഞ് വസീം അക്രം

ഇന്‍സൈഡ് എഡ്ജുകളും വേണ്ടുവോളമുണ്ടായിരുന്നു. എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ മോശം പറയാനില്ലാത്ത ഇന്നിംഗ്‌സായിരുന്നു കോലിയുടേത്. എന്നാല്‍ കിട്ടിയ തുടക്കം മുതലാക്കാന്‍ കോലിക്ക് സാധിക്കണമായിരുന്നു. ചുരുങ്ങിയത് 60-70 റണ്‍സ് കോലിയില്‍ നിന്ന് പ്രതീക്ഷിച്ചു. എന്നാല്‍ രോഹിത് പുറത്തായതിന് പിന്നാലെ കോലിയും മടങ്ങി. ഷോട്ട് സെലക്ഷന്‍ മോശമായിരുന്നു എന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ആ സാഹചര്യത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.'' ഗവാസ്‌കര്‍ പറഞ്ഞു.

ബാറ്റില്‍ ടച്ചുണ്ടായിരുന്നു, ആവേഷും കാര്‍ത്തികും അംപയറും കേട്ടില്ല! ഫഖര്‍ സമാന്‍ നടന്നകന്നു- വീഡിയോ കാണാം

ഇന്ത്യന്‍ ജേഴ്‌സിയില്‍ കോലിയുടെ 100-ാം ടി20 മത്സരമായിരുന്നു പാകിസ്ഥാനെതിരെ കളിച്ചത്. 2010ല്‍ സിംബാബ്‌വെക്കെതിരെ ആയിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം. മൂന്ന് ഫോര്‍മാറ്റിലും 100 മത്സങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മാത്രം താരമാണ് കോലി. മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലറാണ് നേട്ടം സ്വന്തമാക്കിയ ആദ്യ ക്രിക്കറ്റര്‍.
 

click me!