ചെന്നൈയെ നേരിടുമ്പോള്‍ റെക്കോര്‍ഡിനരികെ വിരാട് കോലി; നേട്ടത്തിന് വേണ്ടത് വെറും 14 റണ്‍സ് മാത്രം

Published : Apr 05, 2026, 03:22 PM IST
Virat Kohli

Synopsis

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വിരാട് കോലി പുതിയ റെക്കോർഡിനരികെ. 14 റൺസ് കൂടി നേടിയാൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം കോലിക്ക് സ്വന്തമാക്കാം. 

ബെംഗളൂരു: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വിരാട് കോലി ഇന്ന് വീണ്ടും ക്രീസിലെത്തുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത ശേഷം ബെംഗളൂരു കളിക്കുന്ന രണ്ടാമത്തെ മത്സരമാണിത്. ഈ മത്സരത്തില്‍ വെറും 14 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന തന്റെ തന്നെ റെക്കോര്‍ഡ് കോലിക്ക് തിരുത്താം.

നിലവില്‍ പഞ്ചാബ് കിങ്സിനെതിരെ 1159 റണ്‍സ് നേടിയ കോലിക്ക്, ചെന്നൈക്കെതിരെ നിലവില്‍ 1146 റണ്‍സുണ്ട്. ഐപിഎല്ലില്‍ 8 സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ടെങ്കിലും ചെന്നൈക്കെതിരെ ഇതുവരെ മൂന്നക്കം കടക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സണ്‍റൈസേഴ്സിനെതിരായ ആദ്യ മത്സരത്തില്‍ 38 പന്തില്‍ 69 റണ്‍സുമായി കോലി മിന്നും ഫോമിലായിരുന്നു.

ധോണി ഇല്ലാതെ സിഎസ്‌കെ

മറുഭാഗത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് കടുത്ത പ്രതിസന്ധിയിലാണ്. പരിക്ക് കാരണം മുന്‍ നായകന്‍ എം എസ് ധോണി ഇന്നും കളിക്കില്ല. ധോണിയുടെ അഭാവത്തില്‍ സഞ്ജു സാംസണ്‍ ആണ് ചെന്നൈയുടെ വിക്കറ്റ് കീപ്പിംഗ് ചുമതല വഹിക്കുന്നത്. ധോണി തിരിച്ചെത്തിയാലും സഞ്ജു തന്നെ കീപ്പറായി തുടരുമെന്നാണ് സൂചന. ഈ സീസണില്‍ ഇതുവരെ ഒരു വിജയം പോലും നേടാനാകാതെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. നിലവില്‍ നാലാം സ്ഥാനത്തുള്ള ആര്‍സിബിക്ക് ഇന്ന് വലിയ മാര്‍ജിനില്‍ വിജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ സാധിക്കും.

കണക്കിലെ കളികള്‍

ചെന്നൈക്കെതിരെ 38.00ാണ് കോലിയുടെ ശരാശരി. കഴിഞ്ഞ സീസണ്‍ ചെന്നൈക്കെതിരെ രണ്ട് മത്സരങ്ങളില്‍ നിന്നായി 93 റണ്‍സ് കോലി നേടിയിരുന്നു. ആര്‍സിബി കിരീടം നേടിയപ്പോള്‍ സിഎസ്‌കെ ലീഗ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. കൗതുകകരമായ വസ്തുത, ചെന്നൈക്കെതിരെ കോലി ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയും തങ്ങളുടെ താളം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന സിഎസ്‌കെയും ഏറ്റുമുട്ടുമ്പോള്‍ ചിന്നസ്വാമിയില്‍ ഇന്ന് റണ്‍മഴ പെയ്യുമെന്ന് ഉറപ്പാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'എന്റെ ഹൃദയം ചെന്നൈക്കൊപ്പം'; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തില്‍ പ്രവചനവുമായി അശ്വിന്‍
'ആഭ്യന്തര ക്രിക്കറ്റിനുള്ള ആദരവ്'; സമീര്‍ റിസ്‌വിയെ വാഴ്ത്തി മുഹമ്മദ് കൈഫ്