കോലിയുടെ നഷ്ടം നികത്തേണ്ടത് അവര്‍ രണ്ടുപേരെന്ന് ഗവാസ്കര്‍

By Web TeamFirst Published Nov 21, 2020, 3:04 PM IST
Highlights

കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ചേതേശ്വര്‍ പൂജാരക്കും അജിങ്ക്യാ രഹാനെക്കും കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ ബാറ്റിംഗ് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടത് ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനെയുമാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍.  കോലിയുടെ അഭാവത്തില്‍ ഓസ്ട്രേലിയ പരമ്പരയില്‍ ആധിപത്യം നേടുമെന്ന വാദങ്ങള്‍ക്കിടെയാണ് ഗവാസ്കറുടെ പ്രതികരണം.

കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ചേതേശ്വര്‍ പൂജാരക്കും അജിങ്ക്യാ രഹാനെക്കും കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഇരുവരും അവരുടെ കഴിവിന്‍റെ പരമാവധി പുറത്തെടുക്കേണ്ടിവരും. മുമ്പ് പലപ്പോഴും കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള രഹാനെക്ക് പുതിയ ഉത്തരവാദിത്തം ആസ്വദിക്കാനാവുമെന്നാണ് കരുതുന്നത്.-ഗവാസ്കര്‍ പറഞ്ഞു.

പൂജാരയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും ഗവാസ്കര്‍ വ്യക്തമാക്കി.  ഒരു കളിക്കാരന്‍റെ സ്വാഭാവിക കളിയെ മാറ്റി മറിക്കേണ്ട ആവശ്യമില്ല. എങ്ങനെ റണ്‍സെടുക്കണമെന്നും സെഞ്ചുറി അടിക്കണമെന്നും പൂജാരയെ ആരും പഠിപ്പിക്കുകയും വേണ്ട. അദ്ദേഹത്തെ വെറുതെ വിട്ടാല്‍ തന്നെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ പൂജാരക്കാവും. അത് ഇന്ത്യക്കും ഗുണകരമാവും. കാരണം ക്രീസില്‍ നിലയുറപ്പിച്ചാല്‍ പൂജാരയെ പുറത്താക്കുക എളുപ്പമല്ല. അദ്ദേഹത്തിന് ചുറ്റും ബാറ്റ് ചെയ്ത് മറ്റുള്ളവര്‍ക്ക് റണ്‍സടിക്കാനുമാവും-ഗവാസ്കര്‍ പറഞ്ഞു.

click me!