2020ല്‍ ജൊഹന്നസ്ബർഗില്‍ ഓസീസിനോട് 89 റണ്‍സില്‍ പുറത്തായതായിരുന്നു മുമ്പ് ദക്ഷിണാഫ്രിക്കയുടെ പേരിലുണ്ടായിരുന്ന കുറഞ്ഞ ടി20 ടോട്ടല്‍

രാജ്കോട്ട്: രാജ്കോട്ട് ടി20യില്‍(IND vs SA 4th T20I) ആവേശ് ഖാന്‍റെ ആവേശ ബൌളിംഗിന് മുന്നില്‍ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് നാണക്കേടിന്‍റെ റെക്കോർഡ്. ഇന്ത്യക്കെതിരെ നാലാം ടി20യില്‍ 82 റണ്‍സിന് തോറ്റ ദക്ഷിണാഫ്രിക്ക കുട്ടി ക്രിക്കറ്റില്‍ ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും കുഞ്ഞന്‍ സ്കോറില്‍(87) പുറത്താവുകയായിരുന്നു. 2020ല്‍ ജൊഹന്നസ്ബർഗില്‍ ഓസീസിനോട് 89 റണ്‍സില്‍ പുറത്തായതായിരുന്നു മുമ്പ് ദക്ഷിണാഫ്രിക്കയുടെ പേരിലുണ്ടായിരുന്ന കുറഞ്ഞ ടി20 ടോട്ടല്‍. 

രാജ്കോട്ടില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-2ന് ഒപ്പമെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 16.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ പിന്നീട് ബാറ്റ് ചെയ്യാനിറങ്ങിയില്ല. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 18 റണ്‍സിന് നാലു വിക്കറ്റെടുത്ത ആവേശ് ഖാന്‍റഎ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തളച്ചത്. യുസ്‍വേന്ദ്ര ചാഹല്‍ രണ്ടും ഹർഷല്‍ പട്ടേലും അക്സർ പട്ടേലും ഓരോ വിക്കറ്റും നേടി. 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. ഐപിഎല്‍ മികവ് ആവർത്തിച്ച ഡികെയുടെ മികവിലാണ് ഇന്ത്യ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോറിലെത്തിയത്. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സെടുത്തു. നായകന്‍ റിഷഭ് പന്ത് 17 റണ്‍സില്‍ പുറത്തായി. ഓപ്പണർ ഇഷാന്‍ കിഷന്‍ 27 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി രണ്ടും മാർക്കോ യാന്‍സനും ഡ്വെയ്ന്‍ പ്രിറ്റോറിയസും ആന്‍റിച്ച് നോർക്യയും കേശവ് മഹാരാജും ഓരോ വിക്കറ്റുമെടുത്തു.

IND vs SA : രാജ്കോട്ടിലെ രാജകീയ ജയം; ടീം ഇന്ത്യക്ക് റെക്കോർഡ്