
മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അമേരിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജുവിന്റെ മോശം പ്രകടനമാണ് ഗവാസ്‌കറുടെ കടുത്ത നിലപാടിന് പിന്നില്‍. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20-യ്ക്ക് ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ ഫോമില്ലാത്ത താരങ്ങളെ വെച്ച് റിസ്‌ക് എടുക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറാകില്ലെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
കിട്ടിയ എല്ലാ അവസരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജു സാംസണ് സെലക്ഷന്‍ കമ്മിറ്റി മതിയായ അവസരങ്ങള്‍ നല്‍കി. എന്നാല്‍ അഞ്ച് മത്സരങ്ങളിലും അദ്ദേഹം നിരാശപ്പെടുത്തി. 24 റണ്‍സാണ് പരമ്പരയിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ആകെ നേടാനയത് 46 റണ്‍സ്. ഇത് കാണിക്കുന്നത് അദ്ദേഹത്തിന് ആത്മവിശ്വാസം കുറവാണെന്നാണ്. തിലക് വര്‍മ പൂര്‍ണ്ണ കായികക്ഷമത കൈവരിച്ചാല്‍, ഫെബ്രുവരി 7ന് അമേരിക്കയ്ക്കെതിരെ സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ ഫോമില്ലാത്ത താരങ്ങളെ വെച്ച് റിസ്‌ക് എടുക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറാകില്ല.'' ഗവാസ്‌കര്‍ പറഞ്ഞു.
പരമ്പരയിലുടനീളം പതറിയ സഞ്ജുവിന് അവസാന മത്സരത്തില്‍ തിരുവനന്തപുരത്ത് സ്വന്തം കാണികള്‍ക്ക് മുന്നിലും തിളങ്ങാനായില്ല. ആറ് റണ്‍സെടുത്ത് സഞ്ജു മടങ്ങിയപ്പോള്‍, മൂന്നാം നമ്പറില്‍ ഇറങ്ങി ഇഷാന്‍ കിഷന്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയത് സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍-അഭിഷേക് ശര്‍മ്മ സഖ്യം ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമെന്ന സൂചനയാണ് ഗവാസ്‌കര്‍ നല്‍കുന്നത്.
വിശാഖപട്ടണത്ത് നടന്ന മത്സരത്തിലെ സഞ്ജുവിന്റെ പുറത്താകലിനെയും ഗവാസ്‌കര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. സഞ്ജുവിന്റെ ഫൂട്ട് വര്‍ക്കില്‍ വലിയ പാളിച്ചകളുണ്ടെന്നും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ താരം നിസ്സഹായനാകുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!