ഏത് പിച്ചും അതിജീവിക്കാനുള്ള ടീം ഇന്ത്യക്കുണ്ട്; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ഗവാസ്‌കര്‍

By Web TeamFirst Published May 30, 2021, 9:57 PM IST
Highlights

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യത്തിന് തടയിടാനായി പുല്ലുള്ള പിച്ചായിരിക്കും ഇംഗ്ലണ്ടില്‍ ഒരുക്കുകയെന്ന് ഗവാസ്‌കര്‍ വ്യക്കമാക്കി.

മുംബൈ: ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോള്‍ പിച്ചിനെ കുറിച്ച് വലിയ വിവാദങ്ങളുണ്ടായിരുന്നു. അമിതമായി സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചൊരുക്കിയാണ് ഇന്ത്യ പരമ്പര നേടിയതെന്ന് മുന്‍ ഇംഗ്ലണ്ട്് ക്യാപ്റ്റനും ക്രിക്കറ്റ് കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കൊരിക്കലും മോശം പിച്ചില്‍ കളിക്കേണ്ടി വരില്ലെന്ന് ജയിംസ് ആന്‍ഡേഴ്‌സണും പറയുകയുണ്ടായി. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കാന്‍ സാധ്യതയുള്ള പിച്ചിന്റെ സ്വഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യത്തിന് തടയിടാനായി പുല്ലുള്ള പിച്ചായിരിക്കും ഇംഗ്ലണ്ടില്‍ ഒരുക്കുകയെന്ന് ഗവാസ്‌കര്‍ വ്യക്കമാക്കി. ''ഇന്ത്യയിലെ പിച്ചുകള്‍ക്ക് നിലവാരമില്ലെന്ന് ഇംഗ്ലണ്ട് ഇംഗ്ലണ്ട് പരാതിപ്പെട്ടിരുന്നു. അമിതമായി സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചായിരുന്നുവെന്നും വാദമുണ്ടായി. ഇംഗ്ലണ്ടില്‍ പുല്ലുള്ള പിച്ചിലായിരിക്കും ഇന്ത്യക്ക് കളിക്കേണ്ടി വരിക. എന്നാല്‍ ഏത് പിച്ചിലും ആധിപത്യം പുലര്‍ത്താനുള്ള ടീം ഇന്ത്യക്കുണ്ട്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് ആറാഴ്ച്ചത്തെ ഇടവേള ലഭിക്കും. 

സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാന്‍ ഈ സമയം ഇന്ത്യയെ സഹായിക്കും. ഇംഗ്ലണ്ട് ഒരുക്കിയിരിക്കുന്ന വെല്ലുവിളികളെ വിജയകരമായി മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കും. സ്‌കോര്‍ എന്തായിരിക്കുമെന്നും ഇന്ത്യ എങ്ങനെ ജയിക്കുമെന്നും ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ് ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ഗോള്‍ഡന്‍ സമ്മറായിരിക്കും.'' ഗവാസ്‌കര്‍ പറഞ്ഞു നിര്‍ത്തി. 

ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. പേസര്‍മാരെ സഹായിക്കുന്ന പിച്ചൊരുക്കുമെന്നുള്ളതിനാല്‍ മികച്ച പേസ് യൂനിറ്റുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ടീമിലുണ്ട്.

click me!