
കൊൽക്കത്ത: ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ സൺറൈസേഴ്സ് ഹൈദരാബാദാണ് കൊൽക്കത്തയെ 65 റണ്‍സിന് തകര്‍ത്തത്. സീസണില്‍ ഹൈദരാബാദിന്‍റെ ആദ്യ ജയവും കൊൽക്കത്തയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 227 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊല്‍ക്കത്ത 16 ഓവറില്‍ 161 റണ്‍സിന് പുറത്തായി.
29 പന്തില്‍ 52 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശിയും 7 പന്തില്‍ 28 റണ്‍സെടുത്ത ഫിന്‍ അലനും 25 പന്തില്‍ 35 റണ്‍സടിച്ച റിങ്കു സിംഗും മാത്രമെ കൊല്‍ക്കത്തക്കായി പൊരുതിയുള്ളു. ഹൈദരാബാദിനായി ജയ്ദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഇഷാന്‍ മലിംഗയുംരണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 226-8, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 16 ഓവറില്‍ 161ന് ഓള്‍ ഔട്ട്.
227 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊല്‍ക്കത്തക്ക് ഓപ്പണര്‍ ഫിൻ അലന്‍ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ആദ്യ പന്തില്‍ സിംഗിളെടുത്ത ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ അലന് സ്ട്രൈക്ക് കൈമാറി. പിന്നീട് നേരിട്ട അഞ്ച് പന്തില്‍ 24 റണ്‍സാണ് അലന്‍ അടിച്ചെടുത്തത്. ആദ്യ ഓവറില്‍ 25 റണ്‍സടിച്ചെങ്കിലും രണ്ടാം ഓവറില്‍ ഹര്‍ഷ് ദുബെയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി അലന്‍ മടങ്ങിയത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി. ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ(10 പന്തില്‍ 8) നിരാശപ്പെടുത്തിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍(2) റണ്ണൗട്ടായി മടങ്ങിയത് കൊല്‍ക്കത്തയുടെ പ്രതീക്ഷ തകര്‍ത്തു.
അംഗ്രിഷ് രഘുവംശിയും റിങ്കു സിംഗും ചേര്‍ന്ന് 46 റണ്‍സ് കൂട്ടുകെട്ടിലൂടെ പ്രതീക്ഷ നല്‍കിയെങ്കിലും രഘുവംശിയും റണ്ണൗട്ടായി മടങ്ങിയത് കൊല്‍ക്കത്തക്ക് പ്രഹരമായി.അവസാന പ്രതീക്ഷയായ റിങ്കു സിംഗും(35) നിതീഷിന് മുന്നില്‍ വീണതോടെ കൊല്‍ക്കത്തയുടെ പോരാട്ടം അവസാനിച്ചു. നേരിട്ട ആദ്യ രണ്ട് പന്തും സിക്സിന് പറത്തിയ സുനില്‍ നരെയ്നിന്‍റെ(4 പന്തില്‍ 12) വെടിക്കെട്ടും അധികം നീണ്ടില്ല. രമണ്‍ദീപ് സിംഗ്(10) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തു. 35 പന്തില്‍ 52 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍.അഭിഷേക് ശര്‍മ 21 പന്തില്‍ 48 റണ്‍സെടുത്തപ്പോള്‍ മറ്റൊരു ഓപ്പണറായ ട്രാവിസ് ഹെഡ് 21 പന്തില്‍ 46 റണ്‍സെടുത്തു. കൊല്‍ക്കത്തക്കായി ബ്ലെസിംഗ് മുസറബാനി നാലും വൈഭവ് അറോറയും രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!