ആഗസ്റ്റ് 20 മുതല്‍ ആരംഭിക്കുന്ന ഫാന്‍ വില്ലേജില്‍, മത്സരത്തിന്റെ ആവേശത്തിനൊപ്പം കുടുംബസമേതം ആസ്വദിക്കാന്‍ കഴിയുന്ന ഗെയിമുകളും വിനോദങ്ങളും ഭക്ഷണശാലകളും ഉണ്ടാകും. കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
തിരുവനന്തപുരം: മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് ഇരട്ടിമധുരം നല്‍കാന്‍ കെസിഎല്‍ ഫാന്‍ വില്ലേജ് ഒരുങ്ങുന്നു.ആഗസ്റ്റ് 20 മുതല്‍ കാര്യവട്ടം ദി സ്‌പോര്‍ട്‌സ് ഹബ്ബ് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ 5-ാം ?ഗേറ്റിന് സമീപമാണ് ഫാന്‍ വില്ലേജ് പ്രവര്‍ത്തിക്കുക. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഓണക്കാലത്ത് കളി കാണാനെത്തുന്നവര്‍ക്ക് മത്സരത്തിന്റെ ആവേശത്തോടൊപ്പം കുടുംബസമേതം ആസ്വദിക്കാന്‍ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് ഇതിലൂടെ കെസിഎ സമ്മാനിക്കുന്നത്.
ഉത്സവപ്പറമ്പുകളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകള്‍ക്കൊപ്പം ആധുനിക വിനോദോപാധികളും ചേരുന്നതാണ് ഫാന്‍ വില്ലേജ്. കൂട്ടുകാര്‍ക്കൊപ്പം സ്ലോ-മോഷന്‍ സിനിമാറ്റിക് വിഡിയോകള്‍ പകര്‍ത്താന്‍ കഴിയുന്ന 360 ഡിഗ്രി ഫോട്ടോബൂത്തും, ഡിജിറ്റല്‍ കാരിക്കേച്ചര്‍ കൗണ്ടറുകളും കാണികള്‍ക്ക് പുതിയ കാലത്തിന്റെ ആഘോഷാനുഭവമേകും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആംഗ്രി ബേര്‍ഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗണ്‍, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാര്‍ണിവല്‍ ഗെയിമുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാം. ഇതിനുപുറമെ, ക്രിക്കറ്റ് താരങ്ങളെപ്പോലെ മെയ്വഴക്കവും വേഗതയും പരീക്ഷിക്കുന്ന 'ബാറ്റണ്‍ ക്യാച്ചര്‍', ഭീമന്‍ 'കണക്റ്റ്-4' എന്നീ ഗെയിമുകളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകും. ഔദ്യോഗിക ടീം മെര്‍ച്ചന്‍ഡൈസ് സ്റ്റാളുകളും വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി വിപുലമായ ഭക്ഷണശാലകളും വര്‍ണ്ണാഭമായ വൈദ്യുതദീപാലങ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഓണക്കാലത്ത് അരങ്ങേറുന്ന കെസിഎല്‍ മൂന്നാം സീസണ്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒന്നാകെ ആസ്വദിക്കാനുള്ള വലിയൊരു കായിക ഉത്സവമാണെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി സ്റ്റേഡിയത്തിലേക്ക് എത്തുന്നവര്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിക്കാനാണ് ഫാന്‍ വില്ലേജിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കളികാണാന്‍ എത്തുന്ന കായിക പ്രേമികള്‍ക്ക് പൂര്‍ണ്ണ തോതിലുള്ള കാര്‍ണിവല്‍ അന്തരീക്ഷം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച വേദിയായിരിക്കും ഫാന്‍ വില്ലേജെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാര്‍ അഭിപ്രായപ്പെട്ടു. ക്രിക്കറ്റിന്റെ ആവേശവും ഓണത്തിന്റെ ആഘോഷവും ഒരുപോലെ സമന്വയിപ്പിച്ച് കൂടുതല്‍ ആളുകളെ ഗ്യാലറികളിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ദിവസവും വേറിട്ട വിനോദ പരിപാടികളാണ് ഫാന്‍ വില്ലേജില്‍ ഒരുക്കിയിരിക്കുന്നതെന്നും, മികച്ച നിലവാരത്തിലുള്ള ഈ അനുഭവങ്ങള്‍ ഓണക്കാലത്തെ ക്രിക്കറ്റ് കാര്‍ണിവലിന് കൂടുതല്‍ മിഴിവേകുമെന്നും കെസിഎ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മിനു ചിദംബരം പറഞ്ഞു.

