
പൂനെ: ആവേശം അവസാന പന്തുവരെ നീണ്ട വനിതാ ടി20 ചലഞ്ച്(Womens T20 Challenge 2022) ഫൈനലില്‍ വെലോസിറ്റിയെ നാലു റണ്‍സിന് വീഴ്ത്തി സൂപ്പര്‍നോവാസിന് (Supernovas vs Velocity Final) കീരിടം. സൂപ്പര്‍നോവാസ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെലോസിറ്റിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വനിതാ ടി20 ചലഞ്ചില്‍ സൂപ്പര്‍നോവാസിന്‍റെ മൂന്നാം കിരീടമാണിത്.സ്കോര്‍ സൂപ്പര്‍നോവാസ് 20 ഓവറില്‍ 165-7, വെലോസിറ്റി 20 ഓവറില്‍ 161-8.
ജയത്തിലേക്ക് അവസാന ഓവറില്‍ 17 റണ്‍സും അവസാന പന്തില്‍ ആറ് റണ്‍സുമായിരുന്നു വെലോസിറ്റിക്ക് വേണ്ടിയിരുന്നത്. അര്‍ധസെഞ്ചുറിയുമായി പൊരുതിയ ലോറാ വോള്‍വാര്‍ഡ് എക്ലിസ്റ്റോണിന്‍റെ ആദ്യ പന്തില്‍ തന്നെ സിക്സടിച്ചതോടെ മത്സരം ആവേശകരമായി. എന്നാല്‍ രണ്ടാം പന്തില്‍ ഒരു റണ്‍ മാത്രം വഴങ്ങിയ എക്സിസ്റ്റോണ്‍ പിന്നീട് ബൗണ്ടറികളൊന്നും വഴങ്ങിയില്ല. അവസാന പന്തില്‍ ജയത്തിലേക്ക് ആറ് റണ്‍സ് വേണമായിരുന്ന വെലോസിറ്റിക്ക് ഒരു റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
പതിനേഴാം ഓവറ്‍ കഴിഞ്ഞപ്പോള്‍ 118-8 എന്ന് തോല്‍വി ഉറപ്പിച്ച വെലോസിറ്റിയെ വോള്‍വാര്‍ഡിന്‍റെയും സിമ്രാന്‍ ബഹാദൂറിന്‍റെയും(10 പന്തില്‍ 20*) പോരാട്ടമാണ് ജയത്തിന് അടുത്തെത്തിച്ചത്. അലാന കിംഗിന്‍റെ പതിനെട്ടാം ഓവറില്‍ 14 റണ്‍സും പൂജാ വസ്ട്രക്കറുടെ പത്തൊമ്പതാം ഓവറില്‍ 17 റണ്‍സും അടിച്ച വെലോസിറ്റിക്ക് പക്ഷെ അവസാന ഓവറില്‍ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. പൂജയെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ തുടര്‍ച്ചയായ മൂന്ന് ബൗണ്ടറി അടിച്ച സിമ്രാന്‍ ബഹാദൂറും വോള്‍വാര്‍ഡിന് പിന്തുണ നല്‍കി.
ഷഫാലി വര്‍മയും(8 പന്തില്‍ 15), യാസ്തിക ഭാട്ടിയയും(9 പന്തില്‍ 13), കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ കിരണ്‍ നാവ്ഗിറെയും(0), ക്യാപ്റ്റന്‍ ദീപ്തി ശര്‍മയും(2) നിരാശപ്പെടുത്തിയപ്പോള്‍ ലോറാ വോള്‍വാര്‍ഡ് 40 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്നു. സ്നേഹ് റാണ(15), കേറ്റ് ക്രോസ്(13) എന്നിവരും വെലോസിറ്റിക്കായി പൊരുതി. സൂപ്പര്‍നോവാസിനു വേണ്ടി ദേന്ദ്ര ഡോട്ടിനും സോഫി എക്ലിസ്റ്റോണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. 44 പന്തില്‍ 62 റണ്‍സെടുത്ത ഓപ്പണര്‍ ദേന്ദ്ര ഡോട്ടിനാണ്(Deandra Dottin) സൂപ്പര്‍ നോവാസിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(Harmanpreet Kaur) 29 പന്തില്‍ 43 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങി.
വെലോസിറ്റിക്കായി കേറ്റ് ക്രോസ് നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മ നാലോവറില്‍ 20റണ്‍സിന് രണ്ട് വിക്കറ്റും സിമ്രാന്‍ ബഹാദൂര്‍ നാലോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റും അയബോങ്ക ഖാക നാലോവറില്‍ 27 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!