IPL 2022: അങ്ങനെ ചെയ്താല്‍ വൈകാതെ അവന് ഇന്ത്യന്‍ ടീമില്‍ കളിക്കാം; രാജസ്ഥാന്‍ താരത്തെക്കുറിച്ച് സെവാഗ്

By Web TeamFirst Published May 28, 2022, 9:36 PM IST
Highlights

ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് സിറാജിനെതിരെ 16 റണ്‍സടിച്ച് ജയ്സ്വാള്‍ മറുവശത്ത് നില്‍ക്കുന്ന ജോസ് ബട്‌ലറുടെ സമ്മര്‍ദ്ദമകറ്റി. അതിന് അവന് കൈയടിച്ചേ മതിയാകു. ചെറിയ ഇന്നിംഗ്സായിരിക്കാം അവന്‍ കളിച്ചത്. പക്ഷെ അത് ടീമിന് വലിയ സംഭാവനയായിരുന്നു. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ കഴിയുന്നൊരു ബാറ്ററുള്ള രാജസ്ഥാനെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്.

അഹമ്മദാബാദ്: ഐപിഎല്ലില്‍(IPL 2022) മികവ് കാട്ടിയ ഒട്ടേറെ യുവതാരങ്ങളുണ്ട്. ഇവരില്‍ പലരും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലിടം പ്രതീക്ഷിച്ചെങ്കിലും നിരാശരായി. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ മലയാളി താരം സ‍ഞ്ജു സാംസണ്‍(Sanju Samson) ഒഴിവാക്കപ്പെട്ടതാണ് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായത്. എന്നാലിപ്പോള്‍ മറ്റൊരു രാജസ്ഥാന്‍ താരം ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യതയെക്കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്(Virender Sehwag).

രാജസ്ഥാന്‍റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ(Yashasvi Jaiswal) പ്രകടനമാണ് സെവാഗില്‍ മതിപ്പുളവാക്കിയത്. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ജയ്‌സ്വാള്‍ നല്‍കിയ തുടക്കമാണ് രാജസ്ഥാന്‍റെ കുതിപ്പിന് കാരണമായതെന്ന് സെവാഗ് പറയുന്നു.

ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് സിറാജിനെതിരെ 16 റണ്‍സടിച്ച് ജയ്സ്വാള്‍ മറുവശത്ത് നില്‍ക്കുന്ന ജോസ് ബട്‌ലറുടെ സമ്മര്‍ദ്ദമകറ്റി. അതിന് അവന് കൈയടിച്ചേ മതിയാകു. ചെറിയ ഇന്നിംഗ്സായിരിക്കാം അവന്‍ കളിച്ചത്. പക്ഷെ അത് ടീമിന് വലിയ സംഭാവനയായിരുന്നു. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ കഴിയുന്നൊരു ബാറ്ററുള്ള രാജസ്ഥാനെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്.

'ധൈര്യമുണ്ടോ നിങ്ങള്‍ക്ക്', മുന്‍ ഇന്ത്യന്‍ താരത്തെ അമ്പയറാവാന്‍ വെല്ലുവിളിച്ചിരുന്നുവെന്ന് സൈമണ്‍ ടോഫല്‍

പക്ഷെ അവന്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കണമെങ്കില്‍ വലിയ സ്കോറുകള്‍ നേടിയേ മതിയാവു. മികച്ച തുടക്കങ്ങള്‍ വലിയ സ്കോറാക്കി മാറ്റിയാലെ അവന്‍ ഇന്ത്യന്‍ ടീമിലെത്തു. അവനത് ചെയ്താല്‍ തീര്‍ച്ചയായും അവന്‍ ഇന്ത്യക്കായി കളിക്കുമെന്നുറപ്പ്. റണ്ണിനായുള്ള ദാഹം അടങ്ങാതെ കാക്കാന്‍ അവനാവണം. പക്ഷെ അവന്‍ ഇന്നലെ 13 പന്തില്‍ നേടിയ 21 റണ്‍സ് ടീമിന് വിലമതിക്കാനാവാത്തതായിരുന്നുവെന്ന് നിസംശയം പറയാം-സെവാഗ് പറഞ്ഞു.

'വോണ്‍ പുഞ്ചിരിക്കുന്നു, കാരണം രാജസ്ഥാന്‍ നന്നായി കളിച്ചു'; ഹൃദയം കീഴടക്കി ആര്‍സിബിയുടെ ട്വീറ്റ്

ആര്‍സിബിക്കെതിരായ മത്സരത്തില്‍ 13 പന്തില്‍ 21 റണ്‍സടിച്ച ജയ്സ്വാള്‍ പവര്‍പ്ലേയില്‍ ജോഷ് ഹേസല്‍വുഡിന്‍റെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. സീസണ്‍ തുടക്കത്തില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ജയ്സ്വാളിന് പിന്നീട് കുറേ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്നു. എന്നാല്‍ തിരിച്ചെത്തിയശേഷം തകര്‍പ്പന്‍ ഫോമിലായ ജയ്‌സ്വാള്‍ പവര്‍പ്ലേയില്‍ പുറത്തെടുക്കുന്ന പ്രകടനം രാജസ്ഥാന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി.

നാളെ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുകയാമ് രാജസ്ഥാന്‍ റോയല്‍സ്. 2008നുശേഷം ആദ്യ കിരീടമാണ് റോയല്‍സ് ലക്ഷ്യമിടുന്നതെങ്കില്‍ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം നേടി ചരിത്രം സൃഷ്ടിക്കാനാണ് ഗുജറാത്ത് ഇറങ്ങുന്നത്.

click me!