ചെറിയൊരു പിഴവ് സംഭവിച്ചാൽ പോലും സോഷ്യൽ മീഡിയയിൽ ചിലർ അവൻ ടീമിൽ നിന്ന് പുറത്തുപോകണമെന്ന് മുറവിളി കൂട്ടാറുണ്ടെന്ന് പത്താന്‍ പറഞ്ഞു.

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ 38 പന്തിൽ 113 റൺസ് അടിച്ച് കൂട്ടി ഇന്ത്യയ്ക്ക് മിന്നുന്ന വിജയം സമ്മാനിച്ച ഓപ്പണർ അഭിഷേക് ശർമയെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ചെറിയ തിരിച്ചടികളുടെ പേരിൽ പോലും അഭിഷേകിനെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന സോഷ്യൽ മീഡിയ വിമർശകർക്കെതിരെയാണ് മത്സരശേഷം തന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കവെ പത്താന്‍ ആഞ്ഞടിച്ചത്.

ചെറിയൊരു പിഴവ് സംഭവിച്ചാൽ പോലും സോഷ്യൽ മീഡിയയിൽ ചിലർ അവൻ ടീമിൽ നിന്ന് പുറത്തുപോകണമെന്ന് മുറവിളി കൂട്ടാറുണ്ടെന്ന് പത്താന്‍ പറഞ്ഞു. എന്നാൽ ടീം മാനേജ്‌മെന്‍റിനും സെലക്ടർമാർക്കും വ്യക്തമായ കാഴ്ചപ്പാടുണ്ട്. അഭിഷേക് ടീമിലെ പ്രധാന കളിക്കാരനാണെന്നും അവസരം ലഭിക്കുമ്പോഴെല്ലാം തിളങ്ങുമെന്നും അവർക്കറിയാം- പത്താൻ വ്യക്തമാക്കി.

അഭിഷേക് ഫോമിലല്ലാതിരുന്ന സമയത്തും താൻ അവന്‍റെ കൂടെ ഉറച്ചുനിന്നിരുന്നുവെന്ന് പത്താൻ ഓർമ്മിപ്പിച്ചു. ലോകത്തെ ഏറ്റവും ഭയരഹിതനായ ഹിറ്ററാണ് അഭിഷേക്. പ്രത്യേകിച്ച് ഓഫ് സൈഡിൽ അവൻ സിക്സറുകളും ഫോറുകളും പായുന്ന രീതി അവിശ്വസനീയമാണെന്നും പത്താൻ കൂട്ടിച്ചേർത്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

മത്സരത്തിൽ വൈഭവ് സൂര്യവംശിയുമായി ചേർന്ന് 43 പന്തിൽ 133 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഭിഷേക് പടുത്തുയർത്തിയത്. 9 ഫോറുകളും 11 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ വിനാശകാരിയായ ഇന്നിംഗ്സ്. ന്യൂസിലൻഡ് മണ്ണിൽ ഇത്രയും വേഗത്തിൽ സെഞ്ചുറി നേടുക എന്നത് ഏത് ഇന്ത്യൻ ബാറ്റർക്കും അപൂർവ്വ നേട്ടമാണെന്നും ഇർഫാൻ പത്താൻ ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക