അപകടകാരിയാണ് ഷമി, അവനോട് ഭക്ഷണം കഴിച്ചിട്ട് പന്തെറിഞ്ഞാല്‍ മതിയെന്ന് പറയും; പരിശീലനത്തെ കുറിച്ച് റെയ്ന

By Web TeamFirst Published Aug 6, 2020, 2:43 PM IST
Highlights

ധോണി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ചും റെയ്ന വാചാലനായി.
 

ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വെറ്റരന്‍ താരം സുരേഷ് റെയ്ന. ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവര്‍ക്കൊപ്പമാണ് റെയ്നയുടെ പരിശീലനം. സെപ്റ്റംബര്‍ 19ന് യുഎഇയിലാണ് ഐപിഎല്‍ ആരംഭിക്കുക. നവംബര്‍ 10 അവസാനിക്കുന്ന രീതിയിലാണ് ടൂര്‍ണമെന്റ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കഠിന പരിശീലനത്തിലാണ് റെയ്ന ഉള്‍പ്പെടെയുള്ള താരങ്ങള്‍. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ ക്രിക്കറ്റിലേക്ക് വരുന്നത്. ക്രിക്കറ്റ് പുനഃരാരംഭിക്കുന്നതിന്റെ ആകാംക്ഷ മുഴുവന്‍ റെയ്നയിലുണ്ട്. പോരാത്തതിന് ധോണി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ചും റെയ്ന വാചാലനായി. ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് റെയ്നയുടെ വാക്കുകളിങ്ങനെ... ''കൊവിഡ് വ്യാപകമാവുന്നതിന് മുമ്പ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം പരിശീലനം നടത്തിയിരുന്നു. അന്ന് ഞാനും കൂടെയുണ്ടായിരുന്നു. ഐപിഎല്ലിന്റെ വലിയ അംബാസിഡറാണ് ധോണി. തീര്‍ച്ചയായും താരത്തിന്റെ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ വൈകാതെ നമുക്ക് കാണാം. ഐപിഎലിന്റെ കാര്യത്തില്‍ അദ്ദേഹവും ആവേശത്തിലാണ്.  യുഎഇയിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണിയും.'' താരം പറഞ്ഞു. 

ഇപ്പോഴത്തെ പരിശീലനത്തെ കുറിച്ചും ധോണി റെയ്ന സംസാരിച്ചു. ''ഷമിയോടൊപ്പമാണ് പരിശീലനം നടത്തുന്നത്. നമ്മള്‍ എപ്പോഴും പേസര്‍ ബൗളര്‍മാരോട് സൗഹൃദം സ്ഥാപിക്കുന്നത് നല്ലതാണ്. ചില സമയങ്ങളില്‍ അവര്‍ അപകടകാരികളാളും. ഞാന്‍ ഷമിയോട് പറയുന്നത് ഭക്ഷണം കഴിച്ച ശേഷം പന്തെറിയാനാണ്. അങ്ങനെയാവുമ്പോള്‍ ഷമിക്ക് അധികം പേസ് ഉപയോഗിക്കാനാവില്ല.'' റെയ്ന ചെറുചിരിയോടെ പറഞ്ഞു.

സീസണില്‍ ആര് ചാംപ്യനാവുമെന്ന് പറയാനാവില്ലെന്നും റെയ്ന പറഞ്ഞു. ''ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് ആരംഭിക്കുന്നത്. എല്ലാ ടീമുകളും ശക്തരാണ്. അതുകൊണ്ടുതന്നെ ആര് ചാംപ്യന്മാരാവുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല.'' റെയ്ന പറഞ്ഞുനിര്‍ത്തി.

click me!