
മുംബൈ: തന്നെ ട്രോളിയ പാകിസ്ഥാന്‍ ജേര്‍ണലിസ്റ്റിന്റെ വായടപ്പിച്ച് ഇന്ത്യന്‍താരം സുരേഷ് റെയ്‌ന. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നുഇരുവരുടേയും വാക്കേറ്റം. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയെ ട്വന്റി 20 ലോകകപ്പിനുള്ള അംബാസഡറായി ഐസിസി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് സംഭവം. തുടക്കമിട്ടത് പാകിസ്ഥാന്‍ ജേര്‍ണലിസ്റ്റ് ഇമ്രാന്‍ സിദ്ധിഖ്. ഹലോ സുരേഷ് റെയ്‌ന, 2024ലെ ട്വന്റി 20 ലോകകപ്പിനുള്ള അംബാസഡറായി ഐസിസി ഷാഹിദ് അഫ്രീദിയെ തെരഞ്ഞെടുത്തു എന്നായിരുന്നു ഇമ്രാന്‍ സിദ്ധിഖിന്റെ പോസ്റ്റ്.
തൊട്ടുപിന്നാലെ റെയ്‌നയുടെ ചൂടന്‍ മറുപടിയെത്തി. ഞാന്‍ ഐസിസിയുടെ അംബാസഡറല്ല. പക്ഷേ, 2011ലെ ലോകകപ്പ് എന്റെ വീട്ടിലുണ്ട്. അന്നത്തെ മൊഹാലിയിലെ മത്സരം ഓര്‍മ്മയില്ലേ. അത് താങ്കള്‍ക്ക് മറക്കാനാവാത്ത ഓര്‍മകള്‍ നല്‍കുമെന്ന് ഉറപ്പ്. റെയ്‌നയുടെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള ഈ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ തീക്കാറ്റാവാന്‍ ഏറെ നേരം വേണ്ടിവന്നില്ല. 2011 ലോകകപ്പിലെ മൊഹാലി പോരില്‍ ഇന്ത്യ 29 റണ്‍സിന് പാകിസ്ഥാനെ തോല്‍പിച്ചിരുന്നു. പുറത്താവാതെ 36 റണ്‍സെടുത്ത റെയ്‌നയുടെ ഇന്നിംഗ്‌സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു.
ഇത് ഓര്‍മിപിച്ചാണ് റെയ്‌ന പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കിയത്. യുവരാജ് സിംഗ്, ക്രിസ് ഗെയ്ല്‍, ഉസൈന്‍ ബോള്‍ട്ട് എന്നിവര്‍ക്കൊപ്പമാണ് ആറ് ട്വന്റി 20 ലോകകപ്പില്‍ കളിച്ചിട്ടുള്ള അഫ്രീദിയെ ഐസിസി അംബാസഡറായി നിശ്ചയിച്ചത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു റെയ്‌ന. വിവിധ സീസണുകളില്‍ ചെന്നൈയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള താരമാണ് റെയ്‌ന. 2021ലാണ് റെയ്‌ന അവസാനമായി ചെന്നൈക്ക് വേണ്ടി കളിക്കുന്നത്. 2022 സെപ്റ്റംബറില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം നിലവില്‍ വെറ്ററന്‍സ് ലീഗിലും മറ്റും സജീവമാണ്.