ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരബാദ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ചെന്നൈ: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനോട് 36 റണ്‍സിന് തോറ്റാണ് രാജസ്ഥാന്‍ റോയല്‍സ് പുറത്താവുന്നത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരബാദ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടാന്‍ സാധിച്ചത്. തോല്‍വിയില്‍ ആരാധകരും നിരാശര്‍.

ഇപ്പോള്‍ ടീം തോല്‍ക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. അവരുടെ സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കാന്‍ സാധിച്ചില്ലെന്ന് സഞ്ജു സമ്മതിച്ചു. ''വലിയ മത്സരമായിരുന്നിത്. ആദ്യ ഇന്നിംഗ്സില്‍ നന്നായി പന്തെറിയാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. മധ്യ ഓവറുകളില്‍ അവരുടെ സ്പിന്നര്‍മാര്‍ക്കെതിരെ ഞങ്ങള്‍ക്ക് ഒരുപാട് ഓപ്ഷനൊന്നുമില്ലായിരുന്നു. അവിടെയാണ് ഞങ്ങള്‍ കളി തോറ്റത്. അന്തരീക്ഷത്തില്‍ എപ്പോഴാണ് കൂടുതല്‍ ഈര്‍പ്പമുണ്ടാവുകയെന്ന് ഊഹിക്കാന്‍ പ്രയാസമേറിയ കാര്യമാണ്. രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് വ്യത്യസ്തമായി പെരുമാറാന്‍ തുടങ്ങി. പന്ത് അല്‍പ്പം തിരിയാന്‍ തുടങ്ങി, അവര്‍ ആ നേട്ടം അവര്‍ നന്നായി ഉപയോഗിച്ചു. ഞങ്ങളുടെ വലംകൈയ്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ അവര്‍ നന്നായി പന്തെറിഞ്ഞു. അവരുടെ ഇടംകൈയന്‍ സ്പിന്നിനെതിരെ കളിക്കാന്‍ ബുദ്ധിമുട്ടി. ഞങ്ങള്‍ക്ക് കുറച്ചുകൂടി റിവേഴ്‌സ് സ്വീപ്പ് അല്ലെങ്കില്‍ ക്രീസില്‍ കുറച്ചുകൂടി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കാമായിരുന്നു. അവരും നന്നായി പന്തെറിഞ്ഞു.'' സഞ്ജു പറഞ്ഞു.

രണ്ട് പാതിയില്‍ രണ്ട് സ്വഭാവം! പതിവ് തെറ്റിക്കാതെ രാജസ്ഥാന്‍; സഞ്ജു കളഞ്ഞത് ഒന്നാം കീപ്പറാനാവാനുള്ള അവസരം

ദേശീയ ടീമിന് മികച്ച താരങ്ങളെ സംഭാവന നല്‍കാനും ഫ്രാഞ്ചൈസിക്ക് സാധിച്ചുവെന്ന സഞ്ജു പറഞ്ഞു. ''ഈ സീസണില്‍ മാത്രമല്ല, കഴിഞ്ഞ മൂന്ന് വര്‍ഷമായി വെല്ലുവിളി ഉയര്‍ത്തുന്ന ചില മത്സരങ്ങള്‍ കളിക്കേണ്ടി വന്നിട്ടുണ്ട്. ദേശീയ ടീമിന് വേണ്ടി മികച്ച പ്രതിഭകളെ കണ്ടെത്താന്‍ ഫ്രാഞ്ചൈസിക്ക് സാധിച്ചു. റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍.. രാജസ്ഥാന് മാത്രമല്ല, തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും വളരെ നേട്ടമുണ്ടാക്കാന്‍ കെല്‍പ്പുള്ളവരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ക്ക് ചില മികച്ച സീസണുകള്‍ ഉണ്ടായിരുന്നു. സന്ദീപ് ശര്‍മയുടെ കാര്യത്തില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ലേലത്തില്‍ തിരഞ്ഞെടുക്കപ്പെടാതെ, പകരക്കാരനായി തിരിച്ചെത്തി. കണക്കുകള്‍ നോക്കുകയാണെങ്കില്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സന്ദീപ്, ജസ്പ്രിത് ബുമ്രയ്ക്ക് അടുത്ത നില്‍ക്കുന്ന ബൗളറാണ്.'' സഞ്ജു വ്യക്തമാക്കി.

ഫൈനലിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''ചെന്നൈയിലെ സാഹചര്യം രണ്ട് ടീമുകള്‍ക്കും അനുയോജ്യമാണ്. പവര്‍പ്ലേയില്‍ അവര്‍ എങ്ങനെ കളിക്കുമെന്ന് നമുക്ക് നോക്കാം. സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ക്ക് കളി സ്വന്തം ഭാഗത്താക്കാന്‍ കഴിയും. കൊല്‍ക്കത്തയും ആത്മവിശ്വാസത്തിലാണ്. ആവേശത്തിന് ഒട്ടും കുറവുണ്ടാവില്ല.'' സഞ്ജു കൂട്ടിചേര്‍ത്തു.