എല്ലാ കണ്ണുകളും ശ്രീശാന്തില്‍; മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ഇന്ന് ആദ്യ മത്സരം

By Web TeamFirst Published Jan 11, 2021, 10:41 AM IST
Highlights

കേരളം ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും എസ്. ശ്രീശാന്തിലാണ്. യുവതാരങ്ങൾക്കൊപ്പം ചുറുചുറുക്കോടെ പുതിയ പ്രതീകളിലേക്കാണ് ശ്രീശാന്ത് പന്തെറിയുന്നത്.

മുംബൈ: സയദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം. കേരളം വൈകിട്ട് ഏഴിന് തുടങ്ങുന്ന കളിയിൽ പുതുച്ചേരിയെ നേരിടും. മുംബൈയിലാണ് മത്സരം. സഞ്ജു സാംസനാണ് കേരളത്തെ നയിക്കുന്നത്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. 

ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം എസ്. ശ്രീശാന്ത് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. റോബിൻ ഉത്തപ്പ, ജലജ് സക്സേന, ബേസിൽ തമ്പി, വിഷ്ണു വിനോദ്, എം.ഡി. നിധീഷ് തുടങ്ങിയവർ ടീമിലുണ്ട്. മുൻതാരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകൻ. ഗ്രൂപ്പ് ഇയിൽ മുംബൈ, ഡൽഹി, ഹരിയാന, ആന്ധ്ര പ്രദേശ് എന്നിവരാണ് കേരളത്തിന്റെ മറ്റ് എതിരാളികൾ. 

ശ്രദ്ധാകേന്ദ്രം ശ്രീശാന്ത്

കേരളം ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും എസ്. ശ്രീശാന്തിലാണ്. മുപ്പത്തിയേഴാം വയസിലും കളിമികവിന് കോട്ടമൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കാൻ ശ്രീശാന്ത് ഒരുങ്ങിക്കഴിഞ്ഞു. യുവതാരങ്ങൾക്കൊപ്പം ചുറുചുറുക്കോടെ പുതിയ പ്രതീകളിലേക്കാണ് ശ്രീശാന്ത് പന്തെറിയുന്നത്.

ഇന്ത്യൻ ക്രിക്കറ്റിൽ ആരും നേരിട്ടിട്ടില്ലാത്ത അഗ്നിപരീക്ഷകൾ മറികടന്നാണ് കേരള ടീമിലേക്ക് ശ്രീശാന്തിന്‍റെ തിരിച്ചുവരവ്. 2013ലെ ഐപിഎല്ലിൽ ഉയ‍ർന്ന ഒത്തുകളി വിവാദമാണ് അദേഹത്തിന്‍റെ ജീവിതം മാറ്റിമറിച്ചത്. 2005ൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ശ്രീശാന്ത് 27 ടെസ്റ്റിൽ 87 വിക്കറ്റും 53 ഏകദിനത്തിൽ 75 വിക്കറ്റും പത്ത് ട്വന്റി 20യിൽ നിന്ന് ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയത്തിലും പങ്കാളിയായി.

രാജ്യത്തും ക്രിക്കറ്റ് ആരവം; മുഷ്താഖ് അലി ട്രോഫിക്ക് തുടക്കം, ഭുവിയും റെയ്‌നയും തിളങ്ങിയിട്ടും യുപി തോറ്റു

click me!