Syed Mushtaq Ali Trophy| വിഷ്ണു വിനോദിന്റെ പോരാട്ടം പാഴായി; റയില്‍വേസിനെതിരെ കേരളത്തിന് തോല്‍വി

By Web TeamFirst Published Nov 6, 2021, 12:28 PM IST
Highlights

 ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ റയില്‍വേസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കേരളത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനാണ് സാധിച്ചത്.

ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ (Syed Mushtaq Ali Trophy) കേരളത്തിന് (Kerala) തോല്‍വി. റയില്‍വേസിനെതിരായ (Railways)  മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ റയില്‍വേസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കേരളത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനാണ് സാധിച്ചത്. വിഷ്ണു വിനോദ് (43 പന്തില്‍ പുറത്താവാതെ 62) പൊരുതിയെങ്കിലും വേണ്ടത്ര പിന്തുണ മറ്റുള്ള താരങ്ങളില്‍ നിന്ന് ലഭിച്ചില്ല. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ആറ് റണ്‍സെടുത്ത് പുറത്തായി.

നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്‌സ്. മികച്ച ഫോമിലുള്ള ഓപ്പണര്‍ റോബിന്‍ ഉത്തപ്പയ്ക്ക് പരിക്കിനെ തുടര്‍ന്ന് ഇന്നത്തെ മത്സരം നഷ്ടമായിരുന്നു. പകരം ടീമിലെത്തിയ ജലജ് സക്‌സേന (0) നിരാശപ്പെടുത്തുകയും ചെയ്തു. രോഹന്‍ കുന്നുമ്മല്‍ (10), മുഹമ്മദ് അസറുദ്ദീന്‍ (6), റോജിത് (7) എന്നിവരും നിരാശപ്പെടുത്തി. സച്ചിന്‍ ബേബി (25), മനു കൃഷ്ണന്‍ (പുറത്താവാതെ 21) എന്നിവരാണ് തിളങ്ങിയ മറ്റുതാരങ്ങള്‍. എപ്പോഴും മൂന്നാം നമ്പറില്‍ കളിക്കാറുള്ള സഞ്ജു നാലാമനായിട്ടാണ് ക്രീസിലെത്തിയത്. എന്നാല്‍ എ ആര്‍ പാണ്ഡെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

നേരത്തെ ഉപേന്ദ്ര യാദവ് (39), ശിവം ചൗധരി (23), പ്രതം സിംഗ് (22), ശുഭം ചൗധരി (19), ഹര്‍ഷ് ത്യാഗി (17) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് റയില്‍വേസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചിരുന്നത്. എസ് മിഥുന്‍ കേരളത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മനു കൃഷ്ണണന്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. മൂന്ന് മത്സരങ്ങളില്‍ കേരളത്തിന്റെ രണ്ടാം തോല്‍വിയാണിത്. നേരത്തെ ഗുജറാത്തിനോടും കേരളം തോറ്റിരുന്നു. ബിഹാറിനോട് മാത്രമാണ് ജയിച്ചത്. നിലവില്‍ നാല് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്. എട്ടിന് അസമിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഒമ്പതിന് മധ്യപ്രദേശിനേയും കേരളം നേരിടും.

ടൂര്‍ണമെന്റിനുള്ള കേരളത്തിന്റെ മുഴുവന്‍ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, വത്സല്‍ ഗോവിന്ദ്, മിഥുന്‍ പി കെ, എസ് മിഥുന്‍, രോഹന്‍ എസ് കുന്നുമ്മേല്‍, രോഹിത് ഗണേഷ്, ഷറഫുദ്ദീന്‍, വിശ്വേശ്വര്‍ സുരേഷ്, മനു കൃഷ്ണ്‍, എം എസ് അഖില്‍, വൈശാഖ് ചന്ദ്രന്‍, അബ്ദുള്‍ ബാസിത്.

റിസര്‍വ് താരങ്ങള്‍: കൃഷ്ണ പ്രസാദ്, അക്ഷയ് കെ സി, ആനന്ദ് ജോസഫ്.

കേരളത്തിന്റെ മത്സരങ്ങള്‍

04-11-2021 കേരളം- ഗുജറാത്ത്
05-11-2021 കേരളം- ബിഹാര്‍
06-11-2021 കേരളം- റയില്‍വേസ്
08-11-2021 കേരളം- അസം
09-11-2021 കേരളം- മധ്യപ്രദേശ്‌

click me!