
ന്യൂ ഛണ്ഡിഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ജയം. കേരളം ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പോണ്ടിച്ചേരിയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് നേടിയ എം ഡി നിധീഷാണ് പോണ്ടിച്ചേരിയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. ടൂര്‍ണമെന്റിലെ കേരളത്തിന്റെ മൂന്നാം ജയമാണിത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നിലവില്‍ 12 പോയിന്റാണ് സഞ്ജു സാംസണിന്റെ സംഘത്തിനുള്ളത്.
പോണ്ടിച്ചേരിയുടെ ബാറ്റിങ് നിരയെ പവർപ്ലേയില്‍ തന്നെ തകര്‍ക്കാൻ നിധീഷിന് സാധിച്ചതാണ് കേരളത്തിന്റെ ജയം എളുപ്പമാക്കിയത്. ഓപ്പണർമാരായ ഭാനു ആനന്ദ് (9), പുഗഴേന്തി ആകാശ് (6), പരമേശ്വരൻ ശിവരാമൻ (0), ശശാങ്ക് സിങ് (0) എന്നിവരുടെ വിക്കറ്റുകളാണ് നിധീഷ് വീഴ്ത്തിയത്. പ്രസാദ് പവാറും (67), അങ്കിത് ശർമയും (45), സാഗർ ത്രിവേദിയും (19 പന്തില്‍ 34 റണ്‍സ്) പോരാടിയെങ്കിലും കൃത്യമായ ഇടവേളകളില്‍ കൂട്ടുകെട്ട് പൊളിച്ച് കേരളം മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
നിധീഷിന് പുറമെ കാർത്തിക് ബി നായർ, കെ എം ആസിഫ്, മുഹമ്മദ് ഷറഫുദീൻ എന്നിവര്‍ പന്തുകൊണ്ട് തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം മുഹമ്മദ് അസറുദീന്റെയും രോഹിൻ കുന്നുമ്മലിന്റെ അര്‍ദ്ധ സെഞ്ചുറികളുടെ മികവിലാണ് 204 എന്ന കൂറ്റൻ സ്കോര്‍ പടുത്തുയര്‍ത്തിയത്. അസറുദീൻ 48 പന്തിലാണ് 78 റണ്‍സ് നേടിയത്. ഏഴ് ഫോറും മൂന്ന് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. രോഹിൻ 35 പന്തില്‍ 59 റണ്‍സും സ്കോര്‍ ചെയ്തു. 19 പന്തില്‍ 34 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട സ്കോറര്‍. സഞ്ജു സാംസണ്‍ ഒൻപത് പന്തില്‍ 17 റണ്‍സ് നേടിയാണ് മടങ്ങിയത്.
പോണ്ടിച്ചേരിക്കായി നായകൻ അമൻ ഖാൻ രണ്ട് വിക്കറ്റ് സ്വന്തമാക്കി. സാഗര്‍ ഉദേശിയും ആദില്‍ ആയുബും ഓരോ വിക്കറ്റ് വീതവും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!