സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുപ്പത് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി ഇന്ത്യന്‍ വനിതാ താരം 'ഷെഫാലി വര്‍മ'

By Web TeamFirst Published Nov 11, 2019, 7:58 AM IST
Highlights

4 സിക്സുകളുടെയും 6 ബൗണ്ടറികളും അടക്കമാണ് ഷഫാലിയുടെ നേട്ടം.  16 വര്‍ഷവും 214 ദിവസവും  പ്രായമുള്ളപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് 30 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 15 വര്‍ഷവും 285 ദിവസവും പ്രായമുള്ളപ്പോള്‍ ഷെഫാലി തകര്‍ത്തത്.  

ആന്‍റിഗ്വ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ വനിതാ താരം. അന്തര്‍ദേശീയ മത്സരത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന താരമായി ഇന്ത്യന്‍ വനിതാ ടീം അംഗം ഷഫാലി വര്‍മ്മ. വെസ്റ്റിന്‍ഡീസിനെതിരായുള്ള ടി 20 മല്‍സരത്തിലാണ് വനിതാ താരത്തിന്‍റെ മിന്നുന്ന പ്രകടനം. 49 പന്തില്‍ 73 റണ്‍സ് നേട്ടവുമായാണ് ഷഫാലി സച്ചിനെ മറികടന്നത്. 

4 സിക്സുകളുടെയും 6 ബൗണ്ടറികളും അടക്കമാണ് ഷഫാലിയുടെ നേട്ടം.  16 വര്‍ഷവും 214 ദിവസവും  പ്രായമുള്ളപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് 30 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 15 വര്‍ഷവും 285 ദിവസവും പ്രായമുള്ളപ്പോള്‍ ഷെഫാലി തകര്‍ത്തത്.  അഞ്ചാമത്തെ ടി 20 മത്സരത്തിലാണ് ഷഫാലിയുടെ നേട്ടം. മത്സരത്തില്‍ സ്‌മൃതി മന്ഥാനയുമായി ചേര്‍ന്ന് 143 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഷഫാലി ഇന്ത്യയുടെ ഏറ്റവും വലിയ ടി20 കൂട്ടുകെട്ടും സൃഷ്ടിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യ 84 റണ്‍സിന് ജയിച്ചു. 

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ജയിച്ച ഇന്ത്യന്‍ പെണ്‍പട ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 84 റണ്‍സിനായിരുന്നു ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തുകളഞ്ഞത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മയുടെയും സ്മൃതി മന്ഥാനയുടെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ഇന്ത്യ എടുത്തത്.

ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ വിന്‍ഡീസ് ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ തകര്‍ത്താണ് ഓപ്പണിങ് സഖ്യം മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. ഷഫാലിയും മന്ഥാനയും ചേര്‍ന്ന് 143 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇതില്‍ കൂടുതല്‍ ആക്രമിച്ചുകളിച്ചത് താരം ഷഫാലിയായിരുന്നു. 

ഈ പ്രകടനം മന്ഥാനയ്ക്കും ഷഫാലിയ്ക്കും പുതിയൊരു റെക്കോര്‍ഡും നേടിക്കൊടുത്തു. ടി 20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് മന്ഥാനയും ഷഫാലിയും നേടിയത്. 2013 ല്‍ തിരുഷ് കമിനിയും പൂനം റൗത്തും ചേര്‍ന്നു നേടിയ 130 റെക്കോര്‍ഡാണ് ഇരുവരും ചേര്‍ന്ന് തിരുത്തിയത്. 16-ാം ഓവറിലാണ് ഷഫാലി പുറത്തായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് 101 റണ്‍സ് മാത്രമാണ് എടുക്കാനായത്.

click me!