T20 World Cup | വാര്‍ണര്‍, മാര്‍ഷ്, മാക്‌സ്‌വെല്‍ ഷോ! കിവികളെ കൂട്ടിലടച്ച് കങ്കാരുക്കള്‍ക്ക് കന്നി ടി20 കിരീടം

By Web TeamFirst Published Nov 14, 2021, 10:54 PM IST
Highlights

ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും തിരികൊടുത്തു, ആളിക്കത്തിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍. ടി20 ലോകകപ്പില്‍ കത്തിജ്വലിച്ച് ഓസീസിന്‍റെ രാജകീയ കിരീടധാരണം. 

ദുബായ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ ത്രിമൂര്‍ത്തികളുടെ വെടിക്കെട്ടില്‍ ടി20 ലോകകപ്പില്‍ ടീമിന്‍റെ കന്നിക്കിരീടം ചൂടി ആരോണ്‍ ഫിഞ്ചിന്‍റെ ഓസ്‌ട്രേലിയ. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം വേദിയായ ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിന്‍റെ സ്വപ്‌നങ്ങള്‍ എട്ട് വിക്കറ്റിന് അരിഞ്ഞുവീഴ്‌ത്തിയാണ് ഓസ്‌ട്രേലിയ കുട്ടിക്രിക്കറ്റിന്‍റെ പുതിയ രാജാക്കന്‍മാരായത്. 173 റണ്‍സിന്‍റെ വമ്പന്‍ വിജയലക്ഷ്യം മൂവര്‍സംഘത്തിന്‍റെ സംഹാരതാണ്ഡവത്തില്‍ ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഏഴ് പന്ത് ബാക്കിനില്‍ക്കേ നേടുകയായിരുന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ്- 172-4 (20 Ov), ഓസ്‌‌ട്രേലിയ 173-2 (18.5 Ov). 

ടോസിലേ ജയിച്ച ഓസീസ്

ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ടൂര്‍ണമെന്‍റിലെ മുന്‍ മത്സരഫലങ്ങള്‍ പരിഗണിച്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണ ടൂര്‍ണമെന്‍റില്‍ രണ്ടാമത് ബാറ്റ് ചെയ്‌തവര്‍ക്കായിരുന്നു മിക്കപ്പോഴും മേൽക്കൈ. ഓസീസ് സെമിയിലെ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ കിവീസ് നിരയില്‍ ഒരു മാറ്റം വരുത്തി. പരിക്കേറ്റ ഡെവോണ്‍ കേണ്‍വെയ്‌ക്ക് പകരം വിക്കറ്റ് കീപ്പറായി ടിം സീഫെര്‍ട്ട് പ്ലേയിംഗ് ഇലവനിലെത്തി. 

ഹേസല്‍വുഡ് vs വില്യംസണ്‍

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ(Kane Williamson) സംഹാരതാണ്ഡവത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 172 റണ്‍സെടുത്തു. 48 പന്തില്‍ 85 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍. ഓസീസിനായി ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അതേസമയം മിച്ചല്‍ സ്റ്റാര്‍ക്ക് അടിവാങ്ങിക്കൂട്ടി. 

മിച്ചലിനെ മിച്ചംവെക്കാതെ ഹേസല്‍വുഡ്

ആദ്യ ഓവറില്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 9 റണ്‍സടിച്ചാണ് മാര്‍ട്ടിന്‍ ഗുപ്റ്റിലും ഡാരില്‍ മിച്ചലും തുടങ്ങിയത്. എന്നാല്‍ സെമിയില്‍ ന്യൂസിലന്‍ഡിന്‍റെ ഹീറോയായിരുന്നു മിച്ചലിന് നാലാം ഓവറില്‍ ജോഷ് ഹേസല്‍വുഡ് മടക്ക ടിക്കറ്റ് നല്‍കി. രണ്ടാം ഓവറില്‍ ലൈഫ് കിട്ടിയ താരത്തെ ഹേസല്‍വുഡ് വിക്കറ്റിന് പിന്നില്‍ മാത്യൂ വെയ്‌ഡിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. പവര്‍പ്ലേയില്‍ 32-1 എന്ന നിലയില്‍ ന്യൂസിലന്‍ഡിനെ ചെറുത്തുനിര്‍ത്താന്‍ ഓസീസിനായി. എന്നാല്‍ ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണെ കൂട്ടുപിടിച്ച് ഗുപ്റ്റില്‍ കിവികളെ മുന്നോട്ടുനയിച്ചതോടെ 10 ഓവറില്‍ ടീം സ്‌കോര്‍ 57-1.  

വില്ലേന്തി വില്യംസണ്‍, ക്ലാസ് & മാസ്

തൊട്ടടുത്ത ഓവറില്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഹേസല്‍വുഡ് നിലത്തിട്ടത് മുതലാക്കിയ വില്യംസണ്‍ പിന്നാലെ ബൗണ്ടറികളുമായി കത്തിക്കയറി. സ്റ്റാര്‍ക്കിന്‍റെ ഈ ഓവറില്‍ 19 റണ്‍സ് പിറന്നു. 12-ാം ഓവറില്‍ പന്തെടുത്ത ആദം സാംപ ആദ്യ പന്തില്‍ തന്നെ ഗുപ്റ്റിലിനെ(35 പന്തില്‍ 28) ഡീപ് മിഡ് വിക്കറ്റില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ കൈകളില്‍ ഭദ്രമാക്കി. 13-ാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തുടര്‍ച്ചയായ രണ്ട് സിക്‌സറിന് പറത്തി വില്യംസണ്‍ 32 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. തൊട്ടടുത്ത ഓവറില്‍ ടീം 100 കടന്നു. 

വീണ്ടും ഹേസല്‍വുഡ്, ഇരട്ട വെടി

വില്യംസണും ഗ്ലെന്‍ ഫിലിപ്‌സും ക്രീസിലുറച്ചതോടെ കൂടുതല്‍ വിക്കറ്റ് പോകാതെ കിവികള്‍ 15 ഓവറില്‍ 114 റണ്‍സിലെത്തി. തൊട്ടടുത്ത ഓവറില്‍ സ്റ്റാര്‍ക്കിനെ 22 റണ്‍സടിച്ച് വില്യംസണ്‍ ടോപ് ഗിയറിലായി. 18-ാം ഓവറില്‍ ഹേസല്‍വുഡ് മറ്റൊരു ബ്രേക്ക്‌ത്രൂ ഓസീസിന് നല്‍കി. 17 പന്തില്‍ 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സിനെ മാക്‌സ്‌വെല്ലിന്‍റെ കൈകളിലാക്കി. ഇതേ ഓവറില്‍ ഹേസല്‍വുഡ് വില്യംസണെയും(48 പന്തില്‍ 85) പറഞ്ഞയച്ചു. സിക്‌സര്‍ ശ്രമത്തിനിടെ ലോംഗ് ഓഫില്‍ സ്റ്റീവ് സ്‌മിത്തിനായിരുന്നു ക്യാച്ച്. വില്യംസണ്‍ 10 ഫോറും മൂന്ന് സിക്‌സും അടിച്ചുകൂട്ടി. 

അടിവാങ്ങി വീണ് സ്റ്റാര്‍ക്ക്
 
അവസാന രണ്ട് ഓവറില്‍ 23 റണ്‍സ് ചേര്‍ത്ത് ജിമ്മി നീഷാമും ടിം സീഫെര്‍ട്ടും ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ ഉറപ്പാക്കി. നീഷം 7 പന്തില്‍ 13* റണ്‍സും സീഫെര്‍ട്ട് 6 പന്തില്‍ 8* റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങി. 

ചേസിംഗില്‍ വാര്‍ണര്‍-മാര്‍ഷ് ഷോ

മറുപടി ബാറ്റിംഗില്‍ നായകന്‍ ആരോണ്‍ ഫിഞ്ച് തുടക്കത്തിലെ വീണിട്ടും ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഓസീസിനെ പവര്‍പ്ലേയില്‍ 43-1 എന്ന സ്‌കോറിലെത്തിച്ചു. മൂന്നാം ഓവറില്‍ ഫിഞ്ചിനെ(7 പന്തില്‍ 5) ഡാരില്‍ മിച്ചലിന് ട്രെന്‍ഡ് ബോള്‍ട്ട് സമ്മാനിക്കുകയായിരുന്നു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി തുടങ്ങിയ മാര്‍ഷ്, വാര്‍ണറെ കൂട്ടുപിടിച്ച് കുതിച്ചു. ഇതോടെ ഓസീസ് 10 ഓവറില്‍ കൂടുതല്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 82 റണ്‍സിലെത്തി. തൊട്ടടുത്ത ഓവറില്‍ ജിമ്മി നീഷമിനെ സിക്‌സര്‍ പറത്തി വാര്‍ണര്‍ 34 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. 

വാര്‍ണറുടെ ബോള്‍ട്ടൂരി ബോള്‍ട്ട്

എന്നാല്‍ 13-ാം ഓവറില്‍ പന്തെറിയാനെത്തിയ ബോള്‍ട്ട് ഉഗ്രന്‍ ഫോമിലായിരുന്ന വാര്‍ണറെ ബൗള്‍ഡാക്കി. 38 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം വാര്‍ണര്‍ 53 റണ്‍സ് നേടി. സോധിയെ 14-ാം ഓവറില്‍ ഗാലറിയിലെത്തിച്ച് മാര്‍ഷ് 31 പന്തില്‍ ഫിഫ്റ്റിയിലെത്തി. 15-ാം ഓവറില്‍ മില്‍നെയുടെ പന്തില്‍ മാര്‍ഷിനെ പിടിയിലൊതുക്കാന്‍ ഡാരില്‍ മിച്ചലിന് നിര്‍ഭാഗ്യം കൊണ്ട് കഴിഞ്ഞില്ല. അതേസമയം രണ്ടുംകല്‍പിച്ച് കിവീസ് ബൗളര്‍മാരെ മാര്‍ഷ് തുടര്‍ന്നു കടന്നാക്രമിച്ചതോടെ 15 ഓവറില്‍ ടീം സ്‌കോര്‍ 136. 

മാര്‍ഷിന്‍റെ മാര്‍ച്ച് പാസ്റ്റ്, 'മാക്‌സി'മം സപ്പോര്‍ട്ട്

ഗ്ലെന്‍ മാക്‌സ്‌വെല്ലും ബൗണ്ടറികള്‍ തൊടുത്തപ്പോള്‍ ഓസ്‌ട്രേലിയ 18.5 ഓവറില്‍ ടീമിന്‍റെ ചരിത്രത്തിലെ ആദ്യ ടി20 കിരീടത്തിലെത്തി. മിച്ചല്‍ മാര്‍ഷ് 50 പന്തില്‍ 77* ഉം ഗ്ലെന്‍ മാക്‌സ്‌വെല്‍ 18 പന്തില്‍ 28* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. മാര്‍ഷ് നാലും മാക്‌സി ഒന്നും സിക്‌സര്‍ പറത്തി. കന്നി ടി20 കിരീടത്തിനായി കിവികള്‍ ഇനിയും കാത്തിരിക്കണം. കെയ്‌ന്‍ വില്യംസണിന്‍റെ 85 റണ്‍സും ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ ഇരട്ട വിക്കറ്റും മാത്രമാണ് കലാശപ്പോരില്‍ കിവീസിന് അഭിമാനിക്കാനുള്ളത്. 

click me!