ടി20 ലോകകപ്പ്: ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്ട്രേലിയ

By Web TeamFirst Published Oct 23, 2021, 7:16 PM IST
Highlights

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ്  തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ 20 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(0) ഡേവിഡ് വാര്‍ണറും(14) ഡഗ് ഔട്ടില്‍ തിരിച്ചെത്തി. പിന്നീട് മിച്ചല്‍ മാര്‍ഷുമൊത്ത് സ്റ്റീവ് സ്മിത്ത് ഓസീസിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും മാര്‍ഷിനെ(11) മടക്കി കേശവ് മഹാരാജ് ഓസീസിനെ പ്രതിസന്ധിയിലാക്കി.

അബുദാബി: ടി20 ലോകകപ്പില്‍ (ICC T20 World Cup 2021) സൂപ്പര്‍ 12 ഘട്ടത്തിലെ ആവേശ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ(South Africa) അഞ്ച് വിക്കറ്റിന് വീഴ്ത്തി ഓസ്ട്രേലിയ ആദ്യ ജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി ഓസ്ട്രേലിയ(Australia)മറികടന്നു. പതിനാറാം ഓവര്‍ കഴിഞ്ഞപ്പോള്‍ 83-5 എന്ന നിലയില്‍ പതറിയ ഓസീസിനെ ആറാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്റ്റോയ്നിസും മാത്യു വെയ്ഡ‍ും ചേര്‍ന്നാണ് വിജയതീരമടുപ്പിച്ചത്. 35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.  സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 118-9, ഓസ്ട്രേലിയ 19.3 ഓവറില്‍ 121-5.

തകര്‍ച്ചയോടെ തുടക്കം, രക്ഷകരായി മാക്സ്‌വെല്ലും സ്മിത്തും

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ്  തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ 20 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(0) ഡേവിഡ് വാര്‍ണറും(14) ഡഗ് ഔട്ടില്‍ തിരിച്ചെത്തി. പിന്നീട് മിച്ചല്‍ മാര്‍ഷുമൊത്ത് സ്റ്റീവ് സ്മിത്ത് ഓസീസിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും മാര്‍ഷിനെ(11) മടക്കി കേശവ് മഹാരാജ് ഓസീസിനെ പ്രതിസന്ധിയിലാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മിത്തും ഗ്ലെന്‍ മാക്സ്‌വെല്ലും ചേര്‍ന്ന് ഓസീസിനെ ട്രാക്കിലാക്കി. പതിനഞ്ചാം ഓവറില്‍ 34 പന്തില്‍ 35 റണ്‍സെടുത്ത സ്മിത്തിനെ നോര്‍ട്യയുടെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം പറന്നു പിടിച്ചതോടെ ദക്ഷിണാഫ്രിക്കക്ക് വീണ്ടും പ്രതീക്ഷയായി. തൊട്ടടുത്ത ഓവറില്‍ മാക്സ്‌വെല്ലിനെ(18) തബ്രൈസ് ഷംസി ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഓസീസ് അപകടം മണത്തു.

36 - balls remaining
44 - runs required for victory

🇦🇺 or 🇿🇦, who's winning this one? | | https://t.co/SGLZbYpGoo pic.twitter.com/eSmS5argDX

— T20 World Cup (@T20WorldCup)

അവസാന നാലോവറില്‍ ജയിക്കാന്‍ 36 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഒത്തുചേര്‍ന്ന സ്റ്റോയ്നിനും വെയ്ഡും ചേര്‍ന്ന് കൂടുതല്‍ അപകടങ്ങളില്ലാതെ ഓസീസിനെ ജയത്തിലേക്ക് നയിച്ചു. സ്ലോ പിച്ചില്‍ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയത് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കക്കായി നോര്‍ട്യ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടിസീനെ 20 ഓവറില്‍ 9 വിക്കറ്റിന് 118 റണ്‍സ് എന്ന നിലയില്‍ ഓസീസ് മെരുക്കി. എയ്‌ഡന്‍ മാര്‍ക്രം(Aiden Markram) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായപ്പോള്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ജോഷ് ഹേസല്‍വുഡ്(Josh Hazlewood), ആദം സാംപ(Adam Zampa), മിച്ചല്‍ സ്റ്റാര്‍ക്ക്(Mitchell Starc) എന്നിവരുടെ ബൗളിംഗാണ് ഓസീസിനെ തുണച്ചത്.

രണ്ടാം ഓവറില്‍ നായകന്‍ തെംബ ബവൂമയെ(12) മാക്‌സ്‌വെല്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറിലെയും നാലാം ഓവറിലേയും ആദ്യ പന്തുകളില്‍ റാസ്സി വാന്‍ ഡര്‍ ഡസ്സന്‍(2), ക്വിന്‍റണ്‍ ഡി കോക്ക്(7) എന്നിവരെ മടക്കി ഹേസല്‍വുഡ് ഇരട്ട പ്രഹരം നല്‍കി.  എട്ടാം ഓവറില്‍  ഹെന്‍‌റിച്ച് ക്ലാസനെ(13) കമ്മിന്‍സും 14-ാം ഓവറില്‍ ഡേവിഡ് മില്ലറിനെയും(16), ഡ്വെയ്ന്‍ പ്രിട്ടോറിയൂസിനേയും(1) സാംപയും മടക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് നനഞ്ഞ പടക്കമായി. തൊട്ടടുത്ത ഓവറില്‍ കേശവ് മഹാരാജ് അക്കൗണ്ട് തുറക്കും മുമ്പ് റണ്ണൗട്ടായി. എയ്ഡന്‍ മാര്‍ക്രം(40) ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും ടീം സ്‌കോര്‍ 100 കടക്കും മുമ്പ് 18-ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റാര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കി.

20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 118/9 എന്ന സ്‌കോറില്‍ ദക്ഷിണാഫ്രിക്ക ഒതുങ്ങി. സ്റ്റാര്‍ക്കിന്‍റെ അവസാന ഓവറില്‍ ആന്‍‌റിച്ച് നോര്‍ട്യ(2) വീണു. കാഗിസോ റബാഡയും(19*), തംബ്രൈസ് ഷംസിയും(0*) പുറത്താകാതെ നിന്നു. ഹേസല്‍വുഡിന്‍റെയും സാംപയുടെയും സ്റ്റാര്‍ക്കിന്‍റേയും രണ്ട് വിക്കറ്റുകള്‍ക്ക് പുറമെ മാക്‌സ്‌വെല്ലും കമ്മിന്‍സും ഓരോ വിക്കറ്റ് നേടി.

click me!