T20 World Cup | മുറിവേറ്റ സിംഹമായി വന്നു; ലോകകപ്പിന്‍റെ താരമായി ഡേവിഡ് വാര്‍ണര്‍ക്ക് മടക്കം

By Web TeamFirst Published Nov 15, 2021, 9:22 AM IST
Highlights

ടി20 ലോകകപ്പില്‍ പാക് നായകൻ ബാബർ അസം റൺവേട്ടയിലും ശ്രീലങ്കൻ താരം വാനിന്ദ ഹസറങ്ക വിക്കറ്റ് വേട്ടയിലും മുന്നിലെത്തി

ദുബായ്: യുഎഇയില്‍ ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) മോശം ഫോമിന്‍റെ പേരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) ടീമില്‍ നിന്ന് പുറത്തായ താരമാണ് ഡ‍േവിഡ് വാര്‍ണര്‍(David Warner). എന്നാല്‍ ഐപിഎല്ലിന് തൊട്ടുപിന്നാലെ അതേ യുഎഇയില്‍ ടി20 ലോകകപ്പില്‍(T20 World Cup 2021) തകര്‍പ്പന്‍ ബാറ്റിംഗുമായി ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട് വിമര്‍ശനങ്ങള്‍ക്ക് വാര്‍ണര്‍ മറുപടി നല്‍കി. സെമിയിലും ഫൈനലിലും വാര്‍ണര്‍ വെടിക്കെട്ട് ഓസീസ് ജയത്തില്‍ നിര്‍ണായകമായി. 

റണ്‍വേട്ടയില്‍ ബാബര്‍, വിക്കറ്റില്‍ ഹസരങ്ക

ടി20 ലോകകപ്പില്‍ പാക് നായകൻ ബാബർ അസം റൺവേട്ടയിലും ശ്രീലങ്കൻ താരം വാനിന്ദ ഹസരങ്ക വിക്കറ്റ് വേട്ടയിലും മുന്നിലെത്തിയപ്പോള്‍ ടൂര്‍ണമെന്‍റിന്‍റെ താരം ഡേവിഡ് വാര്‍ണറായിരുന്നു. ഈ ലോകകപ്പിൽ ഏറ്റവുമധികം റൺസെന്ന നേട്ടം വാർണര്‍ക്ക് വെറും 14 റൺസിനാണ് നഷ്‌ടമായത്. 

ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ടീമിനെ സുരക്ഷിതമാക്കി ഡേവിഡ് വാർണർ 53 റണ്‍സിൽ വീണപ്പോൾ റൺവേട്ടക്കാരന്‍റെ തട്ടിൽ ബാബറിന്‍റെ പേര് മായാതെ നില്‍ക്കുകയായിരുന്നു. ആറ് കളിയിൽ 303 റൺസാണ് പാക് നായകനുള്ളത്. മൂന്ന് അർധ സെഞ്ചുറിയടക്കം 289 റൺസുമായി ഡേവിഡ് വാർണർ തൊട്ടുപിന്നിലും. വിസ്‌മയ തിരിച്ചുവരവില്‍ ലോകകപ്പിന്‍റെ താരമായാണ് ഓസീസ് ഓപ്പണറുടെ മടക്കം. എന്നാല്‍ ഒരു ലോകകപ്പിൽ ഏറ്റവുമുയർന്ന റൺവേട്ടക്കാരനെന്ന വിരാട് കോലിയുടെ 319 റൺസിന്‍റെ റെക്കോർഡിന് ഇത്തവണയും ഇളക്കംതട്ടിയില്ല. 

യോഗ്യതാ റൗണ്ട് മറികടന്നെത്തിയ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക വിക്കറ്റ് വേട്ടയിൽ തലപ്പത്ത് പേരെഴുതി. എട്ട് കളിയിൽ 16 വിക്കറ്റാണ് ഹസരങ്കയുടെ നേട്ടം. ഏഴ് കളിയിൽ 13 വിക്കറ്റുമായി ഓസ്ട്രേലിയയുടെ ആദം സാംപയും ന്യൂസിലൻഡിന്‍റെ ട്രെന്‍റ് ബൗൾട്ടും തൊട്ടുപിന്നിലെത്തി.

ബട്‌ലര്‍ ഏക സെഞ്ചുറിക്കാരന്‍!

അതേസമയം ടൂർണമെന്‍റിലെ 45 മത്സരങ്ങളിൽ ആകെ പിറന്ന ഒരേയൊരു സെഞ്ചുറി ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്‍ലറുടെ പേരിലാണ്. സിക്‌സറുകളിൽ 13 എണ്ണവുമായി ജോസ് ബട്‍ലറാണ് മുന്നിൽ. 12 സിക്‌സറടിച്ച പാക് ഓപ്പണർ മുഹമ്മദ് റിസ്‍വാൻ തൊട്ടുപിന്നിൽ. ആദം സാംപയും മുജീബുർ റഹ്മാനും അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവെച്ചു.

ഡേവിഡ് വാര്‍ണറിനൊപ്പം മിച്ചല്‍ മാര്‍ഷും തിളങ്ങിയ ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ പുതിയ ചാമ്പ്യന്‍മാരായി. 173 റണ്‍സ് എന്ന വമ്പന്‍ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഏഴ് പന്ത് ബാക്കിനില്‍ക്കേ സ്വന്തമാക്കുകയായിരുന്നു. ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി ജോഷ് ഹേസല്‍വുഡ് താരമായപ്പോള്‍ ഡേവിഡ് വാര്‍ണര്‍(38 പന്തില്‍ 53), മിച്ചല്‍ മാര്‍ഷ്(50 പന്തില്‍ 77*), ഗ്ലെന്‍ മാക്‌സ്‌വെല്‍(18 പന്തില്‍ 28*) എന്നിവരാണ് ബാറ്റിംഗിലെ ഹീറോകള്‍. 

T20 World Cup | വാര്‍ണര്‍, മാര്‍ഷ്, മാക്‌സ്‌വെല്‍ ഷോ! കിവികളെ കൂട്ടിലടച്ച് കങ്കാരുക്കള്‍ക്ക് കന്നി ടി20 കിരീടം

click me!