
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡ്(New Zealand Cricket Team) വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഡെവൺ കോൺവെയ്ക്ക്(Devon Conway) ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍(NZ vs AUS) നഷ്ടമാകും. സെമിയിൽ ഇംഗ്ലണ്ടിനെതിരെ പുറത്തായതിന്‍റെ അരിശത്തിൽ ബാറ്റ് അടിച്ചപ്പോള്‍ കൈക്ക് പരിക്കേറ്റതാണ് വിനയായത്. ഈ മാസം 17ന് തുടങ്ങുന്ന ഇന്ത്യന്‍ പര്യടനവും താരത്തിന് നഷ്ടമാകും. ദുബായില്‍ ഞായറാഴ്‌ചയാണ് ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ കലാശപ്പോര്.
ഇംഗ്ലണ്ടിനെതിരായ സെമിയിൽ കോൺവേ 38 പന്തിൽ 46 റൺസെടുത്തിരുന്നു. സ്പെഷ്യലിസ്റ്റ് ബാറ്ററായി ലോകകപ്പ് തുടങ്ങിയ കോൺവേ, ആഡം മിൽനേയെ ടീമിൽ ഉള്‍പ്പെടുത്താനായി ടിം സീഫെര്‍ട്ടിനെ തഴഞ്ഞപ്പോഴാണ് വിക്കറ്റ് കീപ്പിംഗ് ദൗത്യവും ഏറ്റെടുത്തത്. ടൂര്‍ണമെന്‍റിലെ ആറ് കളിയിൽ 129 റൺസാണ് കോൺവെയുടെ സമ്പാദ്യം.
ഫൈനല്‍ ഞായറാഴ്‌ച
ഇംഗ്ലണ്ടിനെ ആദ്യ സെമിയില്‍ അഞ്ച് വിക്കറ്റിന് വീഴ്‌ത്തിയാണ് കിവികള്‍ ഫൈനലിലെത്തിയത്. 167 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് ഓപ്പണര്‍ മാർട്ടിൻ ഗുപ്റ്റിലിനെയും നായകൻ കെയ്ൻ വില്യംസണിനേയും നഷ്ടമാകുമ്പോൾ സ്കോർ 13 മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന ഡാരിൽ മിച്ചല്‍(47 പന്തിൽ 72*) അര്‍ധ സെഞ്ചുറിയോടെ കിവീസിനെ വിജയത്തിലെത്തിച്ചു. കളി ന്യൂസിലന്‍ഡിന്‍റെ വരുതിക്കാക്കിയ വെടിക്കെട്ടുമായി ജയിംസ് നീഷം(11 പന്തിൽ 27) ഗെയിം ചേഞ്ചറായി.
അതേസമയം രണ്ടാം സെമിയില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഓസീസിന്‍റെ വരവ്. ആദ്യം ബാറ്റ് ചെയ്‌ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്‌വാന്‍റെയും(52 പന്തില്‍ 67) ഫക്കര്‍ സമാന്‍റേയും(32 പന്തില്‍ 55) തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 49), മാത്യൂ വെയ്‌ഡ്(17 പന്തില്‍ 41*), മാര്‍ക്കസ് സ്റ്റോയിനിസ് (31 പന്തില്‍ 40*) എന്നിവരാണ് ഓസീസിന്‍റെ വിജയശില്‍പ്പികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!