ടി20 ലോകകപ്പ്: മാര്‍ക്ക് വുഡ് എറിഞ്ഞിട്ടു; രണ്ടാം സന്നാഹത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇംഗ്ലണ്ട്

By Web TeamFirst Published Oct 20, 2021, 7:44 PM IST
Highlights

തുടക്കത്തിലെ ടിം സീഫര്‍ട്ടിനെ(8)നഷ്ടമായെങ്കിലും മാര്‍ട്ടിന്‍ ഗപ്ടിലും(20 പന്തില്‍ 41), ഡെവോണ്‍ കോണ്‍വെയും(23 പന്തില്‍ 20) ചേര്‍ന്ന് ഏഴാം ഓവറില്‍ ന്യൂസിലന്‍ഡിനെ 66 റണ്‍സിലെത്തി. എന്നാല്‍ ഗപ്ടിലിനെ മടക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു.

ദുബായ്: ടി20 ലോകകപ്പിന്(T20 World Cup 2021)  മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ(New Zealand) 13 റണ്‍സിന് കീഴടക്കി ഇംഗ്ലണ്ട്(England) വിജയവഴിയില്‍ തിരിച്ചെത്തി. ആദ്യ സന്നാഹത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തോറ്റിരുന്നു. ന്യൂസിലന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ ആറാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന ശക്തമായ നിലയിലെത്തിയിട്ടും ന്യൂസിലന്‍ഡ് 19.2 ഓവറില്‍ 150 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 163-6, ന്യൂിസലന്‍ഡ് 19.3 ഓവറില്‍ 150ന് ഓള്‍ ഔട്ട്.

തുടക്കത്തിലെ ടിം സീഫര്‍ട്ടിനെ(8)നഷ്ടമായെങ്കിലും മാര്‍ട്ടിന്‍ ഗപ്ടിലും(20 പന്തില്‍ 41), ഡെവോണ്‍ കോണ്‍വെയും(23 പന്തില്‍ 20) ചേര്‍ന്ന് ഏഴാം ഓവറില്‍ ന്യൂസിലന്‍ഡിനെ 66 റണ്‍സിലെത്തി. എന്നാല്‍ ഗപ്ടിലിനെ മടക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ ഡെവോണ്‍ കോണ്‍വെ റണ്ണൗട്ടായി. കിവീസ് മധ്യനിരയില്‍ ഗ്ലെന്‍ ഫിലിപ്സ്(7), മാര്‍ക്ക് ചാപ്മാന്‍(1), ഡാരില്‍ മിച്ചല്‍(2), മിച്ചല്‍ സാന്‍റനര്‍(0), കെയ്ല്‍ ജമൈസണ്‍(3) എന്നിവരെ ആദില്‍ റഷീദും മാര്‍ക്ക് വുഡും ചേര്‍ന്ന് എറിഞ്ഞിട്ടു.

പത്താമനായി ക്രീസിലെത്തിയ ഇഷ് സോധി(16 പന്തില്‍ 25*), ടോഡ് ആസില്‍(13 പന്തില്‍ 16), ടിം സൗത്തി(10) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് കിവീസിന് 150ല്‍ എത്തിച്ചത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാലോവറില്‍ 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് മൂന്നോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ജോസ് ബട്‌ലറുടെ(51 പന്തില്‍ 73) അര്‍ധസെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. ജേസണ്‍ റോയ്(0) ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഡേവിഡ് മലന്‍(11), ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍(10), ലിവിംഗ്‌സ്റ്റണ്‍(0) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ജോണി ബെയര്‍സ്റ്റോ(21 പന്തില്‍ 30), സാം ബില്ലിംഗ്സ്(17 പന്തില്‍ 27) എന്നിവരുടെ മികവിലാണ് 163 റണ്‍സിലെത്തിയത്. കിവീസിനായി ഇഷ് സോധി നാലോവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

click me!