ടി20 ലോകകപ്പ്: പെര്‍ഫെക്ട് ഓ.കെ; ഓസീസിനെയും തകര്‍ത്ത് ഇന്ത്യയുടെ വിജയസന്നാഹം

By Web TeamFirst Published Oct 20, 2021, 7:23 PM IST
Highlights

തുടക്കത്തില്‍ രോഹിത്തും രാഹുലും കരുതലോടെയാണ് നീങ്ങിയത്. പവര്‍ പ്ലേയില്‍ സാഹസത്തിനൊന്നും മുതിരാതിരുന്ന ഇരുവരും വിക്കറ്റ് കളയാതെ 42 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍ പവര്‍ പ്ലേ പിന്നിട്ടതിന് പിന്നാലെ തൊട്ടടുത്ത ഓവറില്‍ ആദം സാംപയുടെ ഓവറില്‍ രണ്ട് സിക്സ് അടക്കം 16 റണ്‍സടിച്ച് രാഹുല്‍ ടോപ് ഗിയറിലായി.

ദുബായ്: ടി20 ലോകകപ്പിന്(T20 World Cup 2021)  മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക്(India) തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയയെ(Australia) ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് തുടര്‍ച്ചയായ രണ്ടാം സന്നാഹമത്സരവും ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 പന്ത് ബാക്കി നിര്‍ത്തി മറികടന്നു.41 പന്തില്‍ 60 റണ്‍സടിച്ച രോഹിത് ശര്‍മയാണ്(Rohit Sharma) ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 152-5, ഇന്ത്യ 17.5 ഓവറില്‍ 153-1.

തുടക്കത്തില്‍ രോഹിത്തും രാഹുലും കരുതലോടെയാണ് നീങ്ങിയത്. പവര്‍ പ്ലേയില്‍ സാഹസത്തിനൊന്നും മുതിരാതിരുന്ന ഇരുവരും വിക്കറ്റ് കളയാതെ 42 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍ പവര്‍ പ്ലേ പിന്നിട്ടതിന് പിന്നാലെ തൊട്ടടുത്ത ഓവറില്‍ ആദം സാംപയുടെ ഓവറില്‍ രണ്ട് സിക്സ് അടക്കം 16 റണ്‍സടിച്ച് രാഹുല്‍ ടോപ് ഗിയറിലായി.എന്നാല്‍ പിന്നീട് അതേവേഗം നിലനിര്‍ത്താന്‍ ഇന്ത്യക്കായില്ല. തുടര്‍ന്നുള്ള രണ്ടോവറില്‍ ഇന്ത്യക്ക് ഒമ്പത് റണ്‍സെ നേടാനായുള്ളു. പത്താം ഓവറില്‍ ഇന്ത്യക്ക് രാഹുലിനെ നഷ്ടമാവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 68 റണ്‍സിലെത്തിയിരുന്നു.

ഫോമിലായി ഹിറ്റ്മാന്‍

രാഹുല്‍ പുറത്തായതിന് ശേഷം സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. ഇതിന് പിന്നാലെ രോഹിത് മിച്ചല്‍ മാര്‍ഷിനെ സിക്സിന് പറത്തി സ്കോറിംഗ് വേഗം കൂട്ടി. മാക്സ്‌വെല്ലിനെയും സ്റ്റോയ്നിസിനെയും ബൗണ്ടറിയടിച്ച് രോഹിത് 36 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. കമിന്‍സിനെതിരെ രോഹിത്തും സൂര്യകുമാറും സിക്സടിച്ച് ഇന്ത്യയെ അതിവേഗം ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു.

60 റണ്‍സടിച്ച രോഹിത് റിട്ടയേര്‍ഡ് ഔട്ടായശേഷം ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും അതിവേഗം റണ്‍സടിച്ചതോടെ ഇന്ത്യ 13 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. 27 പന്തില്‍ 38 റണ്‍സുമായി സൂര്യകുമാര്‍ യാദവും എട്ട് പന്തില്‍ 14 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന് മുമ്പ് ആത്മവിശ്വാസം ഉയര്‍ത്തുന്നതായി ഇന്ത്യയുടെ ജയം.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തുടക്കത്തില്‍ തകര്‍ന്നെങ്കിലും സ്റ്റീവ് സ്മിത്തിന്‍റെയും ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെയും മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152  റണ്‍സെടുത്തു. 48 പന്തില്‍ 57 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ്(Steve Smith) ഓസീസിന്‍റെ ടോപ് സ്കോറര്‍. മാക്സ്‌വെല്‍(28 പന്തില്‍ 37), സ്റ്റോയ്നിസ്(25 പന്തില്‍ 41) എന്നിവരും ഓസീസിനായി തിളങ്ങി. മറ്റാരും ഓസീസ് നിരയില്‍ രണ്ടക്കം കടന്നില്ല. ഇന്ത്യക്കായി അശ്വിന്‍(Ashwin) രണ്ട് വിക്കറ്റെടുത്തു.

click me!