ടി20 ലോകകപ്പ്: ഹാര്‍ദ്ദിക് പാണ്ഡ്യ എപ്പോള്‍ പന്തെറിയുമെന്ന ചോദ്യത്തിന് ഉത്തരവുമായി രോഹിത് ശര്‍മ

By Asianet MalayalamFirst Published Oct 20, 2021, 6:16 PM IST
Highlights

കോലിയും താനും സൂര്യകുമാറുമെല്ലാം പന്തെറിഞ്ഞ് നോക്കുമെന്നും ആറാം ബൗളര്‍ ഇല്ലാത്തതില്‍ വലിയ ആശങ്കയില്ലെന്നും രോഹിത്

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ(Hardik Pandya) പന്തെറിയുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma). അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പന്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രോഹിത് ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിന് മുന്നോടിയായി പറ‌ഞ്ഞു.

100 ശതമാനമോ അതിലേറെയെ ശാരീരികക്ഷമതയുണ്ടെങ്കില്‍ മാത്രമെ പന്തെറിയാനാവു. ഹാര്‍ദ്ദിക്കിന് ഇപ്പോള്‍ അതില്ല. അതുകൊണ്ടുതന്നെ അദ്ദേഹം നെറ്റ്സില്‍ പോലും പന്തെറിയുന്നില്ല. എങ്കിലും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പന്തെറിഞ്ഞു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാര്‍ദ്ദിക്കിന്‍റെ അഭാവത്തില്‍ ആറാം ബൗളര്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ എല്ലാ സാധ്യതകളും പരീക്ഷിക്കുമെന്നും രോഹിത് പറ‍ഞ്ഞു.

Also Read:അയാള്‍ക്ക് ഇന്ത്യയുടെ ഇയാന്‍ ബോതം ആകാന്‍ കഴിയും, ഇന്ത്യന്‍ ഓള്‍റൗണ്ടറെ പ്രകീര്‍ത്തിച്ച് മൈക്കല്‍ വോണ്‍

കോലിയും താനും സൂര്യകുമാറുമെല്ലാം പന്തെറിഞ്ഞ് നോക്കുമെന്നും ആറാം ബൗളര്‍ ഇല്ലാത്തതില്‍ വലിയ ആശങ്കയില്ലെന്നും രോഹിത് പറഞ്ഞു. ആറാം ബൗളര്‍ ഉണ്ടെങ്കില്‍ ടീമിന്‍റെ സന്തുലനം ഉറപ്പുവരുത്താനാകും. ഏതെങ്കിലും ഒരു ബൗളര്‍ക്ക് മോശം ദിവസമുണ്ടായാല്‍ ആ കുറവ് പരിഹരിക്കാന്‍ ആറാം ബൗളര്‍ക്കാനും. അതുപോലെ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്‍റില്‍ കൂടുതല്‍ ബൗളിംഗ് സാധ്യതകളും ആറാം ബൗളര്‍ നല്‍കുന്നുണ്ടെന്നും രോഹിത് ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

Also Read:ടി20 ലോകകപ്പ്: 'അവനാണ് അപകടകാരി'; ഇന്ത്യന്‍ താരത്തെ കുറിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍

ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ടോവര്‍ പന്തെറിഞ്ഞിരുന്നു. വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും 12 റണ്‍സ് മാത്രമെ കോലി വിട്ടുകൊടുത്തിരുന്നുള്ളു. ഹാ‍ർദിക് പന്തെറിയാത്തത് ലോകകപ്പിൽ ഇന്ത്യൻ മുന്നേറ്റത്തെ ബാധിക്കില്ലെന്ന് മുന്‍ നായകന്‍ കപില്‍ ദേവ് ഇന്നലെ പറഞ്ഞിരുന്നു. ഐപിഎല്ലിന് മുന്നോടിയായി നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഏതാനും ഓവറുകള്‍ എറിഞ്ഞെങ്കിലും ഓൾറൗണ്ടറായ പണ്ഡ്യ ഐപിഎല്ലിൽ ഒറ്റപ്പന്തുപോലും മുംബൈ ഇന്ത്യൻസിനായി എറിഞ്ഞിരുന്നില്ല. ഇതോടെയാണ് ഓൾറൗണ്ടറെച്ചൊല്ലി പലതരത്തിലുള്ള ചർച്ചകൾ തുടങ്ങിയത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹമത്സരത്തിലും പന്തെറിയാതിരുന്നതോടെ ഹാർദിക്കിനെ ടീമിൽ ഉൾപ്പെടുത്തരുതെന്ന വാദവും ശക്തമാണ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ ഹാര്‍ദ്ദിക് കളിക്കുന്നില്ല.

click me!