T20 World Cup‌‌| സെമി പോരില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 167 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Nov 10, 2021, 9:23 PM IST
Highlights

സെമി പോരിന്‍റെ സമ്മര്‍ദ്ദത്തില്‍ തുടക്കത്തില്‍ തകര്‍ത്തടിക്കാതെ കരുതലോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ജേസണ്‍ റോയിക്ക് പകരം ഓപ്പണറായി എത്തിയ ജോണി ബെയര്‍സ്റ്റോയും ജോസ് ബട്‌ലറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 5.1 ഓവറില്‍ 37 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup) ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ(England) ന്യൂസിലന്‍ഡിന്(New Zealand) 167 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍ അലിയുടെ(Moeen Ali) അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. 51 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. കിവീസിനായി ഇഷ് സോധിയും ജിമ്മി നീഷാമും ടിം സൗത്തിയും ഓരോ വിക്കറ്റെടുത്തു.

കരുതലോടെ തുടങ്ങി കരുത്താര്‍ജിച്ച് ഇംഗ്ലണ്ട്

സെമി പോരിന്‍റെ സമ്മര്‍ദ്ദത്തില്‍ തുടക്കത്തില്‍ തകര്‍ത്തടിക്കാതെ കരുതലോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ജേസണ്‍ റോയിക്ക് പകരം ഓപ്പണറായി എത്തിയ ജോണി ബെയര്‍സ്റ്റോയും ജോസ് ബട്‌ലറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 5.1 ഓവറില്‍ 37 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 17 പന്തില്‍ 13 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ മടക്കി ആദം മില്‍നെ ആണ് കിവീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. നിലയുറപ്പിച്ചെന്ന് കരുതിയ ജോസ് ബട്‌ലറെ(24 പന്തില്‍ 29) വിക്കറ്റിന് മുന്നില്‍ കുടുക്കി ഇഷ് സോധി ഇംഗ്ലണ്ടിന്‍റെ റണ്‍കുതിപ്പിന് ബ്രേക്കിട്ടു.

കരകയറ്റി മലനും അലിയും

ഒമ്പതാം ഓവറില്‍ 53-2ലേക്ക് ചുരുങ്ങിയ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റില്‍ ഡേവിഡ് മലനും മൊയീന്‍ അലിയും ചേര്‍ന്ന് കരകയറ്റി. തുടക്കത്തില്‍ മലനെ പിന്തുണച്ച് കളിച്ച അലി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു.  മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇംഗ്ലണ്ടിനെ 100 കടത്തി. പതിനാലാം ഓവറിലാണ് ഇംഗ്ലണ്ട് 100 കടന്നത്.  അവസാന ഓവറുകളില്‍ സ്കോറിംഗ് നിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍  30 പന്തില്‍ 41 റണ്‍സെടുത്ത മലനെ സൗത്തി വീഴ്ത്തി. സൗത്തിക്കെതിരെ സിക്സടിച്ച് തൊട്ടടുത്ത പന്തിലാണ് മലന്‍ പുറത്തായത്. ലിയാം ലിവിംഗ്സറ്റണും മൊയീന്‍ അലിയും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ അവസാന ആറോവറില്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 66 റണ്‍സെത്തി.

37 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും പറത്തിയ അലി പുറത്താവാതെ നിന്നപ്പോള്‍ രണ്ട് പന്തില്‍ നാലു റണ്ണുമായി ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ക്രീസിലുണ്ടായിരുന്നു. കിവീസിനായി നാലോവറില്‍ 40 റണ്‍സ് വഴങ്ങിയ ട്രെന്‍റ് ബോള്‍ട്ട് നിറം മങ്ങിയപ്പോള്‍ ടിം സൗത്തി നാലോവറില്‍ 24 റണ്‍സിനും ഇഷ് സോധി നാലോവറില്‍ 32 റണ്‍സിനും ആദം മില്‍നെ നാലോവരില്‍ 31 റണ്‍സിനും ഓരോ വിക്കറ്റെടുത്തു. ഇടം കൈയന്‍ ബാറ്റര്‍മാര്‍ ക്രീസിലുണ്ടായിരുന്നതിനാല്‍ മിച്ചല്‍ സാന്‍റനറെക്കൊണ്ട് ഒരോവര്‍ മാത്രമാണ് വില്യംസണ്‍ പന്തെറിയിച്ചത്. ഗ്ലെന്‍ ഫിലിപ്സും ജിമ്മി നീഷാമുമാണ് സാന്‍റനറുടെ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തത്.

click me!