T20 World Cup| സ്‌കോട്‌ലന്‍ഡിനെതിരെ 81 പന്ത് ബാക്കിനില്‍ക്കേ ജയം; ഇരട്ട റെക്കോര്‍ഡ് രചിച്ച് കോലിപ്പട

By Web TeamFirst Published Nov 5, 2021, 10:27 PM IST
Highlights

81 പന്ത് ബാക്കിനില്‍ക്കേ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ഇരട്ട റെക്കോര്‍ഡാണ് ബുക്കില്‍ എഴുതപ്പെട്ടത്

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ(IND vs SCO) എറിഞ്ഞിട്ടും അടിച്ചോടിച്ചും ടീം ഇന്ത്യ സ്വന്തമാക്കിയത് ഇരട്ട റെക്കോര്‍ഡ്. 86 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വിരാട് കോലിയും(Virat Kohli) സംഘവും 81 പന്ത് ബാക്കിനില്‍ക്കേ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. അവശേഷിക്കുന്ന പന്തുകളുടെ എണ്ണത്തില്‍ ടി20യില്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇന്ന് പിറന്നത്. ഇതോടൊപ്പം പന്തുകളുടെ എണ്ണത്തില്‍ ടി20 ലോകകപ്പ് ചരിത്രത്തിലെ മൂന്നാമത്തെ മികച്ച വിജയവും കോലിപ്പടയുടെ പേരിലായി. 

മിര്‍പൂരില്‍ 2016ല്‍ യുഎഇക്കെതിരെ 59 പന്ത് അവശേഷിക്കേ വിജയിച്ചതായിരുന്നു ബാക്കിയുള്ള പന്തുകളുടെ എണ്ണത്തില്‍ ടി20യില്‍ മുമ്പ് ടീം ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഈ റെക്കോര്‍ഡ് ദുബായില്‍ സ്‌കോട്‌ലന്‍ഡിനെതിരെ 81 പന്തുകള്‍ ബാക്കിനില്‍ക്കേ കോലിപ്പട ഇന്ന് വിജയിച്ചതോടെ വഴിമാറി. ടി20 ലോകകപ്പ് ചരിത്രത്തിലാവട്ടെ 2014ല്‍ ചിറ്റഗോംഗില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ശ്രീലങ്ക 90 പന്തുകള്‍ അവശേഷിക്കേ ജയിച്ചതും ഈ ലോകകപ്പില്‍ ദുബായില്‍ ബംഗ്ലാദേശിനെതിരെ ഓസീസ് 82 പന്തുകള്‍ ശേഷിക്കേ ജയിച്ചതും മാത്രമേ ദുബായിലെ ഇന്ത്യന്‍ ജയത്തിന് മുന്നിലുള്ളൂ.  

ആശിച്ച വിജയം, ആശിച്ച റണ്‍റേറ്റ് 

മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 17.4 ഓവറില്‍ വെറും 85 റണ്‍സില്‍ ഓള്‍ഔട്ടായി. സ്‌പിന്നര്‍ രവീന്ദ്ര ജഡേജ നാല് ഓവറില്‍ 15 റണ്‍സിനും പേസര്‍ മുഹമ്മദ് ഷമി മൂന്ന് ഓവറില്‍ 15നും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ജസ്‌പ്രീത് ബുമ്ര രണ്ടും രവിചന്ദ്ര അശ്വിന്‍ ഒന്നും വിക്കറ്റ് നേടി. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജി മണ്‍സിയും 21 റണ്‍സെടുത്ത മൈക്കല്‍ ലേസ്‌കുമാണ് സ്‌കോട്‌ലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍മാര്‍. 

മറുപടി ബാറ്റിംഗില്‍ ടീം ഇന്ത്യ 86 റണ്‍സ് വിജയലക്ഷ്യം വെറും 6.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ സ്വന്തമാക്കി. ഫോം തുടര്‍ന്ന രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 4.6 ഓവറില്‍ 70 റണ്‍സ് ചേര്‍ത്തു. 16 പന്തില്‍ 30 റണ്‍സെടുത്ത രോഹിത്തിനെയും 19 പന്തില്‍ 50 റണ്‍സെടുത്ത കെ എല്‍ രാഹുലിനെയുമാണ് ഇന്ത്യക്ക് നഷ്‌ടമായത്. പവര്‍പ്ലേയിലെ അവസാന പന്തിലായിരുന്നു രാഹുലിന്‍റെ പുറത്താകല്‍. ഈസമയം 82 റണ്‍സിലെത്തിയിരുന്നു ഇന്ത്യന്‍ സ്‌കോര്‍. വീലിനും വാട്ടിനുമാണ് വിക്കറ്റ്. വിരാട് കോലിയും(2 പന്തില്‍ 2*), സൂര്യകുമാര്‍ യാദവും(2 പന്തില്‍ 6*) ചേര്‍ന്ന് പിന്നീട് അനായാസ ജയം ടീമിന് സമ്മാനിച്ചു.

86 റണ്‍സ് ലക്ഷ്യം 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത ഇന്ത്യ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയതിനൊപ്പം അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ സെമിയിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ(+1.481) മറികടന്ന് ഇന്ത്യ(+1.619) പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

T20 World Cup| രാഹുല്‍-രോഹിത് വെടിക്കെട്ടില്‍ സ്കോട്‌ലന്‍ഡിനെതിരെ ആശിച്ച ജയവുമായി ഇന്ത്യ

click me!