T20 World Cup| രാഹുല്‍-രോഹിത് വെടിക്കെട്ടില്‍ സ്കോട്‌ലന്‍ഡിനെതിരെ ആശിച്ച ജയവുമായി ഇന്ത്യ

By Web TeamFirst Published Nov 5, 2021, 10:05 PM IST
Highlights

19 പന്തില്‍ 50 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റയും 16 പന്തില്‍ 30 റണ്‍സടിച്ച രോഹിത് ശര്‍മയുടെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തിലാണ് ഇന്ത്യ അനായാസ ജയം അടിച്ചെടുത്തത്.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സ്‌കോട്‌ലന്‍ഡിനെതിരെ(IND vs SCO) വമ്പന്‍ ജയവുമായി സെമിയിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത്  സ്കോട്‌ലന്‍ഡ്(Scotland) ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം വെറും 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത ഇന്ത്യ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയതിനൊപ്പം അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ സെമിയിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ(+1.481) മറികടന്ന് ഇന്ത്യ(+1.619) പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.      

19 പന്തില്‍ 50 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റയും(KL Rahul) 16 പന്തില്‍ 30 റണ്‍സടിച്ച രോഹിത് ശര്‍മയുടെയും(Rohit Sharma) വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തിലാണ് ഇന്ത്യ അനായാസ ജയം അടിച്ചെടുത്തത്. സ്കോര്‍ സ്കോട്‌ലന്‍ഡ് 17.4 ഓവറില്‍ 85ന് ഓള്‍ ഔട്ട്, ഇന്ത്യ 6.3 ഓവറില്‍ 89-2.

പവര്‍പ്ലേയില്‍ തന്നെ തീരുമാനമാക്കി

86 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അധികം ദീര്‍ഘിപ്പിച്ചില്ല. പവര്‍ പ്ലേയില്‍ തന്നെ വിജയത്തിന്‍റെ കാര്യത്തില്‍ തീരുമാനത്തിലെത്തി. മാര്‍ക്ക് വാട്ടിന്‍റെ ആദ്യ ഓവറില്‍ എട്ട് റണ്‍സടിച്ച ഇന്ത്യ ബ്രാഡ്‌ലി വീലിന്‍റെ രണ്ടാം ഓവറില്‍ 15 റണ്‍സടിച്ച് ടോപ് ഗിയറിലായി. അലാസ്‌ഡയര്‍ ഇവാന്‍സിന്‍റെ മൂന്നാം ഓവറില്‍ 16 റണ്‍സടിച്ച് വിജയത്തിലേക്കുള്ള വേഗം കൂട്ടിയ രാഹുലും രോഹിത്തും സഫിയാന്‍ ഷെരീഫെറിഞ്ഞ നാലാം ഓവറില്‍ 14 റണ്‍സടിച്ച് 50 കടന്നു. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ വേഗമേറിയ അര്‍ധസെഞ്ചുറിയാണിത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ബ്രാഡ്‌ലി വീല്‍ എറിഞ്ഞ അഞ്ചാം ഓവറില്‍  17 റണ്‍സടിച്ച് വിജയത്തിന് തൊട്ടടുത്തെത്തിയ ഇന്ത്യക്ക് പക്ഷെ അവസാന പന്തില്‍ രോഹിത്തിനെ നഷ്ടമായി. വീലിന്‍റെ യോര്‍ക്കറില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും പറത്തിയ രോഹിത് 30 റണ്‍സെടുത്തു. മാര്‍ക്ക് വാട്ട് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ ഫോറും സിക്സും അടിച്ച രാഹുല്‍ 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ടി20 ലോകകപ്പിലെ വേഗമേറിയ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണ് രാഹുല്‍ ഇന്ന് നേടിയത്.

തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായെങ്കിലും വിരാട് കോലിയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മൂന്ന് പന്തുകള്‍ക്കുള്ളില്‍ വിജയം പൂര്‍ത്തിയാക്കി. രണ്ട് റണ്ണുമായി കോലിയും ആറ് റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു. ആദ്യ ആറോവറില്‍ 82 റണ്‍സടിച്ച് ഇന്ത്യ ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്കോറും ഇന്ന് സ്വന്തമാക്കി. ടി20 ലോകകപ്പിലെ ഏറ്റവും വലിയ അഞ്ചാമത്തെ പവര്‍ പ്ലേ സ്കോറാണ് ഇന്ത്യ ഇന്ന് നേടിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ടോസിലെ ഭാഗ്യത്തിന് പിന്നാലെ വിക്കറ്റ് ഭാഗ്യം

നേരത്തെ പിറന്നാള്‍ ദിനത്തില്‍ ടോസിലെ ഭാഗ്യം ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli)യെ തുണച്ചതിന് പിന്നാലെ ഇന്ത്യക്ക് ആശിച്ച തുടക്കവും ലഭിച്ചു. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയും അശ്വിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി അടിച്ചും ഓപ്പണര്‍ ജോര്‍ജ് മുന്‍സേ ഒന്ന് വിറപ്പിച്ചെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റസറെ(1) ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങി.

പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി മുന്‍സേയെ മനോഹരമായൊരു സ്ലോ ബോളില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് സ്കോട്‌ലന്‍ഡിന്‍റെ ആവേശം തണുപ്പിച്ചു. 19 പന്തില്ഡ നാലു ഫോറും ഒരു സിക്സും പറത്തിയ മുന്‍സേ 24 റണ്‍സടിച്ചു. മുന്‍സേ മടങ്ങിയതിന് പിന്നാലെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യ രവീന്ദ്ര ജഡേജയുടെ ഇരട്ടപ്രഹരത്തിലൂടെ സ്കോട്‌ലന്‍ഡിനെ പ്രതിസന്ധിയിലാക്കി. വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ റിച്ചി ബെറിംഗ്ടണെ(0) ജഡേജ ബൗള്‍ഡാക്കി.

കാളം മക്‌ലോയ്ഡും മൈക്കേല്‍ ലീസ്കും ചേര്‍ന്ന് സ്കോട്‌ലന്‍ഡിനെ 50 കടത്തിയെങ്കിലും ജഡേജക്ക് മുമ്പില്‍ ലീസ്കും(12 പന്തില്‍ 21) മുട്ടുമടക്കിയതോടെ സ്കോട്‌ലന്‍ഡിന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. പതിനേഴാം ഓവറില്‍ മുഹമ്മദ് ഷമി മക്‌ലോയ്ഡിനെ(16) മടക്കി. അടുത്ത പന്തില്‍ സഫിയാന്‍ ഷെരീഫ് റണ്ണൗട്ടായി. മൂന്നാം പന്തില്‍ അലാസ്ഡയര്‍ ഇവാന്‍സിനെ മനോഹരമായൊരു യോര്‍ക്കറില്‍ മടക്കി ഷമി 81-6ല്‍ നിന്ന് സ്കോട്‌ലന്‍ഡിനെ 81-9ലേക്ക് തള്ളിയിട്ടു. മാര്‍ക്ക് വാട്ടിനെ(14) മറ്റൊരു യോര്‍ക്കറില്‍ ബുമ്ര മടക്കിയതോടെ സ്കോട്‌ലന്‍ഡിന്‍റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി മൂന്നോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര 3.4 ഓവറില്‍ 10 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ 29 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.

click me!