ടി20 ലോകകപ്പ്: ഇഷാന്‍ കിഷനെ ഓപ്പണറാക്കിയത് രോഹിത് കൂടി ചേര്‍ന്നെടുത്ത തീരുമാനമെന്ന് വിക്രം റാത്തോര്‍

By Web TeamFirst Published Nov 2, 2021, 8:00 PM IST
Highlights

രോഹിത് കൂടി ഉള്‍പ്പെട്ട ടീം മാനേജ്മെന്‍റ് ആണ് ഇഷാന്‍ കിഷനെ ഓപ്പണറാക്കാനുള്ള തീരുമാനമെടുത്തത്. അത്തരമൊരു സാഹചര്യം ഉണ്ടാവാന്‍ കാരണം സൂര്യകുമാര്‍ യാദവിന്‍റെ പരിക്കാണ്. പുറംവേദനയുള്ളതിനാല്‍ സൂര്യകുമാറിന് കളിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലൻഡിനെതിരായ(New Zealand) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ രോഹിത് ശർമ്മയെ(Rohit Sharma) ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാമനായി ഇറക്കാനുള്ള തീരുമാനും ടീം കൂട്ടായി എടുത്തതാണെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ. എടുത്ത തീരുമാനങ്ങൾ കളിക്കളത്തിൽ ഫലപ്രദമായി നടപ്പാക്കാൻ കഴിയാതിരുന്നതാണ് ആദ്യ രണ്ട് കളിയിൽ ഇന്ത്യക്ക് തിരിച്ചടിയായതെന്നും റാത്തോർ വാ‍ർത്താ സമ്മേളനത്തിൽ പറഞ്ഞു.

രോഹിത് കൂടി ഉള്‍പ്പെട്ട ടീം മാനേജ്മെന്‍റ് ആണ് ഇഷാന്‍ കിഷനെ(Ishan Kishan) ഓപ്പണറാക്കാനുള്ള തീരുമാനമെടുത്തത്. അത്തരമൊരു സാഹചര്യം ഉണ്ടാവാന്‍ കാരണം സൂര്യകുമാര്‍ യാദവിന്‍റെ പരിക്കാണ്. പുറംവേദനയുള്ളതിനാല്‍ സൂര്യകുമാറിന് കളിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ പകരം ഇഷാന്‍ കിഷനാണ് ടീമിലെത്തുക. ഓപ്പണറെന്ന നിലയില്‍ തിളങ്ങിയിട്ടുള്ള കിഷനെ ആ സ്ഥാനത്ത് പരീക്ഷിക്കാന്‍ ടീം മാനേജ്മെന്‍റ് ഒന്നങ്കമാണ് തീരുമാനിച്ചത്. ആരുടെയും വ്യക്തിപരമായ തീരുമാനമായിരുന്നില്ല അത്. രോഹിത്തും ടീം മാനേജ്മെന്‍റിന്‍റെ ഭാഗമാണ്. അദ്ദേഹത്തോടുകൂടി ചര്‍ച്ച ചെയ്താണ് ഈ തീരുമാനത്തിലെത്തിയത്.

അതുപോലെ തന്ത്രപരമായും അത് മികച്ച തീരുമാനമായിരുന്നു. കാരണംകിഷനും റിഷഭ് പന്തും രവീന്ദ്ര ജഡേജയും എല്ലാം ഇടംകൈയന്‍മാരാണ്. അപ്പോള്‍ മധ്യനിരയില്‍ ഇടംകൈയന്‍മാരുടെ ധാരാളിത്തമുണ്ടാകും. അതൊഴിവാക്കാനും ഓപ്പണിംഗില്‍ ഇടംകൈ വലംകൈ സഖ്യം ഉറപ്പുവരുത്താനുമാണ് കിഷനെ ഓപ്പണറാക്കിയത്. ഇന്ത്യന്‍ ബാറ്റിംഗിന് ആഴമില്ലെന്ന് ആരോപണവും റാത്തോര്‍ നിഷേധിച്ചു. ലോകകപ്പ് ടീമിനെ അയക്കുമ്പോള്‍ 15 പേരെ മാത്രമെ ടീമിലെടുക്കാനാവു.

ബാറ്റിംഗില്‍ വിരാട് കോലിയും സൂര്യകുമാര്‍ യാദവും രവീന്ദ്ര ജഡേജയുമെല്ലാം ഉണ്ട്. പക്ഷെ തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനാവാഞ്ഞതാണ് ഇന്ത്യക്ക് ആദ്യ രണ്ട് മത്സരങ്ങളിലും തിരിച്ചടിയായത്. ഇനിയുള്ള മത്സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനാവുമോ ശ്രമമെന്ന ചോദ്യത്തിന് നെറ്റ് റണ്‍റേറ്റിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു റാത്തോറിന്‍റെ മറുപടി. ആദ്യം ഇനിയുള്ള മത്സരങ്ങള്‍ ജയിക്കാനാണ് ശ്രമിക്കുന്നത്. അതിനുശേഷമെ നെറ്റ് റണ്‍റേറ്റിനെക്കുറിച്ച് ചിന്തിക്കാനാവു.

വരും മത്സരങ്ങളില്‍ രാഹുല്‍ ചാഹറും ആര്‍ അശ്വിനും കളിക്കുമോ എന്ന ചോദ്യത്തിന് ആരുടെ സാധ്യതയും തള്ളിക്കളയാനാവില്ലെന്നായിരുന്നു റാത്തോറിന്‍റെ മറുപടി. ലോകകപ്പ് സൂപ്പര്‍ 12 ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ മങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് പത്തു വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് എട്ടു വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി.

click me!