2026 ടി20 ലോകകപ്പ് ടീമില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനം അഹമ്മദാബാദ് ടി20ക്ക് മുമ്പേ എടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. 

മുംബൈ: 2026 ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കാന്‍ അഹമ്മദാബാദ് ടി20 മത്സരത്തിന് മുമ്പ് എടുത്തിരുന്നതായി റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് ഗില്‍ അവസാന ടി20 കളിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. പകരം സഞ്ജു കളിക്കുകയും, മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇതോടെ ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഓപ്പണറായി തിരികെ കൊണ്ടുവരികയായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ അല്ലെന്നും അതിന് മുമ്പ് തന്നെ തീരുമാനം എടുത്തിരുന്നു എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബിസിസിഐ വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകളിങ്ങനെ... ''ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക് അത്ര ഗുരുതരമായിരുന്നില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ അഹമ്മദാബാദ് ടി20യില്‍ കളിക്കാമായിരുന്നു. തുടക്കത്തില്‍ കാലിലെ എല്ലുകള്‍ക്ക് ഒടിവുകള്‍ ഉണ്ടാകുമെന്നായിരുന്നു ഭയം. എന്നാല്‍ ചതവ് മാത്രമാണ് ഗില്ലിന് ഉണ്ടായിരുന്നത്. വേദനസംഹാരികള്‍ നല്‍കി അഹമ്മദാബാദ് ഗെയിം കളിക്കാമായിരുന്നു. അദ്ദേഹം കളിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ ടീം മാനേജ്‌മെന്റ് കളിപ്പിക്കേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.'' വാര്‍ത്തകളില്‍ പറയുന്നു.

മൂന്ന് ഫോര്‍മാറ്റിലേക്കും ഒരു ക്യാപ്റ്റന്‍ എന്നുള്ള രീതിയില്‍ ഇന്ത്യ വളര്‍ത്തികൊണ്ടുവരുന്ന താരമായിരുന്നു ഗില്‍. പക്ഷേ അദ്ദേഹത്തിന് ടി20 വഴങ്ങുന്നുണ്ടായിരുന്നില്ല. ഇതോടെയാണ് സഞ്ജുവിന് വീണ്ടും ഓപ്പണിംഗ് സ്ഥാനം നല്‍കാന്‍ തീരുമാനിച്ചത്. സഞ്ജുവിന്റെ ബാക്ക് അപ്പായി ഇഷാന്‍ കിഷനും ടീമിലെത്തി. സെപ്റ്റംബറില്‍ ഏഷ്യാ കപ്പിനുള്ള ടി20 ടീമിലേക്കാണ് ഗില്‍ തിരിച്ചുവരുന്നത്. ശേഷം, കളിച്ച 15 മത്സരങ്ങളില്‍ നിന്ന് 24.25 ശരാശരിയിലും 137.26 സ്‌ട്രൈക്ക് റേറ്റിലും 291 റണ്‍സ് മാത്രമേ ഗില്‍ നേടിയിട്ടുള്ളൂ.

അദ്ദേഹത്തിന്റെ പേരില്‍ അര്‍ദ്ധസെഞ്ച്വറികളോ സെഞ്ച്വറികളോ ഇല്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അടുത്തിടെ സമാപിച്ച ടി20 പരമ്പരയില്‍, അദ്ദേഹം കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് 32 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ, അത് ഒഴിവാക്കലിലേക്ക് നയിച്ചു.

YouTube video player