T20 World Cup: രോഹിത് ശര്‍മ്മയെ താഴേക്കിറക്കിയതിന് പിന്നില്‍ എം എസ് ധോണി- റിപ്പോര്‍ട്ട്

By Web TeamFirst Published Nov 3, 2021, 3:59 PM IST
Highlights

ഓപ്പണര്‍മാര്‍ രണ്ടുപേരും പാളിയപ്പോള്‍ ഇന്ത്യ വലിയ സമ്മര്‍ദത്തിലായി. രോഹിത്തിനെ താഴേക്കിറക്കിയ തീരുമാനത്തിന് പിന്നില്‍ ഉപദേഷ്‌ടാവ് എം എസ് ധോണിയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യ(IND vs NZ) എട്ട് വിക്കറ്റിന്‍റെ ദയനീയ തോല്‍വി വഴങ്ങിയപ്പോള്‍ ബാറ്റിംഗ് ക്രമത്തില്‍ വരുത്തിയ വമ്പന്‍ മാറ്റത്തിന് ഏറെ പഴി കേട്ടിരുന്നു. ഓപ്പണറായി ടി20യില്‍ നാല് സെഞ്ചുറിയുള്ള രോഹിത് ശര്‍മ്മയെ(Rohit Sharma) മൂന്നാം സ്ഥാനത്തേക്ക് മാറ്റി കെ എല്‍ രാഹുലിനൊപ്പം(KL Rahul) ഇഷാന്‍ കിഷനെയാണ്(Ishan Kishan) ഇന്ത്യ ഓപ്പണറായി ഇറക്കിയത്. ഓപ്പണര്‍മാര്‍ രണ്ടുപേരും പാളിയപ്പോള്‍ ഇന്ത്യ വലിയ സമ്മര്‍ദത്തിലായി. രോഹിത്തിനെ താഴേക്കിറക്കിയ തീരുമാനത്തിന് പിന്നില്‍ ഉപദേഷ്‌ടാവ് എം എസ് ധോണിയാണ്(MS Dhoni) എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

ചൂണ്ടുവിരല്‍ ധോണിയിലേക്ക്...

'ടീം മാനേജ്‌മെന്‍റിന്‍റെ കൂട്ടായ്മ തീരുമാനമായിരുന്നു ഇത്. എന്നാല്‍ ഈ ഐഡിയ ധോണിയുടേതായിരുന്നു. ക്യാപ്റ്റനും പരിശീലകനും ഉള്‍പ്പടെയുള്ള എല്ലാവരും ഇതിനെ പിന്തുണച്ചു' എന്നും ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്‍സൈഡ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു. 

ഇഷാനെ ഓപ്പണറാക്കിയതിനെ കുറിച്ച് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡും പ്രതികരിച്ചിട്ടുണ്ട്. 'പരിക്കുമൂലമാണ് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് കളിക്കാന്‍ കഴിയാതിരുന്നത്. ഓപ്പണറായി തിളങ്ങിയിട്ടുള്ള ഇഷാന്‍ കിഷനാണ് പകരക്കാരനായി വരുന്നത്. രോഹിത് ഉള്‍പ്പെട്ട ടീം മാനേജ്‌മെന്‍റ് സംഘമാണ് തന്ത്രപരമായി ഇഷാനെ ഓപ്പണറായി നിശ്ചയിച്ചത്. മധ്യനിരയില്‍ ഏറെ ഇടംകൈയന്‍മാര്‍ വേണ്ട എന്നത് ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു' എന്നുമാണ് റാത്തോഡിന്‍റെ വാക്കുകള്‍. 

ആകെ പാളിയ തന്ത്രങ്ങള്‍

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സേ നേടാനായുള്ളൂ. ഓപ്പണിംഗില്‍ കെ എല്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷനെ അയച്ചത് മുതല്‍ ഇന്ത്യന്‍ തന്ത്രങ്ങള്‍ പാളി. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സ്ഥിരം ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്കും താളം പിഴച്ചു. കെ എല്‍ രാഹുല്‍(18), ഇഷാന്‍ കിഷന്‍(4), രോഹിത് ശര്‍മ്മ(14), വിരാട് കോലി(9), റിഷഭ് പന്ത്(12), ഹര്‍ദിക് പാണ്ഡ്യ(23), രവീന്ദ്ര ജഡേജ(26*), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(0), മുഹമ്മദ് ഷമി(0*) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി കിവികള്‍ മറികടന്നു. ഡാരില്‍ മിച്ചല്‍ 49 റണ്‍സിലും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 20ലും പുറത്തായി. എന്നാല്‍ കെയ്‌ന്‍ വില്യംസണും(33*), ദേവോണ്‍ കോണ്‍വേയും(2*) കിവീസ് ജയം 14.3 ഓവറില്‍ ഭദ്രമാക്കി. 

ബാറ്റിംഗ് മാറ്റം; ചോദ്യം ചെയ്‌ത് മുന്‍താരങ്ങള്‍

ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങളും മോശം ഷോട്ട് സെലക്ഷനുമായി തോല്‍വി രുചിച്ചതില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ മുന്‍താരങ്ങളുടെ ഒരുനിര തന്നെ രംഗത്തെത്തിയിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ വരുത്തിയ മാറ്റം വിലപ്പോയില്ലെന്ന് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ തുറന്നടിച്ചിരുന്നു. ഒരു മത്സരത്തിനായി പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തിയത് ഇര്‍ഫാന്‍ പത്താനും ചോദ്യം ചെയ്തു. താരങ്ങളുടെ കാര്യത്തില്‍ സ്ഥിരത വേണമെന്നാണ് ഇര്‍ഫാന്‍ വാദിച്ചത്. 

ടി20 ലോകകപ്പ്: 'തന്ത്രങ്ങളില്‍ പിഴച്ച് ചോദിച്ചുവാങ്ങിയ തോല്‍വി'; ടീം ഇന്ത്യയെ ശകാരിച്ച് മുന്‍താരങ്ങള്‍

click me!