T20 World Cup‌‌| പക മിച്ചം വെക്കാതെ മിച്ചല്‍, ഗെയിം ചേഞ്ചറായി നീഷാം; ഇംഗ്ലണ്ടിനെ വീഴ്ത്തി കിവീസ് ഫൈനലില്‍

By Web TeamFirst Published Nov 10, 2021, 11:25 PM IST
Highlights

അവസാന നാലോവറില്‍ 57 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനായി ആദ്യം ജിമ്മി നീഷാമും അവസാനം ഡാരില്‍ മിച്ചലും നടത്തിയ വെടിക്കെട്ട് ഒരോവര്‍ ബാക്കി നില്‍ക്കെ കിവീസിനെ ജയത്തിലേക്ക് നയിച്ചു.

അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup) ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ(England) അഞ്ച് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ്(New Zealand) ഫൈനലില്‍. രണ്ട് വര്‍ഷം മുമ്പ് ഏകദിന ലോകകപ്പ് ഫൈനലില്‍ ബൗണ്ടറി കണക്കില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കിരീടം കൈവിട്ടതിനുള്ള മധുരപ്രതികാരം കൂടിയായി ന്യൂസിലന്‍ഡിന്‍റെ ജയം. 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 110-4 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട കിവീസിനെ ജിമ്മി നീഷാമും(James Neesham) ഓപ്പണര്‍ ഡാരില്‍ മിച്ചലും(Daryl Mitchell) പുറത്തെടുത്ത അവിശ്വസീനയ ഇന്നിംഗ്സുകളുടെ കരുത്തിലാണ് വിജയത്തിലേക്ക് ചിറകടിച്ചുയര്‍ന്നത്.

അവസാന നാലോവറില്‍ 57 റണ്‍സ് ജയിക്കാീന്‍ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനായി ആദ്യം ജിമ്മി നീഷാമും അവസാനം ഡാരില്‍ മിച്ചലും നടത്തിയ വെടിക്കെട്ട് ഒരോവര്‍ ബാക്കി നില്‍ക്കെ അവരെ ജയത്തിലേക്ക് നയിച്ചു. 47 പന്തില്‍ പുറത്താകാതെ 72 റണ്‍സടിച്ച മിച്ചലാണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ജിമ്മി നീഷാം 11 പന്തില്‍ 27 റണ്‍സടിച്ച് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 166-4, ന്യൂസിലന്‍ഡ് 19 ഓവറില്‍ 167-5.

അവസാനം അടിതെറ്റാതെ കിവീസ്

പതിനാറാം ഓവര്‍ പൂര്‍ത്തിയാപ്പോള്‍ 110-4 എന്ന സ്കോറില്‍ പതറുകയായിരുന്നു കിവീസ്. ഡാരില്‍ മിച്ചല്‍ ക്രീസിലുണ്ടായിരുന്നെങ്കിലും താളം കണ്ടെത്താന്‍ പാടുപെട്ടത് അവരെ വലച്ചു. എന്നാല്‍ ഗ്ലെന്‍ ഫിലിപ്സിന് പകരം ക്രീസിലെത്തിയ നീഷാം നേരിട്ട രണ്ടാം പന്ത് തന്നെ സിക്സിന് പറത്തി പ്രതികാരം തുടങ്ങി. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം  23 റണ്‍സ് വാരിയെടുത്ത കിവീസ് പ്രതീക്ഷ നിലനിര്‍ത്തി. അവസാന മൂന്നോവറില്‍ 34 റണ്‍സ് വേണ്ടിയിരുന്ന കീവീസ് ആദില്‍ റഷീദ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 14 റണ്‍സടിച്ചു. ആ ഓവറിലെ അവസാന പന്തില്‍ നീഷാം(11 പന്തില്‍ 27) പുറത്തായെങ്കിലും അവസാന രണ്ടോവറില്‍ ജയത്തിലേക്ക 20 റണ്‍സെന്ന കൈയെത്തി പിടിക്കാവുന്ന ലക്ഷ്യത്തിലേക്ക് കിവീസ് എത്തിയിരുന്നു.

അതുവരെ നങ്കൂരമിട്ടു നിന്ന ഡാരില്‍ മിച്ചല്‍ ക്രിസ് വോസ്ക് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം  20 റണ്‍സടിച്ച് കിവീസിന്‍റെ കടം വീട്ടി. നേരത്തെ ആദ്യ ഓവറില്‍ തന്നെ മാര്‍ട്ടിന്‍ ഗപ്ടിലും(4), മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും(5) ക്രിസ് വോക്സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ തുടക്കത്തില്‍ തപ്പിത്തടഞ്ഞ ന്യൂസിലന്‍ഡിനെ ഡെവോണ്‍ കോണ്‍വെയും(38 പന്തില്‍ 46), ഡാരില്‍ മിച്ചലും ചേര്‍ന്നാണ് കരകയറ്റഇയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സടിച്ചു.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സം ലിയാം ലിവിംഗ്‌സ്റ്റണും രണ്ടു വീതം വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് ഒരു വിക്കറ്റെടുത്തു.
നേരത്തെ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍ അലിയുടെ(Moeen Ali) അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. 51 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഡേവിഡ് മലന്‍(30 പന്തില്‍ 41), ജോസ് ബട്‌ലര്‍(24 പന്തില്‍ 29) ലിവിംഗ്‌സ്റ്റ്‍(10 പന്തില്‍ 17) എന്നിവരും ഇംഗ്ലണ്ട് സ്കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി.

കിവീസിനായി ഇഷ് സോധിയും ജിമ്മി നീഷാമും ടിം സൗത്തിയും ഓരോ വിക്കറ്റെടുത്തു. കിവീസിനായി നാലോവറില്‍ 40 റണ്‍സ് വഴങ്ങിയ ട്രെന്‍റ് ബോള്‍ട്ട് നിറം മങ്ങിയപ്പോള്‍ ടിം സൗത്തി നാലോവറില്‍ 24 റണ്‍സിനും ഇഷ് സോധി നാലോവറില്‍ 32 റണ്‍സിനും ആദം മില്‍നെ നാലോവരില്‍ 31 റണ്‍സിനും ഓരോ വിക്കറ്റെടുത്തു. ഇടം കൈയന്‍ ബാറ്റര്‍മാര്‍ ക്രീസിലുണ്ടായിരുന്നതിനാല്‍ മിച്ചല്‍ സാന്‍റനറെക്കൊണ്ട് ഒരോവര്‍ മാത്രമാണ് വില്യംസണ്‍ പന്തെറിയിച്ചത്. ഗ്ലെന്‍ ഫിലിപ്സും ജിമ്മി നീഷാമുമാണ് സാന്‍റനറുടെ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തത്.

click me!